ജീപ്പ് പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഈ കഴിഞ്ഞ ജൂലൈ 31നാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ ജീപ്പ് കോംപസ് പുറത്തിറങ്ങുന്നത്. രാജ്യത്തെ വാഹനവിപണിയെ തന്നെ സ്വാധീനിക്കുന്ന ഈ വാഹനത്തിന്‍റെ വരവ് വാഹനലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഈ കോംപസ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ യുവനടന്‍ ഉണ്ണി മുകുന്ദന്‍. അങ്ങനെ കൊച്ചിയിലെ പിനാക്കിൾ ജീപ്പിലെ ആദ്യ കോംപസ് ഉടമയായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
എസ്‍യുവികളെ അതിരറ്റു പ്രണയിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ്റോവറിന്റെ റഫ് ആന്റ് ടഫ് എസ്‌യുവി ഫ്രീലാൻഡര്‍ ഉണ്ണിയുടെ ഗാരേജിലുണ്ട്. ഇതിനു പുറമേയാണ് കോംപസും താരം സ്വന്തമാക്കിയത്. കോംപസിന്റെ ലോഞ്ചിട്യൂഡ് ഓപ്ഷണൽ എന്ന മോഡലാണ് ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയത്. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്‌ളർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി 2016 ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില.
2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കുരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്. ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. 14.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.
പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 10 ലക്ഷം രൂപക്ക് ജീപ്പ് റെനഗേഡും ഇന്ത്യയിലേക്ക് വരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
