ന്യൂഡല്‍ഹി: വാഹനാപകടങ്ങളിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് മാർഗ രേഖ പുറപ്പെടുവിച്ചു. ഭാവിയിലെ വരുമാന സാധ്യത കൂടി കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണ് മാർഗ രേഖ. സ്ഥിരവരുമാനമുള്ളയാളുടെ പ്രായം 40തിൽ താഴെയാണെങ്കിൽ യഥാർത്ഥ ശമ്പളത്തിന്റെ അൻപത് ശതമാനം അധികമായി ചേർത്തുവേണം വരുമാനം കണക്കാക്കാൻ.

40നും അൻപതിനും ഇടയിൽ പ്രായമുള്ളയാളുടെ ശബളത്തിന്റെ 30 ശതമാനവും 50 മുകളിലാണ് പ്രായമെങ്കിൽ 15 ശതമാനവും അധികം ചേർക്കണം. സ്വയം തൊഴിൽ ഉള്ളയാളാണ് അപേക്ഷകൻ എങ്കിൽ യഥാക്രമം 40, 25, 10ശതമാനം എന്ന നിലയിലാണ് വിവിധ പ്രായ പരിധിക്കനുസരിച്ച് അധിക വരുമാനം കണക്കാക്കേണ്ടത്. നഷ്ടപരിഹാരം കണക്കാക്കുന്നതിന് കൃത്യമായ വ്യവസ്ഥയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി.