യമഹയെന്ന പേരു കേട്ടാല്‍ ബൈക്കുകളാവും നമ്മുടെ മനസിലേക്ക് ഓടി വരിക. ആര്‍എക്സ് 100ഉം ക്രക്സും എഫ്സെഡും കൂടാതെ ഒട്ടനവധി സ്‍കൂട്ടറുകളൊമൊക്കെ ചേര്‍ന്ന കരുത്തുറ്റ ഇരുചക്രവാഹനങ്ങളുടെ ജാപ്പനീസ് മുഖം. എന്നാല്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ കണ്ടത് യമഹയുടെ മറ്റൊരു മുഖമാണ് . രണ്ട് പുതിയ സ്പോര്‍ട്സ് സങ്കല്പ കാറുകളാണ് ഈ മോട്ടോര്‍ഷോയില്‍ യമഹ അവതരിപ്പിച്ചത്.

യമഹ മോട്ടോര്‍ബൈക്കുകളുടെ രൂപങ്ങളില്‍ നിന്ന് കടമെടുത്തതാണ് പുതിയ കാറിന്റെ ഭാഗങ്ങള്‍. കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാരംകുറഞ്ഞ രീതിയിലാണ് നിര്‍മാണം. അതിനാല്‍ 900 കിലോഗ്രാമോളം ഭാരം കുറഞ്ഞു. 2013 ടോക്കിയോ ഷോയില്‍നിന്ന് ആരംഭിച്ചതാണ് യമഹയുടെ സ്‌പോര്‍ട്‌സ് റൈഡ് കണ്‍സെപ്റ്റുകള്‍.

ടോക്കിയോയില്‍ യമഹ പുറത്തിറക്കിയ മറ്റൊരു കാറാണ് ക്രോസ് ഹബ് കണ്‍സെപ്റ്റ്. 2013-ലും 2015-ലും യമഹ സ്‌പോര്‍ട്‌സ് കാറുകളുടെ സങ്കല്പ രൂപങ്ങള്‍ പുറത്തിറക്കിയിരുന്നു. സ്‌പോര്‍ട്‌സ് റൈഡ് കണ്‍സെപ്റ്റ് എന്ന പേരിലായിരുന്നു ഇവ പുറത്തിറക്കിയത്. എന്നാല്‍, ടോക്കിയോയില്‍ പുറത്തിറക്കിയ ക്രോസ് ഹബ് കണ്‍സെപ്റ്റിന് ഒരു സ്‌പോര്‍ട്‌സ് കാറിന്റെ രൂപമില്ല. തികച്ചും ക്രോസ് ഓവര്‍ രൂപമാണിതിന്.

ലോകപ്രശസ്ത സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ മക്‌ലാരന്റെ ഫോര്‍മുല വണ്‍ കാറിന്റെ ഡിസൈനര്‍ ഗോര്‍ഡന്‍ മുറെയാണ് യമഹയുടെ സ്‌പോര്‍ട്‌സ് കാറുകളുടെ ഡിസൈനിങ്ങിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, പുതിയ വാഹനത്തിന്റെ ഡിസൈനിങ്ങിന് പിന്നില്‍ അദ്ദേഹമായിരുന്നില്ല. ടൊയോട്ടയുടെ മുന്‍ ഡിസൈനര്‍ ദേസി നഗായയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.