ഒരു ഘട്ടത്തില്‍ ബിഗ് ബോസ് വീട് ബിഗ് ബോസിന്‍റെ കയ്യില്‍ ആയിരുന്നില്ലേ എന്നുപോലും തോന്നിയവരും, അത് പ്രകടിപ്പിച്ചവരുമുണ്ട്. സീസണ്‍ രണ്ടില്‍ രോഗങ്ങളും ഗ്രൂപ്പിസവും മാത്രം കളിച്ചപ്പോള്‍ വീട് ചിലപ്പോഴൊക്കെ വിരസമായി എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ അമ്പതാം ദിവസം പൂര്‍ത്തിയാക്കി ഷോ മുന്നോട്ടുപോകുമ്പോള്‍ കളികള്‍ വേറെ ലെവല്‍ ആവുകയാണ്.

പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, നേരത്തെ പോയവരില്‍ നിന്ന് തിരിച്ചെത്തിയ സുജോയും അലസാന്‍ഡ്രയും രഘുവും, ഇവരുടെ വരവ്, എന്നിവയൊക്കെ കളിക്ക് പുതിയ വേഗവും താളവും നല്‍കിയിരിക്കുന്നു. വിമര്‍ശിച്ചവര്‍ക്ക് ഇതാണ് ബിഗ് ബോസെന്ന് തിരുത്തിപ്പറയാന്‍ കഴിയുന്ന തരത്തിലാണ് വീട്ടിലെ പുതിയ വിശേഷങ്ങള്‍.

ഗ്രൂപ്പിസത്തിലും ഗെയിമിലും അപ്രമാദിത്തം കാണിച്ച ഷാജിയും സംഘവും പിന്നോട്ടുപോകുന്നു. ക്ഷിപ്രകോപിയായ ഫുക്രു മയപ്പെട്ടുവരുന്നു. ജസ്‍ല ഓടിനടന്ന് വീട്ടിലെ നില്‍പ്പുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇതുവരെ തനിച്ചുനിന്ന് കളിച്ച ആര്യ വീണയുമായി ചേര്‍ന്ന് പ്ലാനുകള്‍ തയ്യാറാക്കുന്നു. അലസാന്‍ഡ്ര- സുജോ പ്രണയത്തിന് പുതിയ വേര്‍ഷന്‍ വന്നിരിക്കുന്നു. ഒറ്റപ്പെടുത്തിയെന്ന് പറയുന്നവര്‍ക്കിടയില്‍ പുറത്തുനിന്ന് വന്നവരുടെയെല്ലാം പിന്തുണയോടെ രജിത് ഗെയിം കളിക്കുന്നു. ബിഗ് ബോസിന്‍റെ പുതിയ കണക്കുകൂട്ടലുകളെല്ലാം ശരിയായപ്പോള്‍ വീട്ടില്‍ നിന്ന് കണ്ടന്‍റുകളുടെ കുത്തൊഴുക്കാണ്.

ലക്ഷ്വറി ബഡ്ജറ്റ് ലഭിക്കുന്നതിനൊപ്പം തന്നെ വ്യക്തിപരമായ നേട്ടങ്ങള്‍ ലഭിക്കുന്നതുമായ വളരെ പ്രധാനപ്പെട്ട, പുതിയ ടാസ്കില്‍ വലിയ ആവേശത്തോടെയാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്.  ഇവിടെ ഇപ്പോഴിതാ പുതിയൊരു ഉരസലിനും തുടക്കമാവുകയാണ്. ഗെയിമിനായി ആക്ടിവിറ്റി ഏരിയയിലേക്ക് കടക്കാനായി ബസര്‍ കേള്‍ക്കുമ്പോള്‍ വാതിലില്‍ തൊടുന്ന ആള്‍ക്ക് അകത്ത് പോയി ഖനനം ചെയ്യാമെന്നായിരുന്നു ഗെയിം.  നിശ്ചിത ദൂരത്തില്‍ ഇതിനായി മത്സരാര്‍ത്ഥികള്‍ നില്‍ക്കുകയാണ്. ഖനനം ചെയ്യുമ്പോള്‍ ഇടാന്‍ ഒരു കോസ്റ്റ്യൂം നല്‍കിയിട്ടുണ്ട്. അത് അപ്പോള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. 

നേരത്തെ ഖനനം ചെയ്തുവന്ന ഫുക്രു ആ വസ്ത്രം മാറാതെ തന്നെ വാതിലില്‍ തൊടാന്‍ വന്നുനിന്നു. എന്നാല്‍ ഇത് പാടില്ലെന്ന് സുജോയാണ് ആദ്യം ഓര്‍മപ്പെടുത്തിയത്. ബിഗ് ബോസ് നിയമമാണെന്ന് അമൃതയും ഏറ്റുപിടിച്ചു. 'മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്' എന്നായിരുന്നു ഫുക്രുവിന്‍റെ മറുപടി. ഗെയിമിന്‍റെ ഭാഗമായിരിക്കുമ്പോള്‍ അത് എന്‍റെ ബിസിനസ് കൂടിയാണെന്ന് അമൃത ഇംഗ്ലിഷില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ ഫുക്രു ടാസ്കിന്‍റെ കോസ്റ്റ്യൂമായ ട്രൗസര്‍ അഴിച്ചുമാറ്റി ജസ്‍ലയ്ക്ക് എറിഞ്ഞുകൊടുത്തു. സാധാരണഗതിയില്‍ തര്‍ക്കത്തിന് മുതിരുന്ന ഫുക്രുവിന്‍റെ ഭാഷയില്‍ മിതത്വം കാണാമായിരുന്നു. 

അതിനിടെ രജിത് കുമാറുമായുള്ള തര്‍ക്കത്തിനിടയില്‍ ഞാനങ്ങ് മുണുങ്ങി എന്ന് പറഞ്ഞ ജസ്‍ലയോട് എന്ത് ഭാഷയാണ് യൂസ് ചെയ്യുന്നതെന്ന് അമൃത ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനും മറുപടി പറയാന്‍ ജസ്‍ല നിന്നില്ല. ഫുക്രുവുമായി അമൃത വീണ്ടും സംസാരിച്ചു. ലൈനിന് പുറത്തേക്ക് കാല് വച്ചുനിന്ന ഫുക്രുവിനോട് അത് ചെയ്യരുതെന്ന് അമൃത പറഞ്ഞു. അഭിരാമി വിലക്കിയിട്ടും ആ തര്‍ക്കം തുടരുകയായിരുന്നു. 

അവിടെയും സുജോയോട് വലിയ ശബ്ദത്തില്‍ തര്‍ക്കത്തിന് മുതിരുന്ന ഫുക്രു അമൃതയോട് മിതത്വം പാലിക്കുന്നതും കാണാമായിരുന്നു. ഫുക്രുവിന്‍റെ പെരുമാറ്റ ശൈലിയെ വിടാതെ അമൃത പിന്തുരുന്നതും ഇന്നലെ കണ്ടു. കാല് മുന്നോട്ടുവച്ച് ഓടിയതുകൊണ്ട് ഫസ്റ്റൊക്കെ ആകാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഗെയിമിന് ശേഷമുള്ള തര്‍ക്കത്തിനിടെ അഭിരാമിയും അമൃതയും പറഞ്ഞത്. മിണ്ടാപ്പൂച്ചയായിരുന്ന അമൃതയുടെ ചെറിയ ഷോക്കുകള്‍ ആദ്യം കിട്ടിയിരിക്കുന്നത് ഫുക്രുവിനും ജസ്‍ലയ്ക്കുമാണെന്ന് ചുരുക്കം.