ബിഗ് ബോസ് കാട്ടുന്നത് ഓരോ ദിവസവും ഓരോ കാഴ്‍ചകളാണ്. വാശിയേറിയ തര്‍ക്കങ്ങളും തകര്‍പ്പൻ ടാസ്‍ക്കുകളും കൊണ്ട് ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയം കവരുന്നു. കയ്യാങ്കളിയോളമെത്തുന്ന സംഘര്‍ഷങ്ങളുമുണ്ടാകാറുണ്ട്. കണ്ണിനു അസുഖം ബാധിച്ച് പുറത്തുപോയവരില്‍ ചിലരും പുതുതായി രണ്ടുപേരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നു. പുതുതായി എത്തിയ സഹോദരിമാരായ അമൃതാ സുരേഷും അഭിരാമി സുരേഷും എങ്ങനെയായിരിക്കും ബിഗ് ബോസ്സില്‍ എന്ന കാര്യമാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

രണ്ടുപേരായിട്ടല്ല ഒരു എൻട്രിയായിട്ടാണ് അമൃതാ സുരേഷിനെയും അഭിരാമി സുരേഷിനെയും ബിഗ് ബോസ് കാണുന്നത്. രണ്ടുപേര്‍ക്കും കൂടി ഒരു നോമിനേഷൻ മാത്രമേ ഉള്ളൂ. അതുകൊണ്ട് രണ്ടുപേരുടെയും തീരുമാനങ്ങള്‍ ഒന്നായിരിക്കുമെന്ന് വ്യക്തം. സംഗീതത്തെ കുറിച്ച് ക്ലാസ്സെടുക്കാൻ ഇന്ന് ബിഗ് ബോസ് ഇരുവരോടും നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരും ക്ലാസ്സ് എടുക്കുകയും സ്വന്തം പാട്ടുകള്‍ പാടുകയും ചെയ്‍തു. അതേസമയം തന്നെ പലരും തെറ്റിദ്ധരിക്കുന്നതാണ് എന്ന് രജിത് കുമാര്‍ ഒരു ചര്‍ച്ചയില്‍ അമൃതയോടും അഭിരാമിയോടും പറഞ്ഞു. ചെറിയ വീഡിയോ ശകലങ്ങള്‍ കണ്ട് അത് മൊത്തം തന്റെ അഭിപ്രായമായി കാണുകയാണ് പലരും ചെയ്യുന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു. തങ്ങള്‍ക്കും അങ്ങനെ അനുഭവങ്ങളുണ്ട് എന്ന് ഇരുവരും പറഞ്ഞു.  മുഖത്തിന്റെ പ്രത്യേകതയും ഉച്ചാരണത്തിലെ പ്രശ്‍നങ്ങളും അഭിരാമി പറഞ്ഞു. ഫുക്രുവുമായി ഒരു തര്‍ക്കമുണ്ടായപ്പോള്‍ അതിനെക്കുറിച്ച് രജിത് കുമാര്‍ അമൃതയോടും അഭിരാമിയോടും വിശദീകരിക്കുകയും ചെയ്‍തു. ഒരു പരിശീലനക്കളരിയാണ് ഇവിടമെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. എന്നാല്‍ ചേട്ടൻ കുളിച്ചിട്ടു വാ, നമുക്ക് അടുത്ത അടിയുണ്ടാക്കാം എന്ന് അഭിരാമി രസകരമായി പറഞ്ഞു. അതേസമയം പിന്നീട് അഭിരാമിയും അമൃതയും രജിത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്‍തു. പുള്ളി പറയുന്ന ചില കാര്യങ്ങളില്‍ കാര്യമുണ്ട് എന്ന് അമൃത പറഞ്ഞു. പക്ഷേ അതു പറയുന്ന രീതിയില്‍ പ്രശ്‍നമുണ്ട് എന്ന് അഭിരാമി പറഞ്ഞു. അതുകേട്ട് പ്രകോപിതരാകേണ്ട കാര്യമുണ്ടോ ഇല്ലയോ എന്ന് മറ്റുള്ളവര്‍ ആണ് ചിന്തിക്കേണ്ടത് എന്ന് അഭിരാമി പറഞ്ഞു. നിരീക്ഷിക്കുന്നതാകും രസം, പേടിയാകുന്നുവെന്നും അമൃത സുരേഷ് പറഞ്ഞു.