ബിഗ് ബോസ് ഓരോ തവണയും ആവേശഭരിതവും ആകാംക്ഷയുമുണ്ടാക്കുന്നത് ടാസ്‍ക്കുകളാണ്. ലക്ഷ്വറി ബജറ്റിനായുള്ള പോയന്റിനായും വ്യക്തിഗത പോയന്റിനായും മത്സരാര്‍ഥികള്‍ ടാസ്‍ക്കില്‍ മത്സരിക്കും. അത് സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കോടതി ടാസ്‍ക്കായിരുന്നു. ഇന്ന് കോടതിയില്‍ പരാതിയുമായി എത്തിയത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്.

ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരുന്നു പരാതിക്ക് അടിസ്ഥാനം. പാഷാണം ഷാജി അശ്ലീലം പറഞ്ഞുവെന്നായിരുന്നു പരാതി. വക്കീലായി എത്തിയത് ഫുക്രുവായിരുന്നു. ജഡ്‍ജ് ആയി എത്തിയത് ആര്യയും. ആദ്യം അഭിരാമിയും അമൃതയും സ്വന്തം വാദം കോടതിക്ക് മുമ്പില്‍ പറഞ്ഞു. അമൃതയും അഭിരാമിയും മാത്രമായിട്ടല്ല നില്‍ക്കുന്നത് സ്‍ത്രീ സമൂഹത്തിന് വേണ്ടി കൂടിയാണ് എന്ന് അവര്‍ പറഞ്ഞു. എന്ത് ടാസ്‍ക്കിന്റെ ഭാഗമായാലും സ്‍ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്ന് അമൃതയും അഭിരാമിയും ചോദിച്ചു. സഹോദരിമാരായ രണ്ടുപേരോടാണ് അങ്ങനെ പറഞ്ഞത്. പ്രതിയെ ശിക്ഷിക്കണമെന്ന് അല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അങ്ങനെ പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയണം എന്നും അവര്‍ പറഞ്ഞു.  എന്നാല്‍ ടാസ്‍ക്കിന്റെ ഭാഗമായി തന്റെ കഥാപാത്രമാണ് അങ്ങനെ പറഞ്ഞത് എന്ന് പാഷാണം ഷാജി പറഞ്ഞു.

ഗബ്ബാര്‍ സിംഗ് എന്ന അധോലോക കഥാപാത്രമാണ് തന്റേത് എന്നും പാഷാണം ഷാജി പറഞ്ഞു. അപ്പോള്‍ തന്റെ കഥാപാത്രം ഭംഗിയാക്കുന്നതിനായി ആണ് താൻ അങ്ങനെ പറഞ്ഞത്. അതിനു ശേഷമോ മുമ്പോ താൻ അമൃതയോടോ അഭിരാമിയോടോ മോശമായി പെരുമാറിയിട്ടില്ലെന്നും പാഷാണം ഷാജി പറഞ്ഞു. മോശമായി പെരുമാറി എന്ന് അമൃതയ്‍ക്കും അഭിരാമിക്കും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ കഥാപാത്രങ്ങളായി മാറിയിട്ടില്ല എന്ന് പാഷാണം ഷാജി പറഞ്ഞു. എന്നാല്‍ ഇത് സിനിമയോ, നാടകമോ അല്ല ഒരു റിയാലിറ്റി ഷോയാണ് എന്ന് പറഞ്ഞ അമൃത, പാഷാണം ഷാജിയുടെ കിടപ്പറ പങ്കിടാൻ മത്സരിക്കുന്ന സ്‍ത്രീകളായിട്ടാണ് ഞങ്ങളെ ചിത്രീകരിച്ചതെന്നും വ്യക്തമാക്കി. ബിഗ് ബോസ് സമൂഹത്തിന്റെ പരിശ്ചേദമാണ് അതിനാല്‍ അങ്ങനെ പറയുന്നത് ശരിയല്ല ഒരുപാട് ആള്‍ക്കാര്‍ കാണുന്നത് ആണ് എന്ന് അഭിരാമി പറഞ്ഞു.

ഒരിക്കലും സ്‍ത്രീകളെ മോശമായി കാണുന്ന ആളല്ല പാഷാണം ഷാജിയെന്ന് വക്കീല്‍ ഫുക്രു പറഞ്ഞു. സ്‍ത്രീകള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ ആ ഭാഗത്തേയ്‍ക്ക് പോലും പോകാത്ത ആളാണ് പാഷാണം ഷാജിയെന്ന് വക്കീല്‍ പറഞ്ഞു. പാഷാണം ഷാജി മുമ്പ് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും അന്ന് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് മാത്രമാണ് അറിയേണ്ടത് എന്നും അമൃത ആവര്‍ത്തിച്ചു വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ ആരും പിന്തുണയ്‍ക്കാൻ ഉണ്ടായില്ല വിഷമം ആയെന്നും അമൃത പറഞ്ഞു. പിന്നീട് അക്കാര്യം ബിഗ് ബോസ്സിനോട് പറഞ്ഞിട്ടുണ്ടെന്നും അമൃത പറഞ്ഞു. പാഷാണം ഷാജിക്ക് അസുഖമായതിനാല്‍ ആണ് നേരിട്ട് പറയാൻ പറ്റാതിരുന്നത് എന്നും അമൃത പറഞ്ഞു.

കാഴ്‍ചക്കാരോട് പരാതി ന്യായം ആണോ എന്ന് ചോദിക്കാൻ ബിഗ് ബോസ് ജഡ്‍ജിയോട് നിര്‍ദ്ദേശിച്ചു. അതിനനുസരിച്ച് ജഡ്‍ജി കാഴ്‍ചക്കാരോട് അഭിപ്രായം ആരാഞ്ഞു. ഓരോരുത്തരും അഭിപ്രായം പറഞ്ഞു. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായം പരാതി ന്യായം എന്നായിരുന്നു. അങ്ങനെ അമൃതയ്‍ക്കും അഭിരാമിക്കും 100 പോയന്റ് ലഭിച്ചു.