കഴിഞ്ഞ ആഴചയില്‍ ബിഗ് ബോസ് വീട് അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു ഗായികാ സഹോദരിമരായ അമൃതയും അഭിരാമിയും എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടില്‍ മത്സരാര്‍ത്ഥിയായി ബിഗ് ബോസിലെത്തിയ ഇരുവരും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു. ബിഗ് ബോസ് വീട്ടിലെ സമവാക്യങ്ങളും ഗ്രൂപ്പ് ഗെയിമും പലരുടെയും കണക്കുകൂട്ടലുകളും തെറ്റിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. പലപ്പോഴും ഗ്രൂപ്പുകളില്‍ നിന്ന് മാറി തനിച്ച് ഗെയിം കളിച്ച രജിത് കുമാറിനും ഗ്രൂപ്പായുള്ള കളികള്‍ക്ക് വഴി തുറക്കുന്നതായിരുന്നു സഹോദരിമാരുടെ വരവ്.

അവിടെ വലിയൊരു ഗ്രൂപ്പായി നിന്നവര്‍ക്ക് നിരന്തരം അസ്വസ്ഥതകള്‍ സമ്മാനിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇടയ്ക്ക് ഈ സഹോദരിമാര്‍ തകര്‍ന്നു പോകുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്നതാണ് ഇന്നലെ പുറത്തുവന്ന അണ്‍കട്ട് വീഡിയോ തോന്നിപ്പിക്കുന്നത്. ഇന്നലെ രാത്രി ക്വിറ്റ് ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായാണ് ഇപ്പോള്‍ അമൃത അലസാന്‍ഡ്രയോട് വെളിപ്പെടുത്തിയത്. അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ആര്യയും വീണയും അമൃതയോട് ചിലത് പറഞ്ഞെന്നും അമൃത പറയുന്നുണ്ട്

ഞാന്‍ ഇന്നലെ രാത്രി അഭിയുടെ അടുത്ത് പറഞ്ഞു നമുക്ക് ക്വിറ്റ് ചെയ്യാമെന്ന്. കാരണം എനിക്ക് ഫൈറ്റ് ചെയ്യാന്‍ യാതൊരു താല്‍പര്യവുമില്ല. പുറത്തുള്ളൊരു ലൈഫ് നമുക്കുണ്ടല്ലോ, മനസിനെ ഇങ്ങനെ കൊന്നുകളയേണ്ടല്ലോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ചേച്ചിക്ക് തീരെ വയ്യെങ്കില്‍ ക്വിറ്റ് ചെയ്യാമെന്ന് അഭി പറഞ്ഞു.ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് 24 മണിക്കൂര്‍ ഞങ്ങള്‍ക്ക് തികച്ച് ലഭിച്ചിരുന്നില്ല. എല്ലാം ഭയങ്കര പെന്‍ഡിങ്ങായിട്ടാണ് വന്നത്. അവള്‍ പെട്ടെന്ന് റെഡിയായി, അവസാന നിമിഷം വരെ വേണ്ടാ... വേണ്ടാന്ന് ഞാന്‍ പറ‍ഞ്ഞു. പ്രത്യേകിച്ച് അത് പാപ്പുവിന്‍റെ കാര്യമായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രി തീരെ പറ്റില്ലാന്നുണ്ടെങ്കില‍് ക്വിറ്റ് ചെയ്യാമെന്ന് അഭിരാമി പറഞ്ഞു. പിന്നെ ഇന്നലെ ആര്യയും വീണയും പറയുന്നത് കേട്ടപ്പോ ഞാന്‍ ആകെ തകര്‍ന്നു, കരച്ചിലിന്‍റെ വക്കിലെത്തി- അമൃത പറഞ്ഞു.

എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്തായാലും നനഞ്ഞു, കുളിച്ച് കയറാമെന്ന്. കപ്പടിക്കുവോ എന്നുള്ളതല്ല ഇവിടത്തെ വിഷയം, രാവിലെ എണീറ്റപ്പോള്‍ അഭിയുടെ അടുത്ത് പറഞ്ഞു എന്നാല്‍ ഒറു കൈ നോക്കാമെന്ന്.തോറ്റുകൊടുക്കരുതെന്നായിരുന്നു അലസാന്‍ഡ്രയുടെ മറുപടി. നിങ്ങള്‍ കടന്നുപോകുന്നതുപോലെ എല്ലാവരും ഇത്തരം ഓരോ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ആരും കാണക്കുന്നില്ലെന്നേ ഉള്ളൂ എന്നും  സ്ട്രോങ്ങായിരിക്കണമെന്നും അലസാന്‍ഡ്ര അമൃതയോട് പറഞ്ഞു. അമൃതയെ അത്രത്തോളം മനസ് മടുപ്പിക്കുന്ന എന്ത് കാര്യമാണ് ആര്യയും വീണയും പറ‍ഞ്ഞതെന്നാണ് ഇപ്പോഴുള്ള ആകാംക്ഷ. സഹോദരിമാരെ നേരിടാന്‍ അവര്‍ സജ്ജമാവുകയാണോ എന്ന സംശയവും ബാക്കിയവുന്നു.