ബിഗ് ബോസ്സിലെ ആകര്‍ഷണീയമായ രംഗങ്ങളുള്ളതായിരിക്കും ലാലേട്ടൻ വരുന്ന ഓരോ ദിവസവും. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയാണ് ലാലേട്ടൻ ചെയ്യാറുള്ളത്. കാര്യങ്ങള്‍ കയ്യാങ്കളിയോളമെത്തിക്കുന്നവര്‍ക്കും മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും മോഹൻലാല്‍ താക്കീതും ചെയ്യും. പുതുതായി ബിഗ് ബോസ്സില്‍ എത്തിയ ഗായിക സഹോദരിമാരായ അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും മോഹൻലാല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‍തു. വീട്ടിലുള്ള മറ്റുള്ളവരെ നോക്കി പാടാൻ തോന്നുന്ന പാട്ട് രണ്ടുവരി പാടാനും മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു.

എപ്പോഴും പാട്ട് പാടി കൊടുക്കുന്ന രജിത്തിനെ നോക്കി പാടാനായിരുന്നു മോഹൻലാല്‍ ആദ്യം ആവശ്യപ്പെട്ടത്. സൂര്യകിരീടം വീണുടഞ്ഞു എന്ന പാട്ടായിരുന്നു അമൃതയും അഭിരാമിയും പാടിയത്. ഫുക്രുവിനെ നോക്കിയും രസകരമായ പാട്ടുപാടി. കുക്രു കുക്രു എന്ന പാട്ടായിരുന്നു പാടിയത്. എൻ കരളില്‍ താമസിച്ചാല്‍ മാപ്പുതരാം രാക്ഷസി എന്ന പാട്ടായിരുന്നു ആര്യയെ നോക്കി പാടിയത്. കള്ളിപൂങ്കുയിലേ എന്ന പാട്ടായിരുന്നു ജസ്‍ലയെ നോക്കി പാടിയത്. കള്ളിപൂങ്കുയിലെ എന്ന വാക്കിനാണ് പ്രസക്തി എന്നും പറഞ്ഞു. ഇഷ്‍ടമല്ലടാ, ഇഷ്‍ടമല്ലടാ നിന്റെ തൊട്ടുനോട്ടം ഇഷ്‍ടമല്ലെടാ എന്ന പാട്ടാണ് പാഷാണം ഷാജിയെ നോക്കി പാടിയത്. എന്നാല്‍ മുഖത്ത് നോക്കി പാടാൻ പറ്റില്ല എന്നും അമൃത പറഞ്ഞിരുന്നു. തന്നെ നോക്കി ഒരു പാട്ടുപാടാനും മോഹൻലാല്‍ പറഞ്ഞു. സുന്ദരാ കണ്ണാലരുസേദ് എന്ന പാട്ടാണ് അമൃതയും അഭിരാമിയും പാടിയത്. സുന്ദരി നീയും സുന്ദരൻ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം എന്ന പാട്ട് തിരിച്ചും മോഹൻലാല്‍ പാടി. ജന്മം സഫലമായി എന്നു പറഞ്ഞ് അഭിരാമിയും അമൃതയും തുള്ളിച്ചാടുകയും ചെയ്‍തു.