ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ രണ്ടാമത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ നിറയെ അപ്രതീക്ഷിതത്വങ്ങള്‍. എപ്പിസോഡിന്റെ തുടക്കത്തില്‍ ബിഗ് ബോസില്‍നിന്ന് പുറത്താവുകയാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ച പരീക്കുട്ടിക്ക് പിന്നാലെ ഒരാള്‍ കൂടി ഈ വാരം പുറത്തായി. 

എട്ട് പേരായിരുന്നു ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എലീന പടിക്കല്‍, രേഷ്മ രാജന്‍, തെസ്‌നി ഖാന്‍, വീണ നായര്‍, സുരേഷ് കൃഷ്ണന്‍, പരീക്കുട്ടി, രജിത് കുമാര്‍, അലസാന്‍ഡ്ര എന്നിവര്‍. ഇതില്‍ രജിത്, അലസാന്‍ഡ്ര എന്നിവര്‍ സുരക്ഷിതരാണെന്ന് മോഹന്‍ലാല്‍ ഇന്നലെതന്നെ പ്രഖ്യാപിച്ചിരുന്നു. എലിമിനേഷന്‍ ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്ന ആറ് പേരില്‍ ഒരാള്‍ പുറത്താവുകയാണെന്ന് മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചു. കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ട പരീക്കുട്ടിയാണ് ഈ വാരം പുറത്താവുന്ന ഒരാളെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ കണ്ണിന്റെ അസുഖം എലിമിനേഷന് പരിഗണനയല്ലെന്നും മറിച്ച് വോട്ട് മാനദണ്ഡമാക്കി മാത്രമാണ് ഈ തീരുമാനമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

എന്നാല്‍ എപ്പിസോഡ് പുരോഗമിക്കവെ ഒരാള്‍ പുറത്തായെന്നുകരുതി മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് കരുതരുതെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലിസ്റ്റില്‍ അവശേഷിച്ചിരുന്ന അഞ്ച് പേരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തി. ആരാവും ഇതില്‍ നിന്ന് പുറത്തുപോവുകയെന്ന് അവരോടും മറ്റ് മത്സരാര്‍ഥികളോടും മോഹന്‍ലാല്‍ ആരാഞ്ഞു. സുരേഷിന്റെ പേര് അവരില്‍ പലരും ആവര്‍ത്തിച്ചു. പിന്നാലെ പരീക്കുട്ടിക്ക് ശേഷം ഈ വാരം പുറത്താവുന്ന മറ്റൊരാളുടെ പേര് കൂടി മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതുപ്രകാരം സുരേഷ് ആണ് ഈ വാരം പുറത്താവുന്ന രണ്ടാമത്തെ മത്സരാര്‍ഥി. മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയതനുസരിച്ച് മറ്റുള്ളവരോട് യാത്ര ചോദിച്ച് സുരേഷ് ഹൗസിന് പുറത്തുള്ള വേദിയില്‍ മോഹന്‍ലാലിനൊപ്പമെത്തി.