വിവാഹമോചനത്തിലേക്കെത്തിയ തന്റെ ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് എണ്‍പത്തഞ്ച് ശതമാനവും കാരണം തന്റെ തന്നെ തെറ്റുകളാണെന്ന് ആര്യ. ബിഗ് ബോസില്‍ സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കവെയാണ് ആര്യ ഇക്കാര്യം പറഞ്ഞത്. 

'പിന്നീട് ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ പ്രണയം തുടങ്ങിയത്. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അത് വീട്ടില്‍ അവതരിപ്പിച്ചു. ബിഎ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുംമുന്‍പ് വിവാഹം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അപ്പോള്‍ ആവശ്യമായിരുന്നു. അങ്ങനെ മോഡലിംഗ് തുടങ്ങി. പിന്നീട് പരസ്യങ്ങളും സീരിയലുകളും ചെയ്തു. 2012ല്‍ ഒരു മകള്‍ ജനിച്ചു. ഞാന്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റ് കണ്ടിട്ടാണ് 'ബഡായി ബംഗ്ലാവി'ലേക്ക് ക്ഷണം ലഭിക്കുന്നത്', ആര്യ പറഞ്ഞു.

ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം തന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണെന്നും ആര്യ പറഞ്ഞു. 'ആ ലൈഫ് അങ്ങനെ ആയിപ്പോയതതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് പലരും ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ എന്തുകൊണ്ട് കുട്ടിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന്. എന്നാല്‍ ഞങ്ങള്‍ ചിന്തിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു. എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്ന് ഞങ്ങള്‍ കരുതി', ആര്യ പറഞ്ഞു.