ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളോട് എലീന പടിക്കലിനെക്കുറിച്ച് തനിക്കുള്ള വ്യക്തിപരമായ അഭിപ്രായം ആര്യ പറഞ്ഞത് ബുധനാഴ്ച എപ്പിസോഡില്‍ കണ്ടിരുന്നു. എലീനയെ തനിക്ക് മുന്‍പുതന്നെ വ്യക്തിപരമായി അറിയാമെന്നും ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്ടീവുമാണ് അവരെന്നുമാണ് ആര്യ ബുധനാഴ്ചത്തെ എപ്പിസോഡില്‍ മറ്റുള്ളവരോട് പറഞ്ഞത്. ബുദ്ധിപരമായ സംസാരിക്കുന്നതായാണ് സ്വന്തം ധാരണയെങ്കിലും പറയുന്നതെല്ലാം മണ്ടത്തരമാണെന്നും അതിനാലാണ് എലീനയെക്കുറിച്ച് ഒരുപാട് ട്രോളുകള്‍ വരുന്നതെന്നും ആര്യ അഭിപ്രായപ്പെട്ടിരുന്നു. വീണ, രേഷ്മ, സുജോ, പരീക്കുട്ടി എന്നിവരോടായിരുന്നു ആര്യയുടെ അന്നത്തെ അഭിപ്രായ പ്രകടനം. വ്യാഴാഴ്ചത്തെ എപ്പിസോഡിലും എലീനയോടുള്ള തന്റെ അനിഷ്ടം ആര്യ തന്റെ സംഭാഷണങ്ങളില്‍ വ്യക്തമാക്കുന്നത് കാണാം.

 

തന്നെ അലവലാതി എന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടി സുജോ എലീനയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ആര്യയും അവിടേക്ക് എത്തിയിരുന്നു. ഒരു ക്ഷമ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമായിരുന്നു ഇതെന്നും ആര്യ അവിടെവച്ച് പറഞ്ഞു. എലീന ക്ഷമ പറയാത്തതിനാലാണ് പ്രശ്‌നം വഷളായതെന്ന് പറയാതെ പറയുകയായിരുന്നു ആര്യ. 

പിന്നീട് സുജോയ്ക്കും എലീനയ്ക്കുമിടയില്‍ സംഭവിച്ച തര്‍ക്കത്തെക്കുറിച്ച് അലസാന്‍ഡ്രയോട് മാത്രമായി സംസാരിക്കുമ്പോഴും ആര്യ ഇക്കാര്യം ആവര്‍ത്തിച്ചു. എലീനയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവിടെയും ആര്യ സംസാരിച്ചത്. 'ഷി ഈസ് ടൂ മച്ച്. അത് എല്ലാവര്‍ക്കും അറിയാം. ഒരു സോറി അപ്പോഴേ പറഞ്ഞിരുന്നെങ്കില്‍ ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ. ഇത് ഈഗോ അല്ലാതെ മറ്റൊന്നുമല്ല', അലസാന്‍ഡ്രയോട് ആര്യ പറഞ്ഞു.