ബിഗ് ബോസ്സിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ക്യാപ്റ്റനാകുകയെന്നത്. കാരണം ഒരാഴ്‍ചത്തേയ്‍ക്ക് ക്യാപ്റ്റനാകുന്നയാള്‍ ആ ആഴ്‍ച എവിക്ഷൻ ഘട്ടം നേരിടേണ്ടി വരില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ ടാസ്‍ക്ക് കയ്യാങ്കളിയിലേക്ക് വരെ എത്താറുണ്ട്. ഇത്തവണ ക്യാപ്റ്റൻ ടാസ്‍ക്കിനു ശേഷം ആര്യ ഒരു പ്രഖ്യാപനം നടത്തിയെന്നതാണ് ശ്രദ്ധേയം. ഇത്തവണത്തെ ക്യാപ്റ്റൻ ടാസ്‍ക്കിനെ കുറിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍ ഷോ ബഹിഷ്‍ക്കരിക്കുമെന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്.

വളരെ രസകരമായ ഒരു ടാസ്‍ക്കായിരുന്നു ഇത്തവണ ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഗ്രൂപ്പായി ചെയ്യാവുന്ന ഒരു ടാസ്‍ക്ക്. നിലവിലെ ക്യാപ്റ്റൻ ഫുക്രുവാണ് ആരൊക്കെയാണ് മത്സരത്തിനു ഉള്ളത് എന്ന് വ്യക്തമാക്കിയത്. ആര്യ, രജിത് കുമാര്‍, രഘു എന്നിവരായിരുന്നു ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചവര്‍. അവര്‍ക്കായിട്ടായിരുന്നു മത്സരം. പിന്തുണയ്‍ക്കുന്നവര്‍ മത്സരാര്‍ഥിയെ എടുത്ത് നടക്കണം. അന്തിമ വര കടക്കുന്നവര്‍ വിജയിക്കും. തുടക്കത്തില്‍ എടുക്കുന്നതുപോലെയായിരിക്കണം അവസാനം വരെയും. മത്സരാര്‍ഥിയുടെ ശരീരഭാഗം താഴെ തൊട്ടാല്‍ അയോഗ്യരാകും. പശ്ചാത്തല ശബ്‍ദം കേട്ടു തുടങ്ങുമ്പോഴായിരിക്കണം നടക്കേണ്ടത് എന്നൊക്കെയായിരുന്നു വ്യവസ്ഥകള്‍.

ഫുക്രുവിന്റെ ചുമലില്‍ ആര്യ ഇരുന്നു. വീണാ നായരും പാഷാണം ഷാജിയും എലീനയും ദയ അശ്വതിയുമൊക്കെ ആര്യയെ പിടിച്ച് ബലം കൊടുത്തു. സുജോയുടെ ചുമലില്‍ രജിത് കയറി. അഭിരാമിയും അമൃതയും സഹായത്തിനായി നിന്നു. രഘുവിനെ രേഷ്‍മയും അലസാൻഡ്രയും എടുത്തു. മത്സരം തുടങ്ങും മുന്നേ തന്നെ രഘു പിൻമാറി.

മത്സരത്തില്‍ നിന്ന് പിൻമാറിയ രഘുവിനെയും രേഷ്‍മയെയും അലസാൻഡ്രയെയും ബിഗ് ബോസ് വിധികര്‍ത്താക്കളാക്കി. ഏതെങ്കിലും മത്സരാര്‍ഥി പിൻമാറിയാലും അവസാന വര കടന്നാല്‍ മാത്രമെ മറ്റെയാള്‍ വിജയിയാകുവെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആര്യയും രജിത്തും അന്തിമ വരയില്‍ എത്തി. മത്സര ഫലം പ്രഖ്യാപനം എങ്ങനെയെന്നത് ആശങ്കയിലായി. ആര്യയാണ് ആദ്യം എത്തിയത് എന്ന് അവരുടെ കൂട്ടരും അല്ലെന്ന് മറ്റുള്ളവരും പറഞ്ഞു. രജിത്ത് ആണ് ആദ്യം എത്തിയതെന്ന് രഘു പറഞ്ഞു. ബിഗ് ബോസ് മറ്റുള്ളവരുടെയും അഭിപ്രായം ആരാഞ്ഞു. രേഷ്‍മ ഒരാളെ മാത്രമേ കണ്ടുള്ളൂവെന്ന് പറഞ്ഞു. സുജോയാണ് ആദ്യം എത്തിയതെന്ന് അലസാൻഡ്ര പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് രജിത് കുമാറിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചു. എന്നാല്‍ ആര്യയും കൂട്ടരും അതിനെ എതിര്‍ത്തു.

അന്തിമ വരയില്‍ നില്‍ക്കണമെന്നാണ് ബിഗ് ബോസ് നിയമത്തില്‍ പറഞ്ഞത് എന്ന് ആര്യ പറഞ്ഞു. മാത്രവുമല്ല രജിത്തിനെ എടുത്തിരുന്ന രീതി അവസാനം ആകുമ്പോഴേക്കും മാറിയിരുന്നുവെന്നും ആര്യ പറഞ്ഞു. ഫുക്രുവും മറ്റുള്ളവരും രജിത്തിനെ വിജയിയായി പ്രഖ്യാപിച്ചതിനെ എതിര്‍ത്തു. അതേസമയം വര കടന്നത് താനും കൂട്ടരുമാണെന്ന് രജിത് പറഞ്ഞു. എന്തായാലും ക്യാപ്റ്റൻസി ടാസ്‍ക്കുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുത്താതെ ഷോയുമായി സഹകരിക്കാനില്ലെന്ന് ആര്യ പറഞ്ഞു. അതായത് മോഹൻലാല്‍ വരുന്ന ദിവസം ടാസ്‍ക്കില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഷോ ബഹിഷ്‍കരിക്കുമെന്ന് ആര്യ പറഞ്ഞു. ഷോയിലെ ഒരു ടാസ്‍ക്കിലും താൻ തുടര്‍ന്ന് പങ്കെടുക്കില്ലെന്നും ആര്യ പറഞ്ഞു. അക്കാര്യം അതിനു ശേഷവും ആര്യ ആവര്‍ത്തിച്ചു.