ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഓരോ വീക്ക്‌ലി ടാസ്‌കുകള്‍ കഴിയുമ്പോഴുമുള്ള സ്വാഭാവിക നടപടിയാണ് മോശം പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ജയിലില്‍ അടയ്ക്കുക എന്നത്. രജിത്തും ഫുക്രുവും ജസ്ലയും അലസാന്‍ഡ്രയും അടക്കമുള്ളവര്‍ വ്യത്യസ്ത സമയങ്ങളിലായി ജയിലില്‍ കിടന്നിട്ടുള്ളവരാണ്. ഒന്നിലധികം തവണ ജയിലില്‍ കിടന്ന മത്സരാര്‍ഥികളുമുണ്ട്. എന്നാല്‍ ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിന് ശേഷം ജയിലിലേക്ക് പോകാന്‍ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്തത് ആര്യയെയും വീണയെയുമാണ്. ഇതില്‍ ആര്യ മുന്‍പ് ഒരുതവണ ജയിലില്‍ കിടന്നിട്ടുണ്ട്.

ഇത്തവണ ജയില്‍ശിക്ഷയ്ക്കായുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള നോമിനേഷന് മുന്‍പ് ബിഗ് ബോസിന്റെ ഒരു പ്രത്യേക അനൗണ്‍സ്‌മെന്റ് ഉണ്ടായിരുന്നു. 'ഈ ആഴ്ച മുതല്‍ ക്യാപ്റ്റന്‍സി മത്സരാര്‍ഥികളെയും ജയിലില്‍ പോകാനുള്ളവരെയും തെരഞ്ഞെടുക്കേണ്ടത് വീക്ക്‌ലി ടാസ്‌കുകളില്‍ നേടിയ പോയിന്റുകളെ മാത്രം അടിസ്ഥാനമാക്കിയല്ല. ഇതൊരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ ഏത് ചാണക്യനീതിയും പ്രയോഗിക്കാം. അതുകൊണ്ട് തങ്ങളുടെ മുന്നോട്ടുള്ള യാത്രയെയും നിലനില്‍പ്പിനെയും സുഗമമാക്കാന്‍ കഴിയുന്നത് ആരെയൊക്കെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ ആക്കിയാലും ആരെയൊക്കെ ജയിലില്‍ അടച്ചാലുമാണെന്ന് ബുദ്ധിപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കുക..', എന്നായിരുന്നു ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്.

മഞ്ജു പത്രോസിന്റെ എലിമിനേഷനോടെ 'ആര്യ ഗ്രൂപ്പി'ന് വന്നുചേര്‍ന്ന ദൗര്‍ബല്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ ജയില്‍ നോമിനേഷന്‍. പോയിന്റ് കുറഞ്ഞവര്‍ എന്ന നിലയില്‍ ജയിലില്‍ പോകാതെ നോക്കാനും രജിത്തിനെ ജയിലില്‍ അയയ്ക്കാനുമുള്ള തങ്ങളുടെ തന്ത്രത്തിന് പിന്തുണ നേടിയെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ചവര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും ജയിലിലേക്ക് പോകേണ്ടതായും വന്നു. ഓരോ മത്സരാര്‍ഥിയുടെയും ജയില്‍ നോമിനേഷന്‍ ഇപ്രകാരമായിരുന്നു.

 

ജയില്‍ നോമിനേഷനുകള്‍ ഇങ്ങനെ

ആര്യ-രജിത്, രഘു

വീണ- രജിത്, രഘു

ജസ്ല- രജിത്, ആര്യ

ഫുക്രു- സുജോ, അമൃത-അഭിരാമി

അലസാന്‍ഡ്ര- ആര്യ, വീണ

സൂരജ്- അലസാന്‍ഡ്ര, രഘു

രഘു- വീണ, ആര്യ

സുജോ- വീണ, ആര്യ

രജിത്- ആര്യ, വീണ

അമൃത, അഭിരാമി- ആര്യ, വീണ

ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത് ആര്യയ്ക്കും വീണയ്ക്കുമാണെന്ന് മനസിലാക്കിയ ബിഗ് ബോസ് വീണയോട് 'ജയില്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരെയും ജയിലില്‍ അയയ്ക്കാന്‍ തീരുമാനമായി.