ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ എവിക്ഷന്‍ ഇന്ന് നടന്നു. അഞ്ച് പേരായിരുന്നു ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അലസാന്‍ഡ്ര, സുജോ, പാഷാണം ഷാജി, വീണ നായര്‍, അമൃത-അഭിരാമി സഹോദരിമാര്‍ എന്നിവര്‍. ലോട്ടറി ടിക്കറ്റിന്റെ മാതൃകയിലുള്ള കാര്‍ഡുകളിലെ ഫലം സ്‌ക്രാച്ച് ചെയ്ത് അറിയുന്ന രീതിയിലാണ് ബിഗ് ബോസ് ഇത്തവണ എലിമിനേഷന്‍ പ്രോസസ് നടത്തിയത്. അലസാന്‍ഡ്രയും സുജോയും അമൃത-അഭിരാമി സഹോദരിമാരും പാഷാണം ഷാജിയും 'സേഫ്' ആയപ്പോള്‍ വീണ നായരാണ് ഇത്തവണ പുറത്തായ മത്സരാര്‍ഥി. അനാരോഗ്യം മൂലം ആദ്യമെത്തിയ പല മത്സരാര്‍ഥികളും ആഴ്ചകള്‍ ഹൗസിന് പുറത്ത് കഴിഞ്ഞപ്പോള്‍ ഇതുവരെയുള്ള മുഴുവന്‍ ദിവസവും അവിടെയുള്ള മത്സരാര്‍ഥിയുമായിരുന്നു വീണ.

 

സ്വന്തം കാര്‍ഡില്‍ സ്‌ക്രാച്ച് ചെയ്തപ്പോള്‍ 'എവിക്റ്റഡ്' എന്ന് കണ്ട വീണ സ്വതസിദ്ധമായ പുഞ്ചിരിയോടെ അത് മറ്റുള്ളവരെ ഉയര്‍ത്തി കാട്ടുകയായിരുന്നു. ആദ്യം ഒപ്പം നിന്നിരുന്ന പാഷാണം ഷാജിയെ ആശ്‌ളേഷിച്ച് യാത്ര ചോദിച്ച വീണ പിന്നീട് ഹാളില്‍ ഒത്തുകൂടിയിരുന്ന ഓരോരുത്തരോടും വ്യക്തിപരമായി യാത്ര പറഞ്ഞു. എല്ലാവരെയും ആശ്ലേഷിച്ച് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഇടയ്ക്കിടെ ബിഗ് ബോസിന്റെ ക്യാമറകള്‍ ഒരാളെ ഫോക്കസ് ചെയ്യുന്നുണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലെ വീണയുടെ ഏറ്റവും വലിയ സുഹൃത്തും ബലവുമായിരുന്ന ആര്യയായിരുന്നു അത്. വീണ പുറത്തായ വിവരം അറിഞ്ഞത് മുതല്‍ മുഖം താഴ്ത്തി ഇരുന്ന് കരയുകയായിരുന്നു ആര്യ.

 

ഫുക്രുവിനോടും എലീനയോടും രജിത്തിനോടും മറ്റെല്ലാവരോടും യാത്ര ചോദിച്ചതിന് ശേഷം ആര്യയ്ക്കരികിലേക്ക് എത്തിയ വീണ ആര്യയെ ബെഡ്‌റൂമിലേക്ക് വിളിച്ചുകൊണ്ട് പോവുകയായിരുന്നു. അപ്പോഴേയ്ക്ക് ആര്യയുടെ സങ്കടം ഒരു പൊട്ടിക്കരച്ചിലിലേക്ക് എത്തിയിരുന്നു. അപ്പോഴൊക്കെ വീണ ആര്യയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ ആര്യയെ ആശ്വസിപ്പിച്ച് വീണ പുറത്തേക്ക് നടന്നു. തങ്ങളുടെ പ്രിയ മത്സരാര്‍ഥിയെ യാത്രയാക്കാന്‍ എല്ലാവരും ബിഗ് ബോസ് ഹൗസിന്റെ മുറ്റത്തേക്ക് എത്തിയിരുന്നു. പോകുന്നതിന് മുന്‍പ് ആര്യയെക്കുറിച്ചായിരുന്നു വീണയുടെ സങ്കടവും. ഹൗസിലെ ഗ്രൂപ്പിസം നിര്‍ത്തി എല്ലാവരും ഒറ്റ ഗ്രൂപ്പ് ആവണമെന്ന് വീണ എല്ലാവരോടുമായി അഭ്യര്‍ഥിച്ചു. രജിത്തിനോട് വീണ ഇക്കാര്യം പ്രത്യേകം പറയുകയും ചെയ്തു. അപ്പോഴേക്ക് ഗ്രൂപ്പ് സെല്‍ഫി എടുക്കാനുള്ള സമയമായി. പ്രിയപ്പെട്ടവര്‍ക്കൊപ്പം ബിഗ് ബോസ് ഹൗസിലെ അവസാനത്തെ സെല്‍ഫിയുമെടുത്ത് വീണ പുറത്തേക്ക് പോകാന്‍ തയ്യാറായി. നിമിഷങ്ങള്‍ക്കകം ബിഗ് ബോസ് പുറത്തേക്കുള്ള വാതില്‍ വീണയ്ക്കായി തുറന്നുകൊടുത്തു.