ബിഗ് ബോസിലെ വ്യാഴാഴ്ച എപ്പിസോഡ് ആരംഭിച്ചത് രേഷ്മയ്ക്കും രജിത്തിനുമിടയില്‍ നടന്ന ഒരു തര്‍ക്കത്തോടെ ആയിരുന്നു. നിലവില്‍ ഹൗസ് കീപ്പിംഗ് ചെയ്യേണ്ട ടീമിലാണ് രജിത്ത്. വീട് വൃത്തിയാക്കുന്ന കൂട്ടത്തില്‍ തന്റെ കിടക്കയിലെ കമ്പിളി പുതപ്പ് രജിത് മടക്കിവച്ചുവെന്നും സ്ത്രീകളുടെ കിടക്ക ഒരു പുരുഷന്‍ വൃത്തിയാക്കേണ്ട കാര്യമില്ലെന്നും രേഷ്മ പറയുകയായിരുന്നു. എന്നാല്‍ അത് സാധാരണ ഹൗസ് കീപ്പിംഗ് ജോലിയില്‍ ഉള്ളവരുടെ ഉത്തരവാദിത്തമാണെന്ന് രജിത്തും പ്രതികരിച്ചു. എന്നാല്‍ അത് തനിക്ക് ഇഷ്ടമല്ലെന്നും എന്റെ കിടക്ക എന്തായാലും വൃത്തിയാക്കേണ്ട കാര്യമില്ലെന്നും രേഷ്മ ശബ്ദമുയര്‍ത്തി പറയുകയായിരുന്നു. വീട്ടിലെ അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പല അഭിപ്രായമായിരുന്നു. മിക്കവരും നിശബ്ദത പാലിച്ചപ്പോള്‍ മഞ്ജു ഉള്‍പ്പെടെയുള്ള ചിലര്‍ രേഷ്മ പറഞ്ഞതാണ് ന്യായമെന്ന് കണ്ടെത്തി. എന്നാല്‍ വീണ രജിത്തിന്റെ പക്ഷമായിരുന്നു. അവര്‍ പരസ്യമായി അത് പറയുകയും ചെയ്തു. എന്നാല്‍ അല്‍പം കഴിഞ്ഞപ്പോള്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ വീണയോട് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ആര്യ എത്തി. വീണ രജിത്തിന്റെ പക്ഷം പിടിക്കുന്നത് ക്യാമറാ സ്‌പേസിനുവേണ്ടിയാണെന്ന് ഇവിടെ ചിലര്‍ക്ക് അഭിപ്രായമുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്.

'ഇവിടെയിപ്പൊ പലരും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്, നീ ക്യാമറ സ്‌പേസിനുവേണ്ടി പുള്ളിയുടെ കൂടെ നല്‍ക്കുന്നു എന്ന്. അങ്ങനെയൊരു സംസാരമുണ്ട്. മനസിലായോ? കാരണം ഇവിടെ വേറെയാരും പുള്ളിയോട് അങ്ങോട്ടുപോയി സംസാരിക്കുന്നില്ല. ഇതിനുവേണ്ടി ചെയ്യുന്നവര് ചെയ്യുന്നുണ്ട്. ആദ്യം മുതലേ ചെയ്യുന്നുണ്ട്. പരീക്കുട്ടിയും എലീനയുമാണ് അത് ചെയ്യുന്നത്. സിംഗിള്‍ ആയിട്ട് ചിലര് വന്ന് ഈയിടെയായി ചേട്ടനെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത്, ചേട്ടന്റെ സൈഡ് പിടിക്കുന്നത് ക്യാമറാ സ്‌പേസിന് വേണ്ടീട്ടാണെന്ന് അവന്‍ (പരീക്കുട്ടി) എന്നോടിപ്പൊ പറഞ്ഞു. ഈ പറയുന്നവന്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം', ആര്യ പറഞ്ഞു.

എന്നാല്‍ രാവിലെ നടന്ന വിഷയത്തില്‍ രജിത്തിന്റെ ഭാഗത്താണ് ന്യായം എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു വീണയുടെ പ്രതികരണം. തെറ്റ് ചെയ്യുന്നത് ആര്യയാണെങ്കിലും താനത് പറയുമെന്നും വീണ പറഞ്ഞു. ഈ തര്‍ക്കം നടക്കുമ്പോള്‍ ആര്യ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ രജിത്ത് എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് തനിക്കും അഭിപ്രായമില്ലെന്ന് ആര്യയും പിന്നാലെ വീണയോട് പറഞ്ഞു. 'ചുളുങ്ങിക്കിടക്കുന്ന കമ്പിളി മടക്കിവെക്കുക എന്ന് പറയുന്നത് ഇത്ര വലിയ കുറ്റമൊന്നുമല്ല. ആ കാണിച്ചതില്‍ എനിക്ക് ഒരു തെറ്റും പറയാനില്ല. എല്ലാവരും പുള്ളിയുടെ ചെറിയ ചെറിയ കാര്യങ്ങളില്‍ തെറ്റ് കണ്ടുപിടിക്കാന്‍ നടക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല', ആര്യ പറഞ്ഞുനിര്‍ത്തി.