ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ്. ബിഗ് ബോസ്സില്‍ വീട്ടില്‍ യഥാര്‍ഥത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. വ്യത്യസ്‍ത ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസ് വീട്ടിലുണ്ടാകാറുണ്ട്. ഒരു ടാസ്‍ക്കിനിടെ ഉണ്ടായ സംഭവത്തില്‍ താൻ കുറ്റക്കാരിയല്ല എന്ന് തെളിയിക്കാൻ ആര്യ ബിഗ് ബോസിനെ ചലഞ്ച് ചെയ്‍തിരുന്നു. മോഹൻലാല്‍ പങ്കെടുത്ത ഇന്നത്തെ ഷോയില്‍, ആര്യ ആവശ്യപ്പെട്ടത് അനുസരിച്ച് ബിഗ് ബോസ് അന്നത്തെ രംഗങ്ങള്‍ കാണിക്കുകയും ചെയ്‍തു.

സ്വര്‍ണ ഖനി ടാസ്‍ക്കില്‍ മത്സരിക്കുമ്പോഴായിരുന്നു ആര്യ പറഞ്ഞ സംഭവം ഉണ്ടായത്. ഗാര്‍ഡൻ ഏരിയയിലായിരുന്നു സ്വര്‍ണ ഖനി തയ്യാറാക്കിയത്. ഫുക്രുവടക്കമുള്ളവര്‍ മത്സരത്തിന് തയ്യാറായി നിന്നു. സ്വര്‍ണ ഖനിക്ക് മുമ്പിലുള്ള വാതിലില്‍ ആദ്യം തൊടുന്നവര്‍ക്കായിരുന്നു മുറിയില്‍ പ്രവേശിക്കാൻ അവസരം ലഭിക്കുക. അങ്ങനെ വാതില്‍ തൊടാൻ എല്ലാവരും തയ്യാറായി നിന്നു. മത്സരം തുടങ്ങിയപ്പോള്‍ ആര്യ സുജോയുടെ കാല്‍ പിടിച്ച് തടയാൻ ശ്രമിച്ചു. അക്കാര്യം മറ്റുള്ളവര്‍ പ്രശ്‍നമാക്കി. സുജോയും അത് പ്രശ്‍നമാക്കി. എന്നാല്‍ താൻ കാല്‍ പിടിച്ചിട്ടില്ലെന്ന് ആര്യ വ്യക്തമാക്കി. കോടതി ടാസ്‍ക്കിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടു.

കാല്‍ പിടിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ കോടതി ടാസ്‍ക്കില്‍ ആര്യ പരാതി കൊടുത്തു. വാദം നടക്കുന്നതിനിടയിലായിരുന്നു ആര്യ ബിഗ് ബോസ്സിനെ ചലഞ്ച് ചെയ്‍തത്. താൻ കാല് പിടിച്ചിട്ടില്ല ആ രംഗം വീണ്ടും കാണിക്കണമെന്ന് ആയിരുന്നു ആര്യ വ്യക്തമാക്കിയത്. മോഹൻലാല്‍ വരുന്ന ദിവസം ആ രംഗം കാണിക്കണമെന്ന് ആയിരുന്നു ആര്യ പറഞ്ഞത്.

സുജോ തന്നോട് ജയിലില്‍ വന്നു പറഞ്ഞ കാര്യവും ആര്യ വ്യക്തമാക്കിയിരുന്നു. തന്റെ കാലില്‍ ആര്യ പിടിച്ചിട്ടില്ല മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ താനും പറഞ്ഞുവെന്നേയുള്ളൂവെന്നാണ് സുജോ പറഞ്ഞത്. തന്റെ കാലില്‍ പിടിച്ചാല്‍ താൻ അറിയുമല്ലോയെന്ന് സുജോ പറഞ്ഞു. അക്കാര്യവും ആര്യ കോടതി മുറിയില്‍ പറഞ്ഞിരുന്നു. ഇന്ന് മോഹൻലാല്‍ അക്കാര്യത്തെ കുറിച്ച് ചോദിച്ചു. അന്നത്തെ രംഗങ്ങള്‍ കാണിക്കണോയെന്ന് ചോദിച്ചു. ബിഗ് ബോസിനെ ചലഞ്ച് ചെയ്‍തതല്ലേ എന്ന് മോഹൻലാല്‍ ചോദിച്ചു. താൻ കാലില്‍ പിടിച്ചിട്ടില്ല എന്ന് സുജോയും പറഞ്ഞതുകൊണ്ടാണ് താൻ തന്റെ ഭാഗം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത് എന്ന് ആര്യ പറഞ്ഞു. എന്നാല്‍ താൻ ആര്യയോട് കളവ് പറഞ്ഞതാണ് എന്ന് സുജോ അപ്പോള്‍ പറഞ്ഞു. ആര്യ തന്റെ കാലില്‍ പിടിച്ചിരുന്നുവെന്ന് സുജോ പറഞ്ഞു. ഒരു സംഭവം നടന്നിട്ട് അതിന്റെ കളവ് പറയുകയാണോയെന്ന് മോഹൻലാല്‍ ചോദിച്ചു. അന്നത്തെ രംഗങ്ങള്‍ കാണിക്കണോയെന്ന് മോഹൻലാല്‍ ചോദിച്ചു. കാണിക്കണം എന്ന് ആര്യ പറഞ്ഞു. അങ്ങനെ ആ രംഗങ്ങള്‍ കാണിക്കുകയും ചെയ്‍തു. ഇതൊരു തമാശയായി എടുത്താല്‍ മതി, എന്നാല്‍ ഞങ്ങള്‍ക്ക് തമാശയായി എടുക്കാനാകില്ല എന്ന് മോഹൻലാല്‍ പറഞ്ഞു. അങ്ങനെ അന്നത്തെ രംഗങ്ങള്‍ കാണിക്കുകയും ചെയ്‍തു.

പഴയ രംഗങ്ങള്‍ കാണിച്ചപ്പോള്‍ ആര്യ കാലില്‍ പിടിക്കുന്ന ഭാഗം വ്യക്തമാകുകയും ചെയ്‍തു. കുറേ പ്രാവശ്യം രംഗങ്ങള്‍ കാണിച്ചിരുന്നു. അപ്പോള്‍ ആര്യ സുജോയോട് ക്ഷമ ചോദിക്കുകയും ചെയ്‍തു. എന്തായാലും തര്‍ക്കം അങ്ങനെ തീര്‍ന്നു. ഇനി ഇതുപോലെ ആവശ്യപ്പെടരുത് എന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.