ആപ്തവാക്യം പോലെ തന്നെ വേറെ ലെവലാണ് ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങള്‍. അടുത്തിടെ പലരും എവിക്ഷനിലൂടെ വീടിന് പുറത്തേക്ക് പോയെങ്കിലും ഇത്രവലിയ കോളിളക്കം സൃഷ്ടിക്കാന്‍ ആരുടെ പോക്കിനും സാധിച്ചില്ല. രജിത് കുമാര്‍ പുറത്തേക്ക് പോയിരിക്കുന്നത് എവിക്ഷനിലൂടെ അല്ല എന്നതുകൊണ്ട് കൂടി കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്ക് പോവുകയാണ് വീടിനുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ മറ്റൊരു വിഷയവും ചര്‍ച്ചയാകുന്നുമില്ല.

ഇപ്പോഴിതാ ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം രജിത് കുമാറിന്‍റെ പെട്ടി പാക്ക് ചെയ്തയച്ചിരിക്കുകയാണ് മറ്റുള്ള മത്സരാര്‍ത്ഥികള്‍. ഏതോ ഒരു എഴുത്ത് പ്രകാരമാണ് മത്സരാര്‍ത്ഥികള്‍ ഇക്കാര്യം ചെയ്തതെങ്കിലും, അത് വായിക്കുന്ന ഭാഗം സംപ്രേഷണം ചെയ്തിട്ടില്ല. രഘുവും സുജോയും അഭിയും അമൃതയുമടക്കമുള്ളവരാണ് രജിത്തിന്‍റെ പെട്ടി പാക്ക് ചെയ്തത്. 

പെട്ടി പാക്ക് ചെയ്യുന്നതിനിടയില്‍ രജിത്തിന്‍റെ ചിന്നുവെന്ന് വിളിക്കുന്ന പാവ തനിക്ക് വേണമെന്ന് ദയ അശ്വതി പറയുന്നു. എന്നാല്‍ അത് രജിത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ഇഷ്ടമുള്ള ഒരു കാര്യമാണെന്നും കൊടുക്കണമെന്നും രഘുവും സുജോയും എല്ലാവരും ചേര്‍ന്ന് പറയുന്നു. ഞാന്‍ ബിഗ്ബോസിനോട് പറയാമെന്നായിരുന്നു ദയ പറഞ്ഞത്. എന്നാല്‍ ആരും അതിന് സമ്മതിച്ചില്ല. അപ്പോഴും ദയ കരയുകയായിരുന്നു.

ഒടുവില്‍ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് പെട്ടിയുമായി സുജോയും രഘുവും ഫുക്രുവും അഭിരാമിയും ചേര്‍ന്ന് സ്റ്റോര്‍ റൂമില്‍ കൊണ്ടുവച്ചു.അതിന് മേലെയായി രജിത്തിന്‍റെ ചിന്നുപ്പാവയും വച്ചു.  ഇത് രജിത്തേട്ടന്‍റെ ചിന്നുവാണ് അദ്ദേഹത്തിന്‍റടുത്ത് എത്തിക്കണം എന്നും രഘു പറഞ്ഞു.