ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇനി ഒരു മത്സരാര്‍ഥി കൂടി. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഇന്നത്തെ എപ്പിസോഡിലാണ് രണ്ടാം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംഭവിച്ചത്. മറ്റ് മത്സരാര്‍ഥികളില്‍ കൗതുകവും ലേശം ഭയവും സൃഷ്ടിച്ചായിരുന്നു വേറിട്ട രീതിയില്‍ മത്സരാര്‍ഥിയെ എത്തിച്ചത്. 

പതിവുപോലെ വീട്ടുജോലികളിലും പരസ്പരമുള്ള സംസാരത്തിലും മത്സരാര്‍ഥികള്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ദൈര്‍ഘ്യമേറിയ ഒരു സൈറണ്‍ മുഴങ്ങുകയായിരുന്നു. എല്ലാവരും പരസ്പരം നോക്കുന്നതിനിടെ പ്രധാന വാതില്‍ തുറന്ന് കറുത്ത വസ്ത്രങ്ങളില്‍ അഞ്ച് പേര്‍ ഉള്ളിലേക്ക് എത്തുകയായിരുന്നു. വീടിന് പുറത്തുനിന്നിരുന്ന മഞ്ജു പത്രോസ് ഇതുകണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. പ്ലംബിംഗിന് എന്ന തോന്നലുളവാക്കിയാണ് സംഘം എത്തിയതെങ്കിലും വൈകാതെ അടുത്ത സൈറണ്‍ മുഴങ്ങുകയും അവര്‍ തിരികെ പോവുകയും ചെയ്തു. എന്നാല്‍ അകത്തെത്തിയ അഞ്ച് പേരില്‍ നാലുപേര്‍ മാത്രമാണ് പുറത്തേക്ക് പോയത്. 

 

അഞ്ചാമതെത്തിയ ആള്‍ വാതിലിനടുത്തേക്ക് വൈകി മാത്രം എത്തുമ്പോഴേക്ക് അത് പുറത്തുനിന്നും പൂട്ടിയിരുന്നു. പിന്നാലെ വന്നത് പുതിയ മത്സരാര്‍ഥിയാണെന്ന് നിലവിലുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോഴേക്ക് അയാള്‍ മുഖംമൂടി അഴിച്ചു. ധര്‍മജന്‍ ബോല്‍ഗാട്ടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നുവന്നിരിക്കുന്ന മത്സരാര്‍ഥി. ഈ സീസണിലെ പതിനെട്ടാമത്തെ മത്സരാര്‍ഥിയാണ് ഇതോടെ ധര്‍മജന്‍.