ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ എപ്പിസോഡില്‍ നടക്കും. ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. രജിത് കുമാര്‍, രാജിനി ചാണ്ടി, സോമദാസ്, സുജോ മാത്യു, എലീന പടിക്കല്‍, അലസാന്‍ഡ്ര എന്നിവര്‍. ഇവരില്‍ ഒന്നോ അതിലധികമോ പേര്‍ പുറത്തായേക്കാം. എന്നാല്‍ ഒരാള്‍ പുറത്താവാനാണ് ഏറ്റവും സാധ്യത. അങ്ങനെയെങ്കില്‍ പുറത്താവാന്‍ ഏറ്റവുമധികം സാധ്യത ആര്‍ക്കൊക്കെയാണ്? നോമിനേഷന്‍ ലിസ്റ്റിലുള്ള ആറ് പേരുടെയും സാധ്യതകള്‍ എങ്ങനെയൊക്കെയെന്ന് പരിശോധിക്കാം.

ഡോ. രജിത് കുമാര്‍

 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മറ്റ് മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചാവിഷയമായ മത്സരാര്‍ഥി. ആദ്യവാരം കണ്ട രജിത് കുമാറിനെയല്ല നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിന് ശേഷം കണ്ടത്. ആദ്യവാരം മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതാതെ ആവശ്യത്തിനും അനാവശ്യത്തിനും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന രജിത് കുമാറിനെയാണ് കണ്ടതെങ്കില്‍ നോമിനേഷന്‍ ലഭിച്ചതോടെ അദ്ദേഹം പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്തിത്തുടങ്ങി, ചില സന്ദര്‍ഭങ്ങളിലൊക്കെ ആ ശ്രദ്ധ കൈമോശം വന്ന് തര്‍ക്കങ്ങളിലേക്ക് പോയെങ്കിലും. മറ്റുള്ളവര്‍ പറയുന്നത് നിശബ്ദം ഇരുന്ന് കേള്‍ക്കുന്ന രജിത് കുമാര്‍ കഴിഞ്ഞ വാരത്തിലെ കാഴ്ചകളില്‍ ഒന്നായിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ഹേറ്റേഴ്‌സ് ഉള്ള രജിത് കുമാറിന് തന്നെയാവും പുറത്ത് ഏറ്റവുമധികം ഫോളോവേഴ്‌സും. ഫേസ്ബുക്കില്‍ ഒന്നിലധികം ഫാന്‍ ഗ്രൂപ്പുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെയുണ്ട്. നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഏറ്റവുമധികം വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള ഒരാള്‍. ആദ്യവാരം പുറത്താക്കപ്പെടാനുള്ള സാധ്യത തുലോം വിരളം.

രാജിനി ചാണ്ടി

 

രണ്ട് ആഴ്ചകള്‍ കൊണ്ടും പ്രേക്ഷകര്‍ക്ക് സ്വഭാവം പൂര്‍ണമായും വായിച്ചെടുക്കാന്‍ കഴിയാത്ത മത്സരാര്‍ഥികളില്‍ ഒരാളാണ് പ്രായത്തില്‍ ഏറ്റവും മുതിര്‍ന്ന മത്സരാര്‍ഥിയായ രാജിനി ചാണ്ടി. അടുക്കള ജോലികളില്‍ സജീവമാണെങ്കിലും അതല്ലാതെയുള്ള ആക്ടിവിറ്റികള്‍ കുറവ്. പലപ്പോഴും ബിഗ് ബോസ് ഒരു ഗെയിം ആണെന്ന കാര്യം വിസ്മരിച്ച് കളികളെ ഒരു സ്‌പോര്‍ട്‌സ്മാര്‍ സ്പിരിറ്റില്‍ എടുക്കാന്‍ കഴിയാതെവരുന്നു. കരഞ്ഞുപോയ സന്ദര്‍ഭങ്ങളും അനവധി. ദുര്‍ബലയായ മത്സരാര്‍ഥിയെന്ന് പ്രക്ഷകരില്‍ നല്ലൊരു വിഭാഗം ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആവില്ല. പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാള്‍.

സോമദാസ്

 

ബിഗ് ബോസ് ഹൗസിലെ ഗായകനാണ് സോമദാസ്. എന്നാല്‍ പാട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ഒട്ടും സജീവമല്ലാത്ത മത്സരാര്‍ഥി. 'എന്നെ അറിയാം' ടാസ്‌കില്‍ സ്വന്തം ജീവിതം പറഞ്ഞ് അദ്ദേഹം കരഞ്ഞിരുന്നു. എന്നാല്‍ കുടുംബജീവിതത്തിലെ താളപ്പിഴകളില്‍ തന്നെ കുറ്റപ്പെടുത്തിയതിനെതിരേ ആദ്യ ഭാര്യ തുടര്‍ദിനങ്ങളില്‍ രംഗത്തെത്തി. വോട്ട് ചെയ്യുന്ന പ്രേക്ഷകരിലും അത് സ്വാധീനം സൃഷ്ടിച്ചിരിക്കാം. ഫ്രെയ്മുകളില്‍ ഏറ്റവും കുറവ് സമയം എത്തിയ മത്സരാര്‍ഥി കൂടിയാണ് സോമദാസ്. ടാസ്‌കുകള്‍ പോയിട്ട് മറ്റുള്ളവരോട് സംസാരിച്ചിരിക്കുന്ന സോമദാസിനെപ്പോലും കാണാനാവുന്നത് അപൂര്‍വ്വം. ഈ വാരം പുറത്താക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍.

സുജോ മാത്യു

 

ബിഗ് ബോസ് ഹൗസിലെ മസില്‍മാന്‍, മോഡല്‍. ആദ്യ ദിനങ്ങളില്‍ കളം മനസിലാക്കാതെ അന്തംവിട്ടുനില്‍ക്കുന്ന ഒരു മത്സരാര്‍ഥിയെയാണ് സുജോയില്‍ കണ്ടതെങ്കില്‍ പിന്നീട് കളി അറിഞ്ഞ് കളിക്കാന്‍ ശ്രമിക്കുന്ന സുജോയെ ആണ് കണ്ടത്. എന്നാല്‍ കൃത്യമായൊരു ട്രാക്ക് അദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടുമില്ല. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഉണ്ടാക്കുന്ന തര്‍ക്കങ്ങള്‍ (ഉദാഹരണത്തിന് എലീനയുമായും രജിത് കുമാറുമായും ഉണ്ടായത്) ഓവര്‍ റിയാക്ഷനായി മനസിലാക്കിയ പ്രേക്ഷകരെ കുറ്റം പറയാന്‍ ആവില്ല. സുജോയുടെ കാര്യം പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വേഗത്തില്‍ എത്തുന്ന സഹ മത്സരാര്‍ഥിയാണ് അലസാന്‍ഡ്ര. അലസാന്‍ഡ്രയും സുജോയും തമ്മില്‍ ഒരു പ്രണയം നടക്കുന്നുണ്ടോ അതിന് സാധ്യതയുണ്ടോ എന്ന സംശയം പ്രേക്ഷകരില്‍ ആദ്യ എപ്പിസോഡുകള്‍ മുതല്‍ ഉണ്ടാവാം. എന്നാല്‍ ഷോയില്‍ മുന്നോട്ടുപോകാന്‍ പ്രണയവഴിയേ ശ്രമിച്ചാല്‍ സാധ്യതയുണ്ടെന്ന തരത്തില്‍ ഇരുവരും സംസാരിച്ചത് എപ്പിസോഡില്‍ എയര്‍ ചെയ്തതോടെ അതിനെ പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന് കണ്ടറിയണം. പുറത്താക്കപ്പെടാന്‍ സോമദാസിനെയോ രാജിനി ചാണ്ടിയെയോ പോലെ സാധ്യത പറയാനാവില്ലെങ്കിലും സുരക്ഷിതനെന്നും പറയാനാവില്ല. 

എലീന പടിക്കല്‍

 

പ്രേക്ഷകര്‍ക്ക് പൂര്‍ണമായും വിലയിരുത്താന്‍ ഇതുവരെ സാധ്യമല്ലാതിരുന്ന മറ്റൊരു മത്സരാര്‍ഥി. രജിത് കുമാറിന് ശേഷമോ അദ്ദേഹത്തിനൊപ്പമോ ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം ഹേറ്റേഴ്‌സ് ഉള്ള മത്സരാര്‍ഥിയും എലീനയാണ്. ഉറപ്പുള്ള ബന്ധങ്ങളോ ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കളോയെ ഹൗസില്‍ ഇതുവരെ ഉണ്ടാക്കാനായിട്ടില്ല എലീനയ്ക്ക്. എലീന 'ഫെയ്ക്' ആണെന്ന അഭിപ്രായം തുറന്നുപ്രകടിപ്പിക്കുന്നവരുണ്ട് ബിഗ് ഹോസ് ഹൗസില്‍. ഉദാഹരണത്തിന് ഫുക്രുവിനെപ്പോലെയുള്ളവര്‍. ആവേശത്താല്‍ പലപ്പോഴും പെട്ടെന്ന് പറഞ്ഞുപോകുന്ന സംഭാഷണങ്ങള്‍ എലീനയ്ക്ക് തന്നെ വിനയാവുന്ന കാഴ്ച കഴിഞ്ഞയാഴ്ചയും വേണ്ടുവോളം ഉണ്ടായിരുന്നു. അതേസമയം രജിത്തിനെപ്പോലെ ഒറ്റപ്പെടുത്തല്‍ നേരിടുന്ന ആളെന്ന ലേബല്‍ കിട്ടുന്നതിനാല്‍ വോട്ടിംഗിംനെ അത് പോസിറ്റീവ് ആയി സ്വാധീനിക്കാന്‍ സാധ്യതയുമുണ്ട്. 

അലസാന്‍ഡ്ര

 

ഒരു റിസര്‍വ്ഡ് ആയ മത്സരാര്‍ഥി എന്ന പ്രതിച്ഛായയാണ് അലസാന്‍ഡ്രയ്ക്ക്. ആര്യ, സുജോ, മഞ്ജു തുടങ്ങി ചുരുക്കം പേരോട് മാത്രമാണ് അലസാന്‍ഡ്ര ഹൗസില്‍ അടുപ്പം സൂക്ഷിക്കുന്നത്. സുജോയുമായുള്ള 'ബന്ധ'ത്തെക്കുറിച്ച് ആദ്യം പ്രേക്ഷകര്‍ക്കും സംശയമുണ്ടായിരുന്നെങ്കില്‍ അവരുടെ 'പ്ലാനിംഗ്' കാണികള്‍ എങ്ങനെ വിലയിരുത്തുമെന്ന് കണ്ടറിയണം. ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ആളാണെങ്കിലും കൂടുതല്‍ പേരുമായി ഇടപഴകാന്‍ അലസാന്‍ഡ്രയ്ക്ക് ആവുന്നില്ല. സ്വന്തം ജീവിതം പറഞ്ഞപ്പോള്‍ തന്റെ ഈ റിസര്‍വ്ഡ് സ്വഭാവത്തെക്കുറിച്ച് അവര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.