ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ചൊവ്വാഴ്ച എപ്പിസോഡില്‍ ആരംഭിച്ച രസകരമായ ഗെയിം ടാസ്‌ക് ഇന്നും തുടരുകയാണ്. ബിഗ് ബോസ് ഹൗസ് വനത്തിന് നടുവിലെ ഒരു പഴയ ബംഗ്ലാവായി രൂപാന്തരപ്പെട്ട ടാസ്‌കില്‍ ഓരോരുത്തര്‍ക്കും അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളെയും നല്‍കിയിരുന്നു. സുരേഷ് കൃഷ്ണന്‍ ഒരു സംവിധായകനും ഫുക്രു അദ്ദേഹത്തിന്റെ അസിസ്റ്റന്റും ആയിരുന്നു. തെസ്‌നി ഖാന്‍ ഒരു മന്ത്രവാദിനിയും അലസാന്‍ഡ്രയും സുജോ മാത്യുവും ഒളിച്ചോടിയെത്തുന്ന കാമുകീകാമുകന്മാരുമായിരുന്നു. ഹിന്ദുമത പ്രചരണാര്‍ഥം സഞ്ചരിക്കുന്ന രണ്ട് സന്യാസിമാരായിരുന്നു രജിത്തും രഘുവും. കഥ പുരോഗമിക്കവെ ബംഗ്ലാവില്‍ 'കൊലപാതകങ്ങളും' അരങ്ങേറുന്നുണ്ടായിരുന്നു. 

 

എന്നാല്‍ രജിത്തിനെയും രഘുവിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. യഥാര്‍ഥത്തില്‍ രഘുവും രജിത്തും സന്യാസിമാരല്ലെന്നും അതൊരു വേഷപ്പകര്‍ച്ച മാത്രമാണെന്നുമാണ് ബിഗ് ബോസിന്റെ വെളിപ്പെടുത്തല്‍. യഥാര്‍ഥത്തില്‍ അവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്നും! ബിഗ് ബോസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ (ബിബിഐ) രണ്ട് ഉദ്യോഗസ്ഥരാണ് യഥാര്‍ഥത്തില്‍ രഘുവും രജിത്തും എന്നാണ് ബിഗ് ബോസ് വെളിപ്പെടുത്തുന്നത്. അതില്‍ രഘു ഇന്‍സ്‌പെക്ടറും രജിത്ത് സ്‌പെഷ്യല്‍ സൂപ്പര്‍ഹീറോ പൊലീസ് കോണ്‍സ്റ്റബിള്‍ ആണെന്നുമാണ് ബിഗ് ബോസ് പറയുന്നത്. ബംഗ്ലാവില്‍ നടക്കുന്ന കൊലപാതകങ്ങളിലെ പ്രതികളെ പിടിക്കുക എന്നതാണ് ഇരുവര്‍ക്കും നിലവില്‍ നല്‍കിയിരിക്കുന്ന ടാസ്‌ക്. അതിനുവേണ്ടി എന്ത് വഴിയും സ്വീകരിക്കാമെന്നും ബിഗ് ബോസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.