ബിഗ് ബോസ് വീട്ടില്‍ വീക്കിലി ടാസ്കിന് ശേഷം വ്യത്യസ്തമായൊരു ക്യാപ്റ്റന്‍സി ടാസ്കാണ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ഈ ആഴ്ചയിലെ ക്യാപ്റ്റനായ രജിത് കുമാര്‍ പുറത്തുപോയതിന് ശേഷം ക്യാപ്റ്റനില്ലാതെയാണ് ഈ ആഴ്ച കടന്നുപോയത്. പിന്നാലെ വന്ന ക്യാപ്റ്റന്‍സി ടാസ്കില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു.

കോയിന്‍ ജാക്കറ്റില്‍ പരസ്പരം ഒട്ടിച്ചുവയ്ക്കുക എന്നതായിരുന്നു ടാസ്ക്. ടാസ്ക് അവസാനിക്കുമ്പോള്‍ ശരീരത്തില്‍ കോയിനൊന്നും ഇല്ലാത്തവരാണ് വിജയിക്കുക എന്നതായിരുന്നു ബിഗ് ബോസ് അറിയിച്ചത്. തുടര്‍ന്ന് പുറത്തുവന്ന പ്രൊമോ വീഡിയോയിയിലാണ് സുജോയ്ക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളുള്ളത്.

പരസ്പരം ശരീരത്തില്‍ കോയിന്‍ ഒട്ടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതും എല്ലാവരും ഓടുന്നതുമെല്ലാം പ്രൊമോയില്‍ കാണാം. ഇതിനിടയില്‍ ആരോ എവിടെയോ ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നു. സുജോ എന്നു വിളിച്ച് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന അലസാന്‍ന്‍ഡ്രയെയും കാണാം. എന്തോ പറ്റിയെന്ന് പറഞ്ഞ് എല്ലാവരും ഓടിയെത്തുന്നു. തുട‍ര്‍ന്ന് കണ്‍ഫഷന്‍ റൂമിലേക്ക് സുജോയെ ബിഗ് ബോസ് വിളിപ്പിക്കുന്നതും കാണാം. തലയ്ക്ക് കൈവച്ചാണ് സുജോ ഇരിക്കുന്നത്.  അപകടങ്ങളും രോഗങ്ങളും തുടര്‍ക്കഥയായ ബിഗ് ബോസ് വീട്ടില്‍ നിന്ന് സുജോ കൂടി പുറത്തേക്ക് പോകുമോ എന്നതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.