മത്സരങ്ങളുടേത് മാത്രമല്ല ബിഗ് ബോസ്, സൗഹൃദങ്ങളുടേതുമാണ്. ടാസ്‍ക്കുകളിലെ മത്സരങ്ങളില്‍ ഓരോരുത്തരും മികവുറ്റ പോരാട്ടം നടത്താറുണ്ട്. കയ്യങ്കളിയിലേക്ക് വരെ എത്താറുണ്ട്. എന്നാല്‍ ടാസ്‍ക്കുകള്‍ക്ക് അപ്പുറത്ത് ആഘോഷങ്ങളുടെയും ഭാഗമാകാറുണ്ട് ബിഗ് ബോസ്. ലോക വനിതാദിനത്തോടനുബന്ധിച്ച് ബിഗ് ബോസ്സിലെ അനുഭവം പറയാൻ ഇന്ന് മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു.

രേഷ്‍മയെ ആയിരുന്നു സംസാരിക്കാനായി മോഹൻലാല്‍ ആദ്യം ക്ഷണിച്ചത്. വ്യത്യസ്‍ത തരത്തിലുള്ള സ്‍ത്രീകളെ പരിചയപ്പെട്ടെന്നും വളരെ പെട്ടെന്ന് ദേഷ്യം വരുന്ന തന്റെ സ്വഭാവം രണ്ടാം വരവില്‍ മാറ്റാൻ ശ്രമിച്ചെന്നും രേഷ്‍മ പറഞ്ഞു. വനിതാ ദിനത്തില്‍ ബിഗ് ബോസ് പോലുള്ള ഒരു ഷോയില്‍ സംസാരിക്കാൻ അവസരം കിട്ടിയതില്‍ വലിയ സന്തോഷമെന്നായിരുന്നു വീണ നായര്‍ പറഞ്ഞത്. ശിവശക്തി എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാൻ. ശിവനും ശക്തിയുമില്ലാതെ ഒന്നുമില്ല. രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ അച്ഛനും ഭര്‍ത്താവിനും ഇവിടെയിരിക്കുന്ന ചേട്ടൻമാര്‍ക്കും അനിയൻമാര്‍ക്കും വനിതാ ദിന ആശംസകള്‍ എന്നും വീണ പറഞ്ഞു. കരുത്തോടെ പിന്തുണ നല്‍കുന്ന എല്ലാ പുരുഷൻമാര്‍ക്കും നന്ദിയെന്നായിരുന്നു ആര്യ പറഞ്ഞത്. വനിതകളും പുരുഷൻമാരും തമ്മില്‍ വേര്‍തിരിവ് തോന്നാത്ത ആളാണ് താനെന്നും ആര്യ പറഞ്ഞു. ടാസ്‍ക്കുകളിലൊന്നും ബിഗ് ബോസ്സില്‍ സ്‍ത്രീകള്‍ക്കും പുരുഷൻമാര്‍ക്കും വ്യത്യാസമുണ്ടായിട്ടില്ല.

ലോകത്തെ കരുത്തരായ സ്‍ത്രീകളെപ്പോലെ മകളെയും കരുത്തയായ സ്‍ത്രീയായി വളര്‍ത്തണമെന്നാണ് ആഗ്രഹമെന്നും ആര്യ പറഞ്ഞു. ആര്യ പറഞ്ഞതുതന്നെയാണ് പറയാനുള്ളത് എന്നാണ് അമൃതയും അഭിരാമിയും പറഞ്ഞത്. രണ്ട് അമ്മമാര്‍, മൂന്ന് അമ്മമാര്‍ ഇവിടെ ഇരിക്കുന്നു, അവര്‍ ഇത്രയും നാളായി മക്കളെ കാണാതെ ഇരിക്കുന്നു. അത് പ്രൊഫഷണോടുള്ള സമര്‍പ്പണം കൂടിയാണ്. അവര്‍ ഒരു മാതൃകയാണ് തീര്‍ക്കുന്നത് എന്നും അമൃതയും അഭിരാമിയും പറഞ്ഞു.

കരുത്തയായ ഒരു സ്‍ത്രീയാണ് താൻ എന്ന് വിശ്വസിക്കുന്നുവെന്ന് അലസാൻഡ്ര പറഞ്ഞു. അമ്മയെക്കാള്‍ അച്ഛനോടാണ് തനിക്ക് കൂടുതല്‍ അടുപ്പമുണ്ടായത് എന്ന് അലസാൻഡ്ര പറഞ്ഞു. എന്തെങ്കിലും പ്രശ്‍നങ്ങള്‍ വന്നാല്‍ പുരുഷ വ്യത്യാസമില്ലാത്ത ആള്‍ക്കാര്‍ ആണ് തന്നെ എപ്പോഴും പിന്തുണച്ചതെന്ന് അലസാൻഡ്ര പറഞ്ഞു. തന്നെ കരുത്തയായ സ്‍ത്രീയാക്കി മാറ്റിയതിന് അച്ഛനോട് നന്ദി പറയുന്നുവെന്ന് എലീനയും പറഞ്ഞു.

അമ്മയായിരുന്നു തനിക്ക് കരുത്ത് പകര്‍ന്നതെന്ന് ദയ അശ്വതി പറഞ്ഞു. മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛൻ ഉപേക്ഷിച്ചു. തന്നെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മയാണ് എന്ന് ദയ അശ്വതി പറഞ്ഞു. അമ്മ മരിച്ചപ്പോള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് അവരുടെ അനുജത്തി മേമയാണ് തനിക്ക് കരുത്ത് പകര്‍ന്നത്. അവരാണ് തന്നെ ബിഗ് ബോസ്സിലേക്കും എത്തിച്ചതെന്നും ദയ അശ്വതി പറഞ്ഞു.