ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏറ്റവും അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ചിരുന്ന എപ്പിസോഡ് ആയിരുന്നു ചൊവ്വാഴ്ചത്തേത്. കൗതുകകരമായ വീക്ക്‌ലി ടാസ്‌ക് ആരംഭിച്ച് ഏറെ വൈകാതെ രേഷ്മയുടെ കണ്ണിനുനേര്‍ക്ക് രജിത്തിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം, ഡോക്ടര്‍മാരുടെ പരിശോധന, പിന്നാലെ രേഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലാക്കല്‍, ഏറ്റവുമൊടുവില്‍ ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിന്റെ താല്‍ക്കാലിക പുറത്താകല്‍. 

 

ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്‌കൂള്‍ ആക്കിക്കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക്. ആര്യ 'കര്‍ക്കശക്കാരിയായ' പ്രധാനാധ്യാപികയും സുജോ മോറല്‍ സയന്‍സ് അധ്യാപകനും ദയ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയും ഫുക്രു പൊളിറ്റിക്‌സ് പഠിപ്പിക്കുന്ന അധ്യാപകനുമായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം വികൃതികളായ വിദ്യാര്‍ഥികളും. 'പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത, ഏത് സമയവും തല്ലും വഴക്കുമായിക്കഴിയുന്ന വിദ്യാര്‍ഥികള്‍' പഠിക്കുന്ന സ്‌കൂളെന്ന് ബിഗ് ബോസിന്റെ ടാസ്‌ക് ഫയലില്‍ പ്രത്യേകമായിത്തന്നെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ടാസ്‌ക് ആരംഭിച്ചപ്പോള്‍ രജിത് കാണിച്ച വികൃതിയാണ് അതിരുകടന്ന് പോയതും പുറത്താക്കലിലേക്ക് എത്തിച്ചതും. 

 

ആദ്യ ക്ലാസ് ഫുക്രു വക ആയിരുന്നു. അധ്യാപകനായ ഫുക്രു വിദ്യാര്‍ഥികളോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പിന്നാലെ രേഷ്മയുടെ പിറന്നാള്‍ ദിനമാണ് ഇതെന്ന വിവരം ആരോ പറഞ്ഞു. എല്ലാവരും അഭിനന്ദിച്ച കൂട്ടത്തില്‍ രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കാനായി രേഷ്മയുടെ അടുത്തേക്ക് നീങ്ങി. ശേഷം കയ്യില്‍ കരുതിയിരുന്ന മുളകിന്റെ അംശം രേഷ്മയുടെ കണ്ണിന് താഴെ എഴുതുകയായിരുന്നു. നീറ്റല്‍ സഹിക്കാനാവാതെ നിലവിളിച്ച രേഷ്മയെ രണ്ടുപേര്‍ ചേര്‍ന്ന് ആദ്യം വാഷ്‌റൂം ഏരിയയിലേക്ക് കൊണ്ടുപോയി കണ്ണ് കഴുകിച്ചു. പിന്നാലെ ബിഗ് ബോസ് രേഷ്മയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പുറത്ത് ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുകഴിഞ്ഞ് രജിത് കുമാറിന് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ബിഗ് ബോസ് തങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവന്ന തീരുമാനം അറിയിക്കുകയായിരുന്നു. അവിടെനിന്ന് നേരിട്ട് രജിത്തിനെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. 

 

കണ്‍ഫെഷന്‍ മുറിയില്‍ വച്ച് ബിഗ് ബോസ് രജിത്തിനോട് പറഞ്ഞത്

'രജിത്, ഇന്ന് 2020 മാര്‍ച്ച് ഒന്‍പതാം തീയ്യതി നടന്ന വീക്ക്‌ലി ടാസ്‌കിനിടയില്‍ ബിഗ് ബോസ് ഹൗസിലെ ആക്റ്റിവിറ്റി ഏരിയയില്‍ വച്ച് ഇവിടുത്തെ മത്സരാര്‍ഥിയായ രേഷ്മയോട് ചെയ്ത പ്രവര്‍ത്തിയുടെ തീവ്രത വളരെ ഗൗരവമേറിയതാണ്. ഈ ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍, നിങ്ങള്‍ രേഷ്മയോട് ചെയ്ത തെറ്റിലൂടെ നിങ്ങള്‍ നിരാശപ്പെടുത്തിയത് മറ്റ് മത്സരാര്‍ഥികളെയും മുഴുവന്‍ പ്രേക്ഷകരെയും മാത്രമല്ല, ഇത്രയും നാളുകളായി സ്‌നേഹത്തോടെ നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ആരാധകരെക്കൂടിയാണ്. അകാരണമായി മറ്റുള്ള മത്സരാര്‍ഥികളെ ആക്രമിക്കുന്നത് ഈ ബിഗ് ബോസ് വീടിന്റെ നിയമാവലിയില്‍ ഏറ്റവും വലിയ കുറ്റകൃത്യമാണ്. നിങ്ങള്‍ ആ നിയമം ലംഘിച്ചതിനാലും നിയമലംഘനം നടന്നത് ഒരു പെണ്‍കുട്ടിക്ക് നേരെ ആയതിനാലും അതിന്റെ അനന്തര നടപടിയായി നിങ്ങളെ ഈ ബിഗ് ബോസ് വീട്ടില്‍നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നു. നിങ്ങളുടെ ഇടതുവശത്ത് കാണുന്ന വാതിലിലൂടെ പുറത്തേക്ക് പോവുക..'