ബിഗ് ബോസ്സില്‍ ഓരോ ദിവസം കഴിയുന്തോറും ഓരോ തരത്തിലാണ് കാര്യങ്ങള്‍. എവിക്ഷൻ ഘട്ടം വരുമ്പോഴാണ് അക്കാര്യങ്ങള്‍ നേരിട്ടു വ്യക്തമാകുക. ഒരുമിച്ചിരിക്കുമ്പോള്‍ ഒരു കൂട്ടമാകുകയും മാറുമ്പോള്‍ മറഞ്ഞുനിന്ന് ആക്രമിക്കുകയുമൊക്കെ ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍. മത്സരാര്‍ഥികള്‍ക്ക് പരസ്‍പരം എങ്ങനെയാണ് എന്ന് മനസ്സിലാക്കാനാകുന്ന ടാസ്‍ക്കുകള്‍ നല്‍കുന്നുമുണ്ട്. ആള്‍ക്കാര്‍ കുറവായിരുന്നിട്ടും ഇന്നത്തെ എവിക്ഷൻ ഘട്ടവും വേറിട്ടുനില്‍ക്കുന്നതായിരുന്നു.

കണ്ണിന് അസുഖം ബാധിച്ചു തിരിച്ചുവന്നവരെയും പുതുതായി വന്നവരെയും ഓപ്പണ്‍ നോമിനേഷനില്‍ വന്ന സൂരജിനെയും ക്യാപ്റ്റനായ പാഷാണം ഷാജിയെയും ആര്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാൻ അനുവാദമില്ലാതിരുന്നു. നാമനിര്‍ദ്ദേശം ചെയ്യാൻ ആദ്യം അവസരം കിട്ടിയത് രജിത് കുമാറിനായിരുന്നു. ഫുക്രുവിനെയാണ് രജിത് കുമാര്‍ ആദ്യം നാമനിര്‍ദ്ദേശം ചെയ്‍തത്. ഗെയിം ഉള്ളപ്പോള്‍ മാത്രമാണ് ഫുക്രു ആക്ടീവ് ആകുന്നത് എന്നാണ് രജിത് കുമാര്‍ കാരണം പറഞ്ഞത്. ജസ്‍ലയെയും രജിത് കുമാര്‍ നാമനിര്‍ദേശം ചെയ്‍തു. തന്നെ താറടിച്ചു കാണിക്കാൻ വേണ്ടി മാത്രമാണ് ജസ്‍ല പ്രവര്‍ത്തിക്കുന്നത് എന്നാണ് രജിത് കുമാര്‍ പറഞ്ഞത്. സൂരജ് വീണയെയും രജിത് കുമാറിനെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. വീണ ഫെയ്‍ക്ക് ആണെന്നും രജിത് കുമാര്‍ മറ്റുള്ളവരെ കേള്‍ക്കാൻ തയ്യാറാവുന്നില്ലെന്നും സൂരജ് പറഞ്ഞു.

രജിത് കുമാറിനെയും ജസ്‍ലയെയുമാണ് ആര്യ നാമനിര്‍ദ്ദേശം ചെയ്‍തത്. രജിത്തിന് കൈ വയ്യ, തോള്‍ ചെരിഞ്ഞുവെന്നൊക്കെയാണ് പറയുന്നത്. എന്നിട്ടും ജോലി ചെയ്‍തു. ജോലി ചെയ്യേണ്ട എന്നു പറഞ്ഞപ്പോള്‍ ലാലേട്ടൻ ചോദിക്കുമ്പോള്‍ താൻ ഒന്നും ചെയ്‍തില്ല എന്ന് എല്ലാവരും പറയില്ലേ എന്നാണ് രജിത്തേട്ടൻ ചോദിച്ചത്. അപ്പോള്‍ എല്ലാവരെയും കാണിക്കാൻ വേണ്ടിയാണ് രജിത്തേട്ടൻ ചെയ്യുന്നത്. രജിത്തേട്ടനെക്കാളും മികച്ചയാള്‍ക്കാര്‍ ഉണ്ടെന്നും ആര്യ പറഞ്ഞു. ഫിസിക്കല്‍ ടാസ്‍ക്കില്‍ ദുര്‍ബലയാണ് ജസ്‍ലയെന്നും ആര്യ പറഞ്ഞു. ജസ്‍ലയ്ക്ക് എല്ലാ കാര്യത്തിലും താല്‍പര്യമില്ല എന്നും ആര്യ പറഞ്ഞു.

വീണാ നായര്‍ നാമനിര്‍ദ്ദേശം ചെയ്‍തത് രജിത് കുമാറിനെയും ഫുക്രുവിനെയുമാണ്. രജിത് കുമാര്‍ എപ്പോഴും ഗെയിമില്‍ തന്നെ നില്‍ക്കുന്നുവെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വീണാ നായര്‍ പറഞ്ഞത്. ഫുക്രു വളരെ ഇമോഷണലാണ്, ബിഗ് ബോസ്സിലെ മികച്ച പോരാളിയാണ്. ബിഗ് ബോസ്സിലെ രണ്ട് മികച്ച പോരാളികളില്‍ ഒരാള്‍ ഫുക്രുവാണ്. തനിക്ക് മുന്നോട്ടുപോകണമെന്നുണ്ട്. തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ഫുക്രുവിനെ നാമനിര്‍ദ്ദേശം ചെയ്യുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. ഫുക്രു നാമനിര്‍ദ്ദേശം ചെയ്‍തത് വീണാ നായരെയും രജിത് കുമാറിനെയുമാണ്. വീണാ നായര്‍ ഇമോഷണലാണ്, രജിത് കുമാര്‍ സഹതാപം കിട്ടാൻ വേണ്ടി ശ്രമിക്കുന്നുവെന്നാണ് ഫുക്രു കാരണമായി പറഞ്ഞത്. പാഷാണം ഷാജി ഫുക്രുവിനെയും ജസ്‍ലയെയും നാമനിര്‍ദ്ദേശം ചെയ്‍തു. ലക്ഷ്വറി ടാസ്‍ക്ക് നടക്കുമ്പോള്‍ ഫുക്രു കാട്ടിയ കാര്യങ്ങളാണ് നാമനിര്‍ദ്ദേശം ചെയ്യാൻ കാരണമായി പാഷാണം ഷാജി പറഞ്ഞത്. ഗെയിം ഗെയിം ആയി എടുക്കുന്നില്ല, ഫുക്രു ഗെയിമില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല മറ്റുള്ളവരുടെ കയ്യില്‍ നിന്ന് ഗെയിം കളയുകയും ചെയ്‍തു. രജിത് സാറിനെ മാത്രം അറ്റാക്ക് ചെയ്യുന്നു. ജസ്‍ലയും മാഷിനെ മാത്രം ടാര്‍ജറ്റ് ചെയ്യുകയാണെന്നും പാഷാണം ഷാജി പറഞ്ഞു. ജസ്‍ല വീണയെയും ആര്യയെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. വീണാ നായര്‍ ഫെയ്‍ക് ഗെയിം നടത്തുന്നു. ആര്യക്ക് പലപ്പോഴും പല അഭിപ്രായമാണെന്നും ജസ്‍ല പറഞ്ഞു.

ഒടുവില്‍ എവിക്ഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ ആരൊക്കെയെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. രജിത്, ആര്യ, വീണാ നായര്‍, ഫുക്രു, ജസ്‍ല, സൂരജ് എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എവിക്ഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം ഉപയോഗിക്കുന്നുണ്ടോയെന്ന് ആര്യയോട് ബിഗ് ബോസ് ചോദിച്ചു. ടാസ്‍ക്കില്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നില്ല എവിക്ഷൻ ഘട്ടം നേരിടുന്നുവെന്നായിരുന്നു ആര്യയുടെ മറുപടി.