സുജോ മാത്യുവിനും രജിത്തിനുമിടയിലുണ്ടായ സംഘര്‍ഷം ബുധനാഴ്ച എപ്പിസോഡിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. രജിത് 'പെണ്ണാളന്‍' എന്ന് വിളിച്ചതിനെത്തുടര്‍ന്ന് സുജോ രജിത്തിനടുത്തെത്തി ഭീഷണി മുഴക്കുകയായിരുന്നു. 'താന്‍ ഇറങ്ങാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തന്നെ തീര്‍ത്തിട്ടേ ഞാനിവിടെനിന്ന് പോകൂ' എന്നായിരുന്നു സുജോയുടെ വാക്കുകള്‍. കഴിഞ്ഞയാഴ്ച രജിത് സുജോയ്‌ക്കെതിരെയും ഇത്തരത്തില്‍ നിയന്ത്രണംവിട്ട് പെരുമാറിയിരുന്നു. ഈ രണ്ട് സംഭവങ്ങളും പരിഗണിച്ച് ബിഗ് ബോസ് അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും രജിത്തിന്റെയും സുജോയുടെയും പേരെടുത്ത് പറഞ്ഞ് ബിഗ് ബോസ് വ്യാഴാഴ്ച എപ്പിസോഡില്‍ മുന്നറിയിപ്പുമായെത്തി. ആരോഗ്യകരമായ സംവാദങ്ങളിലൂടെ മാത്രമേ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാവൂ എന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

ബിഗ് ബോസ് പറഞ്ഞത്..

ബിഗ് ബോസ് വീട് എന്നത് ഒരു കുടുംബമാണ്. പല സാഹചര്യങ്ങളില്‍ നിന്ന് വന്ന, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളാണ് ഇവിടെ ഒരു കുടുംബമായി മാറിയിരിക്കുന്നത്. എല്ലാ കുടുംബങ്ങളിലും അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും വഴക്കുകളും സ്വാഭാവികമാണ്. അത്തരത്തില്‍ ഇവിടെയും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിച്ചേക്കാം. വാക്കുകള്‍കൊണ്ടുള്ളതും ആശയപരവും ആരോഗ്യകരവുമായ സംവാദങ്ങള്‍ അംഗീകരിക്കാവുന്നതാണ്. എന്നാല്‍ ആ സംവാദങ്ങള്‍ ഭീഷണിയുടെ ഭാഷ ഉപയോഗിച്ച് ശാരീരികമായ ആക്രമണങ്ങളുടെ തരത്തിലേക്ക് മാറിയാല്‍ സംഗതി ഗൗരവമേറിയതാവും. ഇന്നലത്തേതുള്‍പ്പെടെ അത്തരം ചില സംഭവങ്ങള്‍ ഈ വീട്ടില്‍ നടന്നത് ബിഗ് ബോസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മനസിലായി. 

സുജോ, രജിത്.. ഇനിമേലാല്‍ അത്തരം അക്രമാസക്തമായ ഭീഷണികളോ ശാരീരിക ആക്രമണങ്ങളോ നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഉടന്‍തന്നെ കര്‍ശന നടപടികള്‍ എടുക്കുന്നതായിരിക്കും. ശാരീരികമായ ആക്രമണങ്ങള്‍ ഇവിടെ ഒരു കാരണവശാലും അനുവദനീയമല്ല. നിങ്ങളെ സസൂക്ഷ്മം കണ്ടുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകര്‍ നിങ്ങളുടെ കളിചിരി തമാശകളും ആശയസംവാദങ്ങളും ആരോഗ്യകരമായ വാക്കുകളും എല്ലാം ആസ്വദിക്കുന്നുണ്ട്. അത് അതിരുവിടാതിരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കുക. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തരായവരാണ് നിങ്ങള്‍ ഓരോരുത്തരും. അതുകൊണ്ട് തുടര്‍ന്നും വാശിയേറിയ ആരോഗ്യകരമായ മത്സരങ്ങള്‍ കാഴ്ചവെക്കുക.