രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീട് ഏറെ രസകരമായിരുന്നു. വീട്ടിലെ മത്സരാര്‍ത്ഥികളെല്ലാം തെസ്നി ഖാന്‍റെ ഹിപ്നോട്ടിസം കണ്ട് ഞെട്ടി. രജിത് കുമാറായിരുന്നു തെസ്നിയുടെ പരീക്ഷണത്തിന് ഇരയായത്. എന്നാല്‍ നേരത്തെ പ്ലാന്‍ ചെയ്ത പ്രകാരമായിരുന്നു ഇതെന്ന് മാത്രം. ഹിപ്നോട്ടിസം പരിപാടി ഉഷാറാക്കി രജിതും തെസ്നിയും ഇരിക്കവെയാണ് ലക്ഷ്വറി ടാസ്ക് എത്തുന്നത്. ബിഗ്‌ബോസ് വീട് ഒരു വലിയ ഹോട്ടലായി മാറിയാല്‍ എങ്ങനെയുണ്ടാകും അതായിരുന്നു ഇത്തവണ ലക്ഷ്വറി ബജറ്റ് ടാസ്‌ക്. രജിത് കുമാറും ജസ്‌ലയും അതിഥികളായി, ആര്യ മാനേജറായി, സെക്യൂരിറ്റിയായ അലസാന്‍ഡ്ര, പ്രദീപായിരുന്നു സര്‍വീസ് ബോയ്. 

എല്ലാവര്‍ക്കും അവരവരുടേതായ റോളുകളുണ്ടായിരുന്നു ടാസ്കില്‍. സംഭവബഹുലമായാണ് വീട്ടിനകത്തെ ടാസ്ക് മുന്നോട്ടുപോയത്. അതിഥിയായി എത്തുന്ന രജിതിനെയും ജസ്ലയെയും മാനേജറായ ആര്യ സ്വീകരിച്ചിരുത്തുന്നു. സ്റ്റാഫായ ദയയോട് മെനു വായിക്കാന്‍ ജസ്ല ആവശ്യപ്പെടുന്നു, ഇംഗ്ലിഷ് അറിയാത്ത ദയ നിരസിക്കുന്നു, ഒടുവില്‍ ജസ്ല തന്നെ ദയയെ ആശ്വസിപ്പിക്കുന്നു. അങ്ങനെ നാടകീയമായി ടാസ്ക് മുന്നോട്ടു പോകുന്നതിനിടയിലാണ് പണിയില്ലാതെ വീടിന്‍റെ പുറത്ത് ചൊറികുത്തിയിരിക്കുന്ന മൂന്നുപേരെ ബിഗ് ബോസ് കാണിക്കുന്നത്.

രേഷ്മയും വീണയും രഘുവുമായിരുന്നു ആ മൂന്നുപേര്‍. ജോലിക്കായി ശ്രമിക്കുന്ന ആ മൂന്നുപേരുടെ സംഭാഷണമാണ് ഏറെ രസകരം. അങ്ങേയറ്റം ചളിയുമായി എത്തുന്ന രഘുവിനെ ആദ്യമായാണ് പ്രേക്ഷകര്‍ കാണുന്നത്. രഘുവിന്റെ സ്‌പെഷ്യൽ 'ഐസ് ബൊണാൻസാ ഓഫർ, വീണയോട് കുടുംബത്തെ കുറിച്ച് ചോദിക്കുന്ന രംഗങ്ങള്‍ തുടങ്ങിയവയെല്ലാം രഘു സ്കോര്‍ ചെയ്യുന്നതായിരുന്നു.  

അതില്‍ ഏറ്റവും ശ്രദ്ധേയമായത് കശ്മീരിലെ 'ബി ഹോട്ട'ലായിരുന്നു. 'വല്യ ഹോട്ടലാ മഞ്ഞൊക്കെ എടുത്തിട്ടാ പെഗ്ഗില് ഐസിട്ടുകൊടുക്കുന്നത്. പ്രത്യേക ഓഫറാണ് ഐസ് ബൊണാന്‍സ ഓഫര്‍. മഞ്ഞില്ലാത്തപ്പോ ഓഫറില്ല, സാദാ സോഡയും വെള്ളവും. മഞ്ഞുവീഴുന്ന സീസണിൽ മാത്രം സെർവ് ചെയ്യുന്ന ബീവറേജ്!, അല്ലാത്തപ്പോ എന്തോ ചെയ്യുമെന്ന് ചോദിച്ച രേഷ്മയോട് അടച്ചിടുമെന്ന് രഘുവിന്‍റെ മറുപടി. രഘുവിന്റെ കുശലാന്വേഷണത്തിനു വീണയുടെ അസാധ്യ കൗണ്ടറും രസകരമായിരുന്നു.