എലീന 10 ദിവസം കൊണ്ട് വീട്ടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. പുറത്തെ ഫാന്‍ബേസ് കൊണ്ട് മാത്രം എത്ര കാലം കളിയില്‍ പിടിച്ചു നില്‍ക്കാനാവും എന്നതാണ് ചോദ്യം. 

 

 

ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് വീട്ടിലെ വേറിട്ടൊരാളായി എലീന പടിക്കല്‍ മാറിക്കൊണ്ടിരിക്കുകയാണ്. എലീനക്കെതിരെ വീട്ടിനുള്ളില്‍ പടയൊരുക്കം രൂക്ഷമാണ്. എന്താണിതിന്റെ കാരണം? എലീനയുടെ ബിഗ് ബോസ് ഗെയിം പ്ലാന്‍ എവിടെയാണ് പിഴച്ചത്? 

ഇന്നലത്തെ എപ്പിസോഡില്‍ എലീനയും വീണയും തമ്മില്‍ നടന്ന ഒരു സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. 

എലീന: ഇവിടെ ഞാന്‍ പലരീതിയില്‍ പെരുമാറി നോക്കി ഒന്നും നടക്കുന്നില്ല. നമുക്ക് പറ്റിയ പണി ആങ്കറിങ് ആണ്. ഈ ഷോ ഒന്നും നമുക്ക് പറ്റിയ പണിയല്ല.

വീണ: നീ നീയായിട്ടു നിന്നാല്‍ മതി.

എലീന: ഓ അതൊന്നും ശരിയാവണില്ല

തനിക്ക് താനായിട്ട് നില്‍ക്കാന്‍ പറ്റുന്നില്ല എന്നാണ് വീണയോട് എലീന പറയുന്നത്. പല രീതിയില്‍ പെരുമാറി നോക്കി. ഒന്നും അങ്ങട്ട് ശരിയാവുന്നില്ല എന്നും.
ഈ സംഭാഷണത്തിന് മുമ്പേ സുജോയും എലീനയുമായി വലിയ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് വീണയുമായി നടന്ന സംസാരം.

സുജോയും രജിത് കുമാറും എലീനയുമായി സംസാരിക്കുമ്പോള്‍, രജിത് തന്റെ പെരുമാറ്റം എന്തുകൊണ്ട് ആളുകള്‍ക്ക് അലോസരമുണ്ടാക്കുന്നു, താന്‍ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടോ എന്ന് എലീനയോട് ചോദിക്കുന്നു. മറുപടിയായി എലീന തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല, എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ഫീല്‍ ചെയ്യുന്നുണ്ട് എന്നു പറയുന്നു. തുടര്‍ന്ന്, ഉദാഹരണമായി അലസാന്‍ഡ്രക്ക് ഫീല്‍ ചെയ്തിട്ടുണ്ട് എന്ന് സൂചിപ്പിക്കാന്‍ ഒരു സംഭവം അവതരിപ്പിക്കുന്നു. രജിത്തും സുജോയും സംസാരിക്കുമ്പോള്‍ രജിത് 'നീ യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയി തുണിയില്ലാതെ നടക്കുമോ' എന്ന് ചോദിച്ചത് അലസാന്‍ഡ്രക്ക് ഫീല്‍ ചെയ്തു എന്നാണ് എലീന പറഞ്ഞത്.

തുടര്‍ന്ന് സുജോ ആ സംഭവത്തെക്കുറിച്ചു വിശദമായി സംസാരിക്കുന്നു. രജിത് അക്കാര്യം തന്നോട് പറയുന്നതിന് അലസാന്‍ഡ്രക്ക് എന്തിന് ഫീല്‍ ചെയ്യണമെന്ന് സുജോ ചോദിച്ചതോടെ എലീന വെട്ടിലായി. തുടര്‍ന്ന് രജിത്തും സുജോയും എലീനയെ സംസാരിച്ചു കുടുക്കുകയും  എലീന പറഞ്ഞതെല്ലാം നിഷേധിക്കുകയും സോറി പറയുകയുമൊക്കെ ഉണ്ടായി.

പറഞ്ഞു കുടുങ്ങി എന്ന് തോന്നിയതിനാല്‍ എലീന കൂടുതല്‍ തര്‍ക്കിക്കാതെ പിന്മാറി. അതിന്റെ വിഷമമാണ് വീണയോട് എലീന പങ്കു വച്ചത്.

എലീന ഫേക്ക് എന്നാണ് ബിഗ് ബോസ് വീട്ടിലുള്ളവര്‍ അവളെ എലിമിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി പറഞ്ഞത്. എലീന പ്ലാന്‍ ചെയ്തു കളിക്കുന്നു എന്നതാണ് പ്രധാന ആരോപണം.

 

 

അതിനവര്‍ നിരത്തുന്ന തെളിവുകള്‍ ഇവയാണ്: 

1. അലസാന്‍ഡ്രയുടെ വിഷയം പോലുള്ള സംഭവങ്ങള്‍ ചെറുതായി ട്വിസ്റ്റ് ചെയ്തു അവതരിപ്പിക്കുന്നു.

2. രാജിനി  ചാണ്ടിയെ വീട്ടിലുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ എലീനയുടെ ഒരാവശ്യവുമില്ലാത്ത കരച്ചില്‍ പ്രകടനം. ഒന്നാം സീസണിലെ സുരേഷ്- പേളി ഇമോഷന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ നോക്കുന്നു എന്നാണ് ചിലരുടെ ആരോപണം.

3.  പരീക്കുട്ടി, ആര്യ, വീണ എന്നിവര്‍ ബിഗ് ബോസ് ഒന്നിലെ ചിലരുമായുള്ള എലീനയുടെ സാമ്യം ചര്‍ച്ച ചെയ്യുന്നുണ്ട്.  എലീന ബിഗ് ബോസില്‍ വരുന്നതിനു മുന്നേ പരീക്കുട്ടിയോട് സാബു -രഞ്ജിനി ട്രാക്ക് പിടിച്ചു കളിക്കാം എന്ന് സംസാരിച്ചിട്ടുണ്ടായിരുന്നത്രെ. എന്നാല്‍, ഇത്തവണ പരീക്കുട്ടി എലീനയെ എലിമിനേഷന് നോമിനേറ്റ് ചെയ്തതു ഫേക്ക് എന്ന കാരണം പറഞ്ഞാണ്.

4. എലീന ബിഗ് ബോസില്‍ കയറുന്നതിനു മുമ്പ് വിവാഹത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ പറഞ്ഞത്, ഒരിക്കലും ബിഗ് ബോസില്‍ നിന്നൊരാളെ തെരെഞ്ഞെടുക്കില്ല, 100 ദിവസം കൊണ്ട് ഒരാളെ മനസിലാക്കാന്‍ ആവില്ല, അമ്മ പറയുന്ന ആളെ കല്യാണം കഴിക്കും എന്നൊക്കെയായിരുന്നു. എന്നാല്‍ അതേ എലീന ആദ്യ ആഴ്ച തന്നെ സുജോയോട് തന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു. ബിഗ് ബോസ് സീസണ്‍ ഒന്ന്  ആവര്‍ത്തിക്കാന്‍ എലീന മനപൂര്‍വമോ അല്ലാതെയോ ശ്രമിക്കുന്നു എന്ന തോന്നലാണ് ഇത് എല്ലാവരിലും ഉണ്ടാക്കിയത്.

ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് എലീന 'ഫേക്ക്' ആണെന്ന ചര്‍ച്ച എല്ലായിടത്തും നിറഞ്ഞത്. കളിക്കാന്‍ വേണ്ടി കളിക്കുന്നു, പ്ലാന്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ വിളിക്ക് കാരണമായത്. എലീന ആദ്യ ദിവസങ്ങളില്‍ രാജിനി ചാണ്ടിയുടെയും രജിത് കുമാറിന്റെയും നല്ല കുട്ടിയാവാനായിരുന്നു ശ്രമിച്ചത്. അത് കൊണ്ട് തന്നെ മറ്റുള്ളവരുമായി അടുപ്പമുണ്ടാക്കാന്‍ എലീനക്ക് കഴിഞ്ഞില്ല. അതിനാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും എലിമിനേഷന്‍ വന്നപ്പോള്‍ വീട്ടിലുള്ളവര്‍ എലീനയെ നിര്‍ദേശിക്കുകയും ചെയ്തു.

എലീനയുടെ പെരുമാറ്റത്തിലെ പ്രത്യേകതകള്‍:

1. രാജിനി ചാണ്ടിയോടുള്ള അമിതമായ അടുപ്പവും മറ്റുള്ളവരോട് സൂക്ഷിക്കുന്ന ബോധപൂര്‍വമായ അകല്‍ച്ചയും. ഇതിനാല്‍ എലീനക്ക് ചെറുപ്പക്കാരുടെ ഗാങ്ങിലും മുതിര്‍ന്നവരുടെ ഗാങ്ങിലും ഇടം കിട്ടിയില്ല.

2. രജിത് കുമാറിനോട് ആദ്യദിവസങ്ങളില്‍ കാണിച്ച അമിത വിധേയത്വം, പിന്നീട് കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാട്

3. അലസാന്‍ഡ്രയെ ഒരു ടാസ്‌ക്കിന്റെ ഭാഗമായി സുജോ പ്രൊപ്പോസ് ചെയ്തതിനു ശേഷം എലീനയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം. ഇതേക്കുറിച്ചു അലസാന്‍ഡ്രയും സുജോയും പലപ്പോഴും ചര്‍ച്ച ചെയ്യുന്നുണ്ട്. എലീന വന്നു കണ്‍ഗ്രാറ്റ്‌സ് പറയുന്നു, അകലം പാലിക്കുന്നു, വീടിനു പുറത്തു സുഹൃത്തുക്കളാവാം എന്ന് പറഞ്ഞു എന്നൊക്കെ

4. കൃത്യമായ നിലപാടില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി. അലസാന്‍ഡ്രയുടെയും രജിത്തിന്റെയും വിഷയത്തില്‍ സംഭവിച്ചത് അതാണ്.

5. ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളെ അനുകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം

എലീന 10 ദിവസം കൊണ്ട് വീട്ടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. പുറത്തെ ഫാന്‍ബേസ് കൊണ്ട് മാത്രം എത്ര കാലം കളിയില്‍ പിടിച്ചു നില്‍ക്കാനാവും എന്നതാണ് ചോദ്യം.