കഴിഞ്ഞദിവസം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ കണ്ട വീണയല്ല. ഇന്ന് പുറത്തുവരുന്ന ബിഗ് ബോസ് ഹൗസില്‍ നമ്മള്‍ കാണുന്നത്. വരാനിരിക്കുന്നത് വലിയൊരു ആശയ സംഘര്‍ഷമാണെന്ന സൂചനയാണ് ബിഗ് ബോസിന്‍റെ ഇന്നത്തെ എപ്പിസോഡിന്‍റെ പ്രൊമോ സൂചിപ്പിക്കുന്നത്. ഇന്നലെ ലക്ഷ്വറി ബഡ്ജറ്റിനുള്ള ടാസ്കില്‍ നിന്ന് ലഭിച്ച തുക മോഷ്ടിച്ചും, തുടര്‍ന്ന് അതില്‍ പതറിയുമാണ് വീണയെ നമ്മള്‍ കണ്ടതെങ്കില്‍ ഇന്ന് അങ്ങേയറ്റം ദേഷ്യത്തില്‍ ജസ്ലയുമായി തര്‍ക്കിക്കുന്ന ഊര്‍ജസ്വലയായ വീണയെയാണ് കാണുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തുടങ്ങിവച്ച കുലസ്ത്രീ..., പുരോഗമനവാദം എന്നീ ആശയങ്ങളുടെ ചര്‍ച്ചകള്‍ക്കുമേലുള്ള സംഘര്‍ഷമാകും ഇന്നത്തെ എപ്പിസോഡിന്‍റെ പ്രധാന ആകര്‍ഷണമെന്നു വേണം കരുതാന്‍. സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യമെന്നും പുരോഗമനവാദം ഇത്തിരി ഓവറാണെന്നും പറഞ്ഞ് വീണ നായരും ആര്യയും പ്രദീപുമടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ ചലനങ്ങളാണ് ബിഗ് ബോസ് ഹൗസിനെ ഇന്ന് സജീവമാക്കുന്നത്.

ജസ്ലയുടെ കാഴ്ചപ്പാടുള്ള മൂന്ന് ലക്ഷം പേര്‍  പോലും കേരളത്തിലെന്നാണ് വീണ തര്‍ക്കത്തിനിടെ പറയുന്നത്. കടുത്ത വാഗ്‍വാദത്തിലേക്ക് സംസാരം കടക്കുന്നതും ഇടയ്ക്ക് ജസ്ല ഇടറുന്നതും പ്രൊമോയില്‍ കാണാം. എല്ലാം കഴിഞ്ഞ് കരയുന്ന വീണയെയാണ് പ്രൊമോയില്‍ കാണാന്‍ സാധിക്കുന്നത്. പുതിയ എപ്പിസോഡിലേക്കുള്ള ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസ് നല്‍കുന്നത്.

മറ്റൊരു വശത്ത് കയ്യാങ്കളിക്ക് മുതിര്‍ന്ന സുജോയ്ക്കും തര്‍ക്കത്തിലേര്‍പ്പെട്ട രജിത് കുമാറിനും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കുന്നതും കാണാം. എന്തായിരിക്കും സംഭവത്തില്‍ ബിഗ് ബോസ് എടുക്കുന്ന തീരുമാനമെന്നതും നിര്‍ണ്ണായകമാണ്. ജസ്ലയും രജിത് കുമാറും ദയയുമാകും കൂടുതല്‍ സ്പേസ് നേടുക എന്നു കരുതിയതില്‍ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് ഹൗസില്‍ മറ്റൊരു ആശയസംഘര്‍ഷത്തിന്‍റെ വാതിലുകളും തുറന്നു വരികയാണ് എന്നതാണ് പുതിയ പ്രത്യേകത.