ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ ഫുക്രു.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാളുടെ യഥാര്‍ഥ പേര് കൃഷ്‍ണജീവ് എന്നാണ്. എന്നാല്‍ ആ പേര് കേട്ടാല്‍ ആര്‍ക്കും മനസിലാവണമെന്നില്ല. ഒരു സാധാരണ പേരെന്ന് മാത്രം തോന്നും. എന്നാല്‍ ഫുക്രു എന്നൊന്ന് പറഞ്ഞു നോക്കൂ. പരിചയത്തിന്റേതായ ഒരു ഭാവമുണ്ടാകും കേള്‍വിക്കാരുടെ മുഖത്ത്. ചിലപ്പോള്‍ ചോദിച്ചെന്നും വരാം, 'ആ ടിക്ടോക്കില് കാണുന്ന പയ്യനല്ലേ' എന്ന്.

ഈ സോഷ്യല്‍ മീഡിയക്കാലത്ത് ഫുക്രുവിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ കൃഷ്‍ണജീവ് ആണ് ഫക്രു എന്ന് അറിയുന്നവര്‍ ചുരുക്കം. ബൈക്ക് സ്റ്റണ്ടര്‍, ഡി ജെ, ടിക് ടോക് താരം തുടങ്ങി ഫുക്രുവിന് വിശേഷണങ്ങള്‍ ഏറെയാണ്. ഡബ്‌സ് മാഷിലാണ് ഫുക്രു തുടങ്ങിയത്. 'ഭാവം കയ്യീന്ന് പോകാതെ' ചുണ്ടനക്കി അഭിനയം തുടങ്ങി. പിന്നെയാണ് ടിക്ടോക്ക് വന്നത്. കണ്ടു മടുത്ത, കേട്ട് പഴകിയ ടിക്ടോക് വീഡിയോകളില്‍ നിന്ന് വ്യത്യസ്‍തമായി സ്വന്തം രൂപവും ശബ്‍ദവും ഏച്ചുകെട്ടലില്ലാതെ പ്രയോഗിച്ചപ്പോള്‍ ഫുക്രു ടിക്ടോക്കിലെ മിന്നും താരമായി. അങ്ങനെ 23 കാരനായ കൃഷ്‍ണജീവ് എന്ന ഫുക്രു ടിക്ടോകില്‍ വിപ്ലവം സൃഷ്ടിക്കാന്‍ തുടങ്ങിയെന്ന് വേണം പറയാന്‍.

കുഞ്ചാക്കോ ബോബന്റെ 'വണ്‍ പ്ലസ് വണ്‍' എന്ന പാട്ടിന് തോള്‍ ചലിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഫുക്രുവിന്റെ തോള്‍ ചലിപ്പിക്കല്‍ വളരെ പെട്ടെന്നാണ് ടിക്ടോക്കില്‍ വൈറലായത്. പിന്നെ ഫുക്രുവായി ടിക്ടോകിലെ താരം.
ലക്ഷക്കണക്കിന് ലൈക്ക്, ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സ്... കൊട്ടാരക്കരക്കാരന്‍ കൃഷ്‍ണജീവ് ഫുക്രുവായതിന് പിന്നില്‍ മറ്റൊരു കഥയുമുണ്ട്. ഐടിഐ പഠനത്തിനൊപ്പം ബൈക്ക് സ്റ്റണ്ടിംഗും ഹരമായി കൊണ്ടു നടക്കുന്ന സമയം. ബൈക്ക് സ്റ്റണ്ടറായ കൃഷ്‍ണജീവിന്റ വണ്ടി നമ്പര്‍ തുടങ്ങുന്നത് KRU എന്ന്. എല്ലാവരും ക്രൂ ക്രൂ എന്ന് വിളിച്ച് എപ്പോഴോ ഫക്രുവായി. പിന്നെ ടിക്ടോക്കിലും അതേ പേര് തന്നെയായി. ഇപ്പോള്‍ ടിക് ടോക് എന്ന് പറഞ്ഞാല്‍ ഫക്രു എന്ന് കേള്‍ക്കുന്നത് വരെയെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

ചേട്ടന്‍ അമല്‍ ജീവ്, അമ്മ താര., അച്ചന്‍ രാജീവ്, ഇവരെല്ലാം കൃഷ്‍ണജീവിന്റെ സ്വപ്‍നങ്ങള്‍ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നവരാണ്. അതെന്തായാലും ബിഗ് ബോസില്‍ ഫുക്രുവിന്റെ ഭാവി എന്തെന്നറിയാന്‍ കാത്തിരിക്കണം.