Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ നിങ്ങളുടെ ഇഷ്‍ടതാരങ്ങളാരൊക്കെ? ഒന്നാമതാര്, അവസാനമാര്?

നിങ്ങള്‍ക്കുവേണ്ടി കളിക്കുന്ന രജിത്, ക്ഷുഭിതയൗവ്വനമായി ഫുക്രു, 50 -ാം ദിവസം ബിഗ് ബോസ് റാങ്കിങ്ങ്: ബിഗ് ബോസ് റിവ്യൂ സുനിതാ ദേവദാസ്
 

bigg boss review 50 days ranking by sunitha devadas
Author
Thiruvananthapuram, First Published Feb 23, 2020, 3:05 PM IST

ആര്യയ്ക്ക് വിനയായത് അമിത ആത്മവിശ്വാസമാണ്. ആര്യയിൽ പ്രേക്ഷകർ കാണുന്നത് അഹങ്കരിയായ ഒരു മത്സരാർത്ഥിയെയാണ്. രജിത് കുമാറിനെ ആവശ്യമില്ലാതെ വ്യക്തിവൈരാഗ്യം കൊണ്ട് ടാർഗറ്റ് ചെയ്യുന്നതും ആര്യയുടെ തനിനിറം പ്രേക്ഷകർ മനസിലാക്കുന്നതിന് കാരണമായി.

bigg boss review 50 days ranking by sunitha devadas

 

ബിഗ് ബോസ് തുടങ്ങിയിട്ട് ഇന്നേക്ക് 50 ദിവസം:
യാത്ര തുടങ്ങുമ്പോൾ 17 പേരാണുണ്ടായിരുന്നത്. 50 ദിവസം പിന്നിടുമ്പോൾ ബാക്കിയുള്ളത് ആറുപേർ. ബിഗ് ബോസ് വീട്ടിൽ അവർ 50 ദിവസം കാഴ്ചവെച്ച പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ നമുക്ക് അവരെ ഒന്ന് വിലയിരുത്തി നോക്കാം.

ഒന്നാം റാങ്ക് രജിത് കുമാറിനാണ്
കാരണം: കഴിഞ്ഞ 50 ദിവസം ഏറ്റവും കൂടുതൽ സ്ക്രീൻ സ്‌പെയ്‌സ് കിട്ടിയ വ്യക്തി. പ്രേക്ഷകർക്ക് കാണാനുള്ള കണ്ടന്‍റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തി. ഗെയിമിനെ വീടിനു പുറത്തും ചർച്ച ആക്കിയ മത്സരാർത്ഥി. ഇവിടെ നിങ്ങൾക്കറിയാം ചിലർ അദ്ദേഹത്തിന് നീതി വേണമെന്ന് പറഞ്ഞു മനുഷ്യാവകാശ കമ്മീഷനിൽ വരെ പോവുകയുണ്ടായി. അത്തരത്തിൽ കേരളത്തെ ഇളക്കി മറിച്ച തരത്തിൽ ഗെയിം കളിച്ച വ്യക്തിയാണ് രജിത് കുമാർ. അദ്ദേഹത്തിന്റെ ഗെയിം സ്ട്രാറ്റജികൾ മറ്റു മത്സരാര്‍ത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. വിക്ടിം പ്ളേയാണ് പ്രധാന തുറുപ്പ് ചീട്ട്. അത് വിജയമായിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് വേണ്ടി ചില പ്രേക്ഷകർ മനുഷ്യാവകാശ കമ്മീഷനിൽ വരെ പോയത് തെളിയിക്കുന്നത്.

തന്റെ എതിരാളികളെ ഓരോരുത്തരെയായി പ്രേക്ഷകർക്ക് ഇട്ടുകൊടുത്ത് അകത്തും പുറത്തും ഒരുപോലെ ഗെയിം കളിക്കുകയാണ് രജിത് കുമാർ. രജിത് കുമാർ വളരെ കൃത്യമായി വന്നു പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നു. കാര്യങ്ങൾ അറിയിക്കുന്നു. അതിനനുസരിച്ചു പ്രേക്ഷകർ പുറത്തു കാര്യങ്ങൾ ചെയ്യുന്നു. പ്രേക്ഷകരുടെ പൾസ് ഇത്രക്കും മനസിലാക്കാൻ കഴിവുള്ള മറ്റൊരു മത്സരാർത്ഥി ഈ സീസണിൽ ഇല്ല. വീട്ടിലുള്ളവർക്ക് വേണ്ടിയല്ലാതെ, ചാനലിന് വേണ്ടിയല്ലാതെ പ്രേക്ഷകർക്ക് വേണ്ടി ഗെയിം കളിക്കുകയും പുറത്തു പ്രേക്ഷകരെ കൊണ്ട് ഗെയിം കളിപ്പിക്കുകയും ചെയ്യുന്ന രജിത് കുമാറല്ലാതെ മറ്റാരാണ് ഒന്നാം റാങ്കിന് അർഹൻ?

രണ്ടാം റാങ്ക് ഫുക്രുവിനാണ്
കാരണം: രജിത് കുമാർ കഴിഞ്ഞാൽ അവിടെ എന്തെങ്കിലും അനക്കം ഉണ്ടാക്കുന്നത് ഫുക്രുവാണ്. രജിത് കുമാർ കളിക്കുന്ന കളിയുടെ നേരെ വിപരീതമാണ് ഫുക്രുവിന്റെ കളി. രജിത് കുമാർ, ഫുക്രു അടക്കമുള്ളവരോട് പോയി ഏറ്റുമുട്ടി വിക്ടിം പ്ലേ കളിക്കുമ്പോൾ രജിത് കുമാറിനെയുൾപ്പെടെ ചൊറിഞ്ഞും എതിർത്തും അടിയുണ്ടാക്കിയും ഒക്കെ ഫുക്രു കളിക്കുന്ന കളി പവർപ്ലേയാണ്. ഇരയാവാനോ ഇരവാദമിറക്കാനോ ഫുക്രുവിനു താല്പര്യമില്ല. എന്നാൽ, വില്ലൻ പരിവേഷമാണ് ഫുക്രുവിനു വേണ്ടത്. അത് കൃത്യമായി ടാസ്ക്ക് ഒക്കെ വരുമ്പോ ഫുക്രു നടപ്പാക്കും.

യുവതലമുറയുടെ പ്രതിനിധിയായാണ് ഫുക്രു. പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളിൽ ഒരാൾ. അതിന്റെയൊരു പ്രസരിപ്പും എനർജിയും പുതുമയുമൊക്കെ ഫുക്രുവില്‍ കാണാനുണ്ട്. മറ്റു മത്സരാര്‍ത്ഥികളിൽ നിന്നും തികച്ചും വ്യത്യസ്‍തനായ മനുഷ്യനാണ് ഫുക്രു. അവനെ അങ്ങനെ എളുപ്പമൊന്നും ആർക്കും മനസിലാവില്ല. വളരെ പച്ചയായ, റോ ആയിട്ടുള്ള ഒരു മനുഷ്യനാണ് ഫുക്രു. അവനു വലിയ വിദ്യാഭ്യാസമില്ല, ഒരുപാട് യാത്ര ചെയ്തിട്ടില്ല, പുസ്തകങ്ങൾ വായിച്ചിട്ടില്ല... വലിയ ജീവിതാനുഭവങ്ങൾ ഇല്ല. എല്ലാ തരത്തിലും രജിത് കുമാറിന്റെ എതിർചേരിയിൽ വരുന്ന ഒരാൾ. അതുകൊണ്ടു തന്നെ രജിത് കുമാറിനോളം പ്രാധാന്യവും പ്രസക്തിയും ഗെയിമിൽ ഫുക്രുവിനു ലഭിക്കുന്നു.

മൂന്നാം റാങ്ക് പാഷാണം ഷാജിക്ക്
കാരണം: നാലു തവണ അടുപ്പിച്ചു കാപ്റ്റൻ.
ഇതുവരെ എലിമിനേഷനിൽ വരാത്ത മത്സരാർത്ഥി. വീട്ടിൽ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി സേഫ്  പ്ലേ കളിക്കുന്ന മത്സരാർത്ഥി. വീട്ടിലെ മധ്യസ്ഥൻ, ടാസ്ക്കുകളിലെ അജയ്യനായ വിജയി. ഒപ്പം നിൽക്കുമ്പോഴും ഒറ്റക്ക് കളിക്കുന്ന ആൾ. ആദ്യ ആഴ്ചകളിലൊക്കെ മത്സരത്തിൽ തന്റെ ഇടം കണ്ടെത്താനാവാതെ പോയെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി മികച്ച ഫോമിൽ. ഒരു മാസം തികയുമ്പോൾ റാങ്ക് ഇട്ടതിൽ പാഷാണത്തിന്റെ റാങ്ക് 11 ആയിരുന്നു. അവിടെനിന്നും വലിയൊരു കുതിപ്പാണ് ഷാജി കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നടത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ മൂന്നാം  റാങ്കു കൊടുക്കുന്നെങ്കിലും അത് നിലനിർത്തുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത മത്സരാർത്ഥി. എലിമിനേഷനിൽ വന്നെങ്കിൽ മാത്രമേ പ്രേക്ഷകരുടെ വിലയിരുത്തൽ അറിയാൻ കഴിയൂ.

നാലാം റാങ്ക് വീണാ നായർക്ക്
കാരണം: ഗെയിം 50 ദിവസം പൂർത്തിയാക്കുമ്പോൾ വലിയ മാറ്റം വന്നൊരു മത്സരാര്‍ത്ഥിയാണ് വീണ നായർ. ഒരു മാസം പൂർത്തിയായപ്പോൾ വീണക്ക് നൽകിയ റാങ്ക് അഞ്ച് ആയിരുന്നു. അവിടെ നിന്നും ഒരു പാടി മേലേക്ക് വീണ കയറി. ആദ്യമൊക്കെ ദുര്‍ബലയായ മത്സരാർത്ഥി ആയിരുന്നു വീണ. എപ്പോഴും കരച്ചിലും കുഞ്ഞിനെ മിസ് ചെയ്യലും കുലസ്ത്രീ അഭിനയവും ഒക്കെയായി പ്രേക്ഷകരെ മടുപ്പിക്കുന്ന രീതി. എന്നാൽ വീണ നായർ ഇപ്പോൾ കരുത്തയായ മത്സരാര്‍ത്ഥിയാണ്.

വീണക്ക് മത്സരാർത്ഥി എന്ന നിലയിൽ വന്ന ശ്രദ്ധേയമായ മാറ്റങ്ങൾ ഒന്ന് നോക്കാം. കരച്ചിലും ബഹളവും നിർത്തി. അമ്പൂച്ചനെയും കണ്ണേട്ടനെയും വിളിച്ചു കാമറയ്ക്ക് മുന്നിൽ വന്നുള്ള കരച്ചിലും സങ്കടം പറച്ചിലും നിന്നു. ഫക്രുവിൽ നിന്നും കൃത്യമായ അകലം പാലിച്ചു ആരോഗ്യകരമായ രീതിയിൽ കളിയ്ക്കാൻ തുടങ്ങി. ആര്യയുമായുണ്ടായിരുന്ന ആത്മബന്ധം കളിക്ക് തടസ്സമാവാത്ത വിധത്തിൽ മാനേജ് ചെയ്യാൻ വീണക്ക് കഴിയുന്നു. ആദ്യദിവസങ്ങളിൽ അകൽച്ച സൂക്ഷിച്ചിരുന്ന രജിത് കുമാറും ജസ്ലയുമായി പോലും അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞു. ടാസ്ക്കുകളിൽ കാണിക്കുന്ന ആത്മസമർപ്പണവും ആത്മാർത്ഥതയും വിജയിക്കാനുള്ള മത്സരബുദ്ധിയും. മൊത്തത്തിൽ വീണ ഇപ്പോൾ ശക്തയായ ഒരു മത്സരാർഥിയാണ്. അവസാന അഞ്ചിൽ വരാൻ സാധ്യതയുള്ള, കരുത്തുള്ള മത്സരാർത്ഥി.

അഞ്ചാം റാങ്ക് ആര്യയ്ക്ക്
കാരണം: വീടിനുള്ളിൽ ഒന്നാം റാങ്കുണ്ടെന്നു നമ്മളും വീട്ടുകാരും കരുതിയ ആര്യയുടെ ഗ്രാഫ് ഇപ്പോൾ താഴോട്ടാണ്. ഒരുമാസം തികഞ്ഞപ്പോൾ നമ്മൾ ആര്യയ്ക്ക് റാങ്ക് ഇട്ടത് മൂന്നാണ്. അവിടെ നിന്നും വീണയുടെയും പാഷാണം ഷാജിയുടെയും പിന്നിലേക്ക് ആര്യ വന്നിരിക്കുന്നു. ആര്യയുടെ ഗ്രാഫ് ഇടിയാനുള്ള കാരണങ്ങൾ നമുക്കൊന്ന് നോക്കാം.

മികച്ച മത്സരാര്‍ത്ഥിയാണ് ആര്യ എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ആര്യയുടെ ഗെയിം സ്ട്രാറ്റജി 50 ദിവസം കഴിയുമ്പോൾ അടപടലം പൊട്ടിയിരിക്കുകയാണ്. ആര്യ ഗെയിം കളിച്ചതു മുഴുവൻ വീട്ടിലുള്ളവർക്ക് വേണ്ടിയാണ്. പ്രേക്ഷകരെ കുറിച്ച് ആര്യയ്ക്ക് ഒരു ബോധവുമില്ല, ധാരണയുമില്ല. അതിനാൽ ആര്യ വീടിനുള്ളിൽ സേഫായി ഇരിക്കാൻ ആദ്യ ആഴ്ചകളിൽ ശ്രമിച്ചു. അത് വിജയിച്ചു. ആദ്യ ആഴ്ചകളിലൊന്നും ആര്യ എലിമിനേഷനിൽ വന്നില്ല. അതിനായി ആര്യ ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരെയും എല്ലാവർക്ക് എതിരെയും തിരിച്ചു. എലീനയെയും രജിത് കുമാറിനെയുമൊക്കെ, ഇപ്പോൾ ജസ്ലയെയും ടാർഗറ്റ് ചെയ്തു കളിച്ചു. മറ്റുള്ളവരെ കളിപ്പിച്ചു. എന്നാൽ മെല്ലെ മെല്ലെ വീടിനുള്ളിലുള്ളവർക്കും പ്രേക്ഷകർക്കും മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആര്യയാണെന്നു ഇപ്പോൾ ബാധ്യം വന്നിരിക്കുന്നു.

അതോടെ ആര്യയുണ്ടാക്കിയ ഗ്രൂപ്പ് പൊളിഞ്ഞു. വീണ തന്നെ ആര്യയെ എലിമിനേഷനിൽ ഇട്ടു. ഫുക്രു ആര്യയുടെ മായാവലയത്തിൽ നിന്നും പുറത്തു ചാടി ഒറ്റക്ക് കളിയ്ക്കാൻ തുടങ്ങി. ആര്യ തനിക്ക് ശക്തിക്ക് വേണ്ടി കൂടെ നിർത്തിയ പാഷാണം ഷാജി ആര്യയെ അട്ടിമറിച്ചു കാപ്റ്റനായികൊണ്ടേയിരിക്കുന്നു.

ആര്യയ്ക്ക് വിനയായത് അമിത ആത്മവിശ്വാസമാണ്. ആര്യയിൽ പ്രേക്ഷകർ കാണുന്നത് അഹങ്കരിയായ ഒരു മത്സരാർത്ഥിയെയാണ്. രജിത് കുമാറിനെ ആവശ്യമില്ലാതെ വ്യക്തിവൈരാഗ്യം കൊണ്ട് ടാർഗറ്റ് ചെയ്യുന്നതും ആര്യയുടെ തനിനിറം പ്രേക്ഷകർ മനസിലാക്കുന്നതിന് കാരണമായി.

ആര്യയ്ക്ക് ആരോടും ഒന്നുമില്ലെന്നും തനിക്ക് ജയിക്കാൻ വേണ്ടി ബിഗ് ബോസ് കിരീടം ചൂടാൻ വേണ്ടി എല്ലാവരെയും ഉപയോഗിക്കുകയാണെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകർക്കും ഒരുപോലെ മനസിലായതാണ് ആര്യയുടെ ഗ്രാഫ് താഴാനുള്ള പ്രധാന കാരണം.

ആറാം റാങ്ക് ജസ്ല മാടശ്ശേരിക്ക്
പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തി ബിഗ് ബോസ് വീടിനുള്ളിൽ കയറിപ്പോയ മത്സരാര്‍ത്ഥിയാണ് ജസ്ല. ആദ്യ രണ്ടുദിനം രജിത് കുമാറിനോട് അടിയുണ്ടാക്കി ജസ്ല സ്ക്രീൻ സ്‌പെയ്‌സ് പിടിച്ചു. മൂന്നാമത്തെ ദിനം മുതൽ ജസ്ലയുടെ ഗെയിം പ്ലാൻ മനസിലായ രജിത് കുമാർ ജസ്ലയെ അവഗണിച്ചതോടെ ജസ്ല നിഷ്പ്രഭയായി. ഷോയിൽ ഇല്ലാതായി. സ്ക്രീൻ സ്‌പെയ്‌സ് കിട്ടാതായി.
മൂന്നാമത്തെ ദിവസം ജസ്ല വീണ നായരുമായി ഏറ്റുമുട്ടി. വിശ്വാസവും ഭരണഘടനയുമായിരുന്നു വിഷയം. ജസ്ലക്ക് എളുപ്പം പറഞ്ഞു ജയിക്കാവുന്ന വിഷയമായിട്ടും ജസ്ല കുലസ്ത്രീയായി അവതാരമെടുത്ത വീണക്ക് മുന്നിൽ അടിപതറി നിന്നതാണ് പ്രേക്ഷകർ കണ്ടത്. അന്ന് മുതൽ ജസ്ല ആ വീടിനുള്ളിൽ ഉണ്ടോന്നു പോലും അറിയാതെയായി.

അത് കഴിഞ്ഞു ജസ്ലക്കുണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു. വീണയുടെയും ആര്യയുടെയും ടീമിൽ ജസ്ലയും ചേർന്നു. അന്ന് മുതലാണ് യഥാർത്ഥ ജസ്ല എന്താണെന്ന് പ്രേക്ഷകർ കാണാൻ തുടങ്ങിയത്. രജിത് കുമാറിനോട് സംസാരിക്കുമ്പോൾ വലിയ നിലപാടുകളും പൊളിറ്റിക്കൽ കറക്ട്നെസും ഫെമിനിസവും പറഞ്ഞിരുന്ന ജസ്ല അതിൽ നിന്നൊക്കെ പുറകോട്ട് പോയി. ആണും പെണ്ണും കെട്ടവൻ എന്ന് വീണ പവനെ വിളിക്കുമ്പോൾ ജസ്ല പുറകിൽ നിന്ന് പ്രോത്സാഹിപ്പിക്കുന്നതുവരെ പ്രേക്ഷകർ കണ്ടു. വിശ്വാസം, സദാചാരം, ബന്ധങ്ങൾ, കുടുംബം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള കേരളത്തിൽ ഈ ഗെയിം എങ്ങനെയാണു കളിക്കേണ്ടത് എന്ന് വളരെ കൃത്യമായി അറിയാവുന്ന ആളായ രജിത് കുമാർ വിരിച്ച വലയിൽ പോയിവീണ് ജസ്ല എന്ന മത്സരാർത്ഥി പരാജയപ്പെട്ടു എന്ന് പറയാം. ജസ്ലക്കിപ്പോൾ പഴയ എനർജി ഇല്ല. പ്രസരിപ്പില്ല. സ്യുഡോ സയൻസ് എന്നും ഭരണഘടനയുടെ ആമുഖം എന്നും പറഞ്ഞു ബഹളം വച്ചാൽ കളിയ്ക്കാൻ കഴിയുന്ന ഗെയിമല്ല ബിഗ് ബോസ് എന്നതിനാൽ ജസ്ല ഇവിടെ പരാജയപ്പെട്ടു പോയിരിക്കുന്നു.

ഏഴാം റാങ്ക് സൂരജിന്
ആർ ജെ സൂരജ് ബിഗ് ബോസ് വീടിനുള്ളിൽ ഇതുവരെ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. കുളിയും നനയും കൂർക്കം വലിയും മാത്രമാണ് പ്രേക്ഷകർ കാണുന്നത്. സൂരജ് അവിടെ ഒരു സന്ദർഭത്തിലും തന്റെ സാന്നിധ്യമൊന്നും അറിയിക്കുന്നില്ല. സദാ അലസമായി കസേരയിൽ കിടക്കുന്ന സൂരജ് ഗെയിമിന് പ്രത്യേകിച്ചൊന്നും സംഭാവന നൽകുന്നുമില്ല. അത് കൂടാതെ ആര്യയുടെ വാലായി നടക്കുന്നതാണ് ഗെയിം എന്ന് സൂരജ് ധരിച്ചതായും കാണുന്നു. ഏറ്റവും അവസാനത്തെ റാങ്ക് അതിനാൽ സൂരജിന് കൊടുക്കുന്നു.

അപ്പൊ ഇതൊക്കെയാണ് എനിക്ക് മത്സരാർത്ഥികൾക്ക് ഇടാനുള്ള റാങ്കുകൾ. നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളിടുന്ന റാങ്കുകൾ കമന്‍റായി ഇടൂ.

Follow Us:
Download App:
  • android
  • ios