ബിഗ് ബോസ് വീട്ടിൽ ഇന്നലെ ക്യാപ്റ്റന്‍ തെരഞ്ഞെടുപ്പായിരുന്നു. കോൾ സെന്റർ ടാസ്ക്കിൽ വിജയം നേടിയ ടീം എയിൽ നിന്നും മൂന്നു പേരെ ക്യാപ്റ്റൻ മത്സരത്തിന് തെരെഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.  

 

ടീം എ ടാസ്ക്കിൽ വിജയിച്ചത് രജിത് കുമാർ രേഷ്മയെ വിളിച്ചു നേടിയ ഒരു പോയിന്റിൽ നിന്നാണ്. എന്നാൽ വീട്ടിലുള്ളവർ രജിത്തിനെ കാപ്റ്റനായി മത്സരിക്കാൻ അനുവദിച്ചില്ല. അവർ കാരണം പറഞ്ഞത് ഫുക്രു പറഞ്ഞു കൊടുത്ത പോയിന്റുകൾ ഉപയോഗിച്ചാണ് രജിത് രേഷ്മയോട് സംസാരിച്ചതെന്നാണ്. എങ്കിൽ ഫുക്രുവിനേയും തന്നെയും തെരെഞ്ഞെടുക്കണമെന്നു രജിത് ആവശ്യപ്പെട്ടു. എന്നാൽ വീടിനുള്ളിലുള്ളവർ ഒറ്റക്കെട്ടായി നിൽക്കുകയും രജിത്തിനെ തഴയുകയും ചെയ്തു. തന്നെ ഉൾപ്പെടുത്തണമെന്ന് രജിത് ആവശ്യപ്പെട്ടിട്ടും വീട്ടിലുള്ളവർ അതിനു തയ്യാറായില്ല.

ബിഗ് ബോസ് വീട്ടിൽ ഇക്കഴിഞ്ഞ ആഴ്ചയിൽ നടന്ന പല കാര്യങ്ങളും കളിയുടെ അടിസ്ഥാന നിയമങ്ങളെ പോലും അട്ടിമറിക്കുന്നതാണ്. എന്നാൽ ബിഗ് ബോസ് എവിടെയും ഇടപെട്ടു കണ്ടില്ല. ബിഗ് ബോസ് കോൾ സെന്റർ ടാസ്ക്കിനെക്കുറിച്ചു പറഞ്ഞത് വീടിനുള്ളിലെ കാര്യങ്ങൾ ചോദിക്കാം എന്നാണ്. എന്നാൽ രജിത് രേഷ്മയോട് ചോദിച്ച കാര്യങ്ങൾ വീടിനകത്തു നടന്നതാണോ? രേഷ്മ പ്രദീപിന്റെ പുതപ്പിനകത്തു കയറി കെട്ടിപ്പിടിച്ചോ? ഉമ്മ വച്ചോ? രേഷ്മ സിഗരറ്റ് വലിച്ചോ? രഘുവുമായി ചേർന്ന് മൂലക്ക് എന്തോ വൃത്തികേട് ചെയ്തോ?  ഇതൊന്നും രേഷ്മ ചെയ്തിട്ടില്ലെങ്കിൽ രജിത് കുമാർ കളിയുടെ നിയമം തെറ്റിച്ചിട്ടുണ്ട്.  

 

രേഷ്മ സിഗരറ്റു വലിച്ച കാര്യം സംസാരത്തിൽ അംഗീകരിച്ചു. അവിടെയും തീരുന്നില്ല പ്രശ്നം. ഒറ്റക്ക് സിഗരറ്റ് വലിച്ചാൽ അത് ടെലികാസ്റ്റ് ചെയ്യില്ല എന്നാണ് എല്ലാ ബിഗ് ബോസിലെയും നിയമം. രേഷ്മ സിഗരറ്റ് വലിച്ചത് പ്രേക്ഷകർ കണ്ടിട്ടുമില്ല. അങ്ങനെയെങ്കിൽ കളിയുടെ നിയമം രജിത് കുമാർ ലംഘിച്ചില്ലേ?

എന്നിട്ടും അതിൽ ഇടപെടുന്നതിന് പകരം ഒരു പോയിന്റ് രജിത് കുമാറിന് നൽകുകയാണ് ബിഗ് ബോസ് ചെയ്തത്. എന്നിട്ടും രജിത്തിനെ കാപ്റ്റൻസി ടാസ്ക്കിനു വീട്ടിലുള്ളവർ തെരഞ്ഞെടുക്കുകയും ചെയ്തില്ല.  ഇവിടെ ആർക്കൊക്കെയാണ് തെറ്റു പറ്റിയത്? രജിത്തിന്‌? ബിഗ് ബോസിന്? മറ്റു മത്സരാർത്ഥികൾക്ക്?

 

കളിയിലെ പ്രധാന നിയമമാണ് പുറത്തു നടക്കുന്ന കാര്യങ്ങൾ അകത്തു പറയരുത് എന്നത്. പവൻ അകത്തു പോകുമ്പോൾ ലാലേട്ടൻ അത് പറഞ്ഞാണ് വിട്ടതും. എന്നാൽ പവൻ എല്ലാ കളിനിയമങ്ങളും തെറ്റിച്ചു. പ്രേക്ഷകർ കണ്ട എപ്പിസോഡുകളിൽ തന്നെ പവൻ പലതവണ പുറത്തെ കാര്യങ്ങൾ അകത്തുള്ളവരെ അറിയിക്കുന്നുണ്ട്. രജിത്തിന്‌ പുറത്തു വലിയ പിന്തുണ ഉണ്ടെന്നും സുജോ-സാന്ദ്ര ബന്ധം പുറത്തു ചീത്ത രീതിയിൽ ചർച്ച ഉണ്ടെന്നും കളിയിൽ പോലും ഇല്ലാത്ത സഞ്ജന എന്നൊരു പെണ്കുട്ടിയെക്കുറിച്ചു വീടിനകത്തു പറയൽ ഉൾപ്പെടെ പവൻ കളി നിയമങ്ങൾ മുഴുവൻ തെറ്റിച്ചു. അത് കൂടാതെ രജിത് കുമാറിന് പുറത്തുള്ള ഫാൻ സപ്പോർട്ട് മനസിലാക്കി അകത്തു പോയി രജിത്തിനെ ചുറ്റിപ്പറ്റി അയാളെകൂടി ആശയ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. പവനും സുജോയും സാന്ദ്രയും കൂടി നടത്തുന്ന അടിയും ബഹളവും സ്ക്രീൻ സ്പെയ്സിനും വിജയിക്കാനുമുള്ള ഒരു ഒത്തുകളിയാണോ എന്നും സംശയിക്കേണ്ട സാഹചര്യങ്ങൾ നിലവിലുണ്ട്. പവൻ അകത്തു കയറി സുജോയുമായി കളി പ്ലാൻ ചെയ്തതാണോ അടിയുണ്ടാക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ബിഗ് ബോസ് വീട്ടിൽ പേനയും പേപ്പറും കൊടുക്കാറില്ല. മത്സരാർത്ഥികൾ പരസ്പരം രഹസ്യ ആശയവിനിമയം നടത്താതിരിക്കാൻ വേണ്ടിയാണിത്. എന്നാൽ വീട്ടിലുള്ളവർ പലപ്പോഴും ടിഷ്യു പേപ്പറിൽ ഐ ലൈനർ കൊണ്ട് എഴുതി പരസ്പരം നൽകുന്നത് കാണുന്നുണ്ട്. രാജിനി ചാണ്ടി പോയപ്പോൾ മത്സരാര്ഥികളിൽ ചിലർ ഫോൺ നമ്പർ എഴുതി നൽകുന്നതും ഇന്നലെ അലസാൻഡ്ര സുജോയുടെ പിറന്നാളിന് കുറെയധികം എഴുതി നൽകിയതും പ്രേക്ഷകർ കണ്ടു. അലസാന്ദ്രയും സുജോയും അതിലൂടെ എന്തെല്ലാമായിരിക്കും ആശയവിനിമയം നടത്തിയിട്ടുണ്ടാവുക? ഇത്തരത്തിൽ പരസ്യമായി നിയമം ലംഘിക്കുമ്പോൾ പോലും ഇവർക്കൊന്നും ബിഗ് ബോസ് ഒരു താക്കീത് പോലും നൽകുന്നതായി കാണുന്നില്ല.

 

കണ്ണിനസുഖമുള്ളവർ മറ്റുള്ളവരിൽ നിന്നും മാറിയിരിക്കണമെന്നു ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടും അലസാന്ദ്ര അതിനു തയ്യാറായില്ല. സുജോയോടൊപ്പം അലസാന്ദ്ര നടക്കുന്നത് കണ്ടു സുജോക്ക് അസുഖം വരുമെന്ന് ഓർമിപ്പിച്ച പാഷാണം ഷാജിയുമായി സുജോയും അലസാന്ദ്രയും അടിയുണ്ടാക്കി. എന്നാൽ ഇന്ന് സുജോ കണ്ണിനു അസുഖം ബാധിച്ചു വീട്ടിൽ നിന്നും പുറത്തേക്ക് പോയി. ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയതിന് ശേഷവും അലസാന്ദ്ര വീട്ടിൽ മാറി നിൽക്കണോ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കാനോ തയ്യാറായില്ല. എല്ലാവരെയും കെട്ടിപ്പിടിക്കുകയും സുജോയെ ഉമ്മ വക്കുകയും ചെയ്തു. ഇത്തരത്തിൽ മറ്റു മത്സരാർത്ഥികളുടെ ആരോഗ്യസ്ഥിതി പോലും അവഗണിക്കുന്ന പെരുമാറ്റം ബിഗ് ബോസ് ചോദ്യം ചെയ്യേണ്ടതുണ്ട്.  കുറെ മനുഷ്യർ ഒന്നിച്ചു ജീവിക്കുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം.

ഇന്നലെ കാപ്റ്റൻ തെരെഞ്ഞെടുപ്പിൽ  വീട്ടിലുള്ളവരും ബിഗ് ബോസും കാണിച്ചത് അനീതിയാണെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇവയാണ്.

1 . കാപ്റ്റൻ മത്സരത്തിന് വീട്ടിലുള്ളവർ തെരെഞ്ഞെടുത്തത് പ്രദീപ്, പാഷാണം ഷാജി, ദയ എന്നിവരെയാണ്. ഇതിൽ ദയ ആരോട് എന്ത് സംസാരിച്ചു എന്നോ ദയയോട് ആരെങ്കിലും എന്തെങ്കിലും സംസാരിച്ചോ എന്നോ പ്രേക്ഷകർ കണ്ടിട്ടില്ല. അത്ര മികച്ച പ്രകടനമാണ് ദയ നടത്തിയതെങ്കിലും എന്ത് കൊണ്ട് അത് പ്രേക്ഷകരെ കാണിച്ചില്ല?

2 . ടീം എ വിജയികളായത് രജിത്കുമാർ നേടിയ ഒരേയൊരു പോയിന്റ് കൊണ്ടാണ്. അതിൽ ഫുക്രുവിനു പങ്കുണ്ടെങ്കിൽ ഫുക്രുവും രജിത്തും തെരെഞ്ഞെടുക്കപ്പെടണമായിരുന്നു.

3 . രജിത്തിന്റെ നിലപാടുകളോടും ഗെയിം രീതികളോടും വീടിനുള്ളിലെ മറ്റ് അംഗങ്ങളോടുള്ള ഇടപെടൽ രീതിയിലുമൊക്കെ എല്ലാവര്ക്കും വിയോജിപ്പുണ്ടാവാം. വിയോജിക്കാനുള്ള എല്ലാ അവകാശവും ഉണ്ട് താനും. എന്നാൽ രണ്ടു ടീമായി കളിച്ചു ജയിച്ചതിനു ശേഷം രജിത്തിനെ മാത്രം ഒഴിവാക്കി കൊണ്ട് രണ്ടു ടീമുകളും ഒന്നിക്കുകയായിരുന്നു.

4 . വീടിനുള്ളിൽ ആര്യയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശക്തമാണ്. അവർ പാഷാണം ഷാജിയെയോ പ്രദീപിനെയോ ക്യാപ്റ്റൻ ആക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് ഇന്നലത്തെ കളി എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ദയയുടെ ടാസ്ക്ക് സീൻ നമ്മൾ കാണാത്തിടത്തോളം അവൾ മിടുക്കിയായി കളിച്ചതു കൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു എന്നതിനേക്കാൾ പ്രദീപിനോ ഷാജിക്കോ ജയിക്കാൻ കൂട്ടത്തിൽ ദുര്ബലയായ് ദയയെ ഇട്ടു എന്ന് അനുമാനിക്കേണ്ടി വരും.

5 . ബിഗ് ബോസിനോട് രജിത് പരാതി പറഞ്ഞപ്പോൾ ബിഗ് ബോസിന്റെ മറുപടി വീടിന്റെ കാപ്റ്റൻ എന്നത് ഒരു ടീമിന്റെ നാഥനല്ല മറിച്ചു വീടിന്റെ നാഥനാണ്. അതിനാൽ വീട്ടിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു. എങ്കിൽ പിന്നെ എന്തിനാണ് ജയിച്ച ടീമിൽ നിന്നും കാപ്റ്റനെ തെരഞ്ഞെടുക്കുക എന്ന നിയമം? വീട്ടിലുള്ളവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നു പേരെ തെരെഞ്ഞെടുക്കൂ എന്ന് പറഞ്ഞാൽ പോരെ?

6 . ബിഗ് ബോസ് ഒരു ഗെയിം ആണ്. എല്ലാ മത്സരാര്ഥികളുടെയും ആഗ്രഹം എതിരാളികളെ തോൽപ്പിക്കുക എന്നത് തന്നെയാണ്. അത് ഏതു വിധേനയും കുതികാൽ വെട്ടി വീഴ്ത്തി ആവാതിരിക്കാനാണല്ലോ ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച വച്ച മൂന്നു പേര്  മത്സരിക്കട്ടെ എന്ന നിയമം ഉണ്ടായത്. പിന്നെന്തു കൊണ്ട് രജിത്തും ഫുക്രുവും ആ ലിസ്റ്റിൽ വന്നില്ല?

7 . പ്രേക്ഷകർ കണ്ടതിൽ ഫുക്രു മികച്ച പ്രകടനം കാഴ്ച വച്ചതായിട്ടാണ് കണ്ടത്. എന്നിട്ടും എന്ത് കൊണ്ട് ഫുക്രു ലിസ്റ്റിൽ വന്നില്ല. ഫുക്രു ആര്യയുടെ ടീമിന്റെയും ഗൂഢാലോചനയുടെയും ഭാഗമായി വന്നു എന്നത് കൊണ്ട് അവനു പരാതിയില്ല. ഫുക്രുവിനു പരാതിയില്ല എന്ന് കരുതി അത് നീതിയാവുന്നത് എങ്ങനെയാണു?  പാഷാണം ഷാജിയെക്കാളും പ്രദീപിനേക്കാളും മികച്ച പ്രകടനം കാഴ്ച വച്ചത് ഫുക്രുവാണു. കൂടാതെ വീട്ടിലുള്ളവർ തന്നെ പറയുന്നു ഫുക്രു കാരണമാണ് രജിത് വിജയിച്ചു പോയിന്റ് നേടിയതെന്ന്. എങ്കിൽ ഫുക്രുവിനെ ഒഴിവാക്കാനുള്ള കാരണം എന്താണ്?

8 . ഇത് ഫ്ലാറ്റും പണവും നേടാനുള്ള ഗെയിം ആണെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും ഫെയർ ഗെയിം കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അല്ലാതെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ, ശബ്ദം കൂടുതലുള്ളവർ പറയുന്നത് ന്യായം തുടങ്ങിയവ രജിത്തിനെ ഇഷ്ടമില്ലാത്ത പ്രേക്ഷകർ പോലും കാണാൻ ആഗ്രഹിക്കുന്നില്ല.

9 . ഇത്തരത്തിൽ അനീതികൾ നടക്കുമ്പോൾ കളിയിൽ ഇടപെടാനുള്ള അധികാരം രണ്ടു പേർക്കാനുള്ളത്. ഒന്ന് ബിഗ് ബോസിന്. ബിഗ് ബോസ് ഇന്നലെ കളിയിൽ നീതിപൂർവകമായ ഇടപെട്ടില്ല. ഇനിയുള്ളത് അവതാരകനായ ലാലേട്ടനാണ്. അദ്ദേഹം ഇടപെടുമോ എന്ന് നോക്കാം.

10 . രജിത് രേഷ്മയോട് സംസാരിച്ചതും ബിഗ് ബോസ് അതിനു പോയിന്റ് നൽകിയതും പ്രേക്ഷകർ കണ്ടതാണ്. അത് കൂടാതെ രജിത്തിനോട് മഞ്ജുവും ജസ്ലയും സംസാരിച്ചതും രജിത് അതിനു ക്ഷമയോടെ മറുപടി നൽകിയതും പ്രേക്ഷകർ കണ്ടതാണ്. ഈ രണ്ടിടത്തും രജിത് വിജയിച്ചതായാണ് പ്രേക്ഷകന് മനസിലായത്. പിന്നെ എന്ത് കൊണ്ട് രജിത്തിനെ തഴഞ്ഞു?

ബിഗ് ബോസും ലാലേട്ടനും ഇതിലൊക്കെ ഇടപെട്ട് ഫെയർ ഗെയിം കാണാനുള്ള അവസരം പ്രേക്ഷകർക്ക് നൽകണം. പ്രേക്ഷകരോടും നീതി പുലർത്താൻ ബിഗ് ബോസിന് ഉത്തരവാദിത്തമുണ്ട്.