സുജോ, പവനെ കാണുന്നത് താൻ എടുത്തു കൊണ്ട് നടന്നു വളർത്തിയ വലിയ കഥയൊന്നുമില്ലാത്ത ഒരാൺകുട്ടിയായിട്ടാണ് എന്ന് പവന് കൃത്യമായറിയാം. അതുകൊണ്ട് തന്നെയാണ് രജിത്തിനോട് സംസാരിക്കുമ്പോൾ പവൻ തന്റെ നയം വ്യക്തമാക്കിയത്.

ആദ്യ ആഴ്ചകളിലെ സമവാക്യങ്ങളെ ഒന്നുലയ്ക്കുന്ന നീക്കങ്ങളാണ് രണ്ടാം മാസത്തിലേക്ക് കടക്കുന്ന ബിഗ് ബോസ് വീട്ടില്‍ നാം കാണുന്നത്. ജസ്ല, ദയ എന്നീ സോഷ്യല്‍ മീഡിയ താരങ്ങളെ കഴിഞ്ഞയാഴ്ച വീട്ടിലേക്ക് കയറ്റി വിട്ടങ്കില്‍ ഇത്തവണ സുജോ എന്ന മോഡലിനോട് കട്ടയ്ക്ക് നില്‍ക്കാന്‍ കഴിയുന്ന ഒരാളെ, പിന്നെ ആര്‍ ജെ രഘു എന്ന വായാടിക്ക് ചെക്ക് അടിക്കാന്‍ മറ്റൊരു ആര്‍ ജെ.  ബിഗ് ബോസ് വീട്ടിൽ ഇന്നലെ രണ്ടു പുതിയ മത്സരാർത്ഥികൾ കൂടിയെത്തി.  ആർ ജെ സൂരജും പവൻ ജിനോ തോമസും. പവൻ, സുജോ മാത്യുവിന്റെ കസിനാണ്. വളരെ അടുത്ത ബന്ധുക്കളായ രണ്ടു പേരെ എന്തുകൊണ്ടായിരിക്കും ബിഗ് ബോസ് ഒരേ സീസണിലേക്ക് തെരെഞ്ഞെടുത്തത് എന്നതാണ് പ്രേക്ഷകർക്ക് ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യം.

കോട്ടയം കങ്ങഴയിലാണ് ഇവരുടെ വീട്. സുജോയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ചെറുതാവുമ്പോ സുജോ എടുത്തോണ്ട് നടന്നിട്ടുള്ള ചെക്കനാണ് പവൻ. ഇൻസ്റ്റാഗ്രാമിൽ സുജോയും പവനും തമ്മിൽ നടന്ന ഒരു സംഭാഷണം ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതിൽ സുജോ പവന്റെ ഒരു ഫോട്ടോക്ക് കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയുടെ, താടിയുള്ള ആണ്‍കുട്ടിയിലേക്കുള്ള പരിണാമം എന്നാണ്. അതിനു പവന്‍ മറുപടിയായി തിരുത്തിയത്, ഒരാണ്‍കുട്ടിയുടെ താടിയുള്ള പുരുഷനിലേക്കുള്ള പരിണാമം എന്നാണ്. അതിനു സുജോ പറഞ്ഞിരിക്കുന്ന മറുപടി ഒന്ന് പോടാ ചെക്കാ എന്നാണ്. ഇത് തന്നെയാണ് ഇവർ തമ്മിലുള്ള ബന്ധം. ഇന്നലെയും സുജോ പവനെ തനിക്ക് തുല്യനായ ഒരു മത്സരാർത്ഥിയായോ അംഗീകരിക്കാൻ തയ്യാറാവുന്നില്ല.

പവൻ വന്ന ശേഷം സുജോയും രഘുവും തമ്മിൽ നടന്ന സംസാരം ഇങ്ങനെയാണ്:

സുജോ: എന്റെ ഇന്‍ട്രോയും ഇവന്റെ ഇന്‍ട്രോയും കണ്ടിട്ട് ചേട്ടനെന്താ തോന്നുന്നത്?
രഘു: അവൻ ഇന്നസെന്‍റല്ല എന്ന്.
സുജോ: അവൻ ഒരു ബിൽഡ് അപ് കൊടുത്ത പോലെ തോന്നിയോ?
രഘു: ഇല്ല
സുജോ: ഇല്ലാ?
രഘു: ഇല്ല. ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ അവൻ പറയുന്ന സാധനങ്ങളില്ലേ, അവനു നിന്നെക്കാൾ നന്നായി സംസാരിക്കാൻ അറിയാം.
സുജോ: അറിയാം?
രഘു: അറിയാം. അവനു നേരിട്ടൊരു കാര്യം എങ്ങനെ ഒരു ഗ്രൂപ്പിനോട് പറയണമെന്ന് അറിയാം. അവന്റെ സ്ലാങ് നിന്നെക്കാൾ നല്ലതാണ്.
സുജോ: സ്ലാങ് എന്നുദ്ദേശിച്ചത്?
രഘു: നിങ്ങളുടെ നാടിൻറെ സ്ലാങ്. നിനക്ക് ഇംഗ്ലീഷ് മിക്സ് ഉണ്ട്. അവൻ കുറച്ചു കൂടി നാടനാണ്. അവനു നിന്നെപ്പോലെ കുടുംബം നോക്കാൻ ഒന്നുമില്ലാത്ത കൊണ്ടാണ് അവൻ സിനിമ എന്നൊക്കെ പറഞ്ഞു ഒരു പണിയും ചെയ്യാതെ നടക്കുന്നത് എന്നാണെനിക്ക് തോന്നിയത്.
നിങ്ങൾ തമ്മിലുള്ള റിലേഷന്‍ഷിപ്പ് എന്താ?
സുജോ: ഇവന്റെ അപ്പനും എന്റെ അപ്പനും ചേച്ചീടേം അനിയത്തിയുടെയും മക്കളാ... ചെറുപ്പത്തിൽ ഞാൻ എടുത്തു കൊണ്ട് നടന്ന ചെക്കനാ

ഇതിൽ നിന്നും സുജോയുടെ ആശങ്കകൾ വ്യക്തം. താനോ അവനോ നല്ലത് എന്ന ആശങ്കയാണ് സുജോ രഘുവിനോട് പങ്കുവയ്ക്കുന്നത്. രഘു അത് പവൻ തന്നെ എന്ന് പറയുകയും ചെയ്യുന്നുണ്ട്. സുജോക്കറിയാം ഒരേ പ്രൊഫൈലുള്ള രണ്ടുപേര് വീടിനകത്തു വരുമ്പോൾ ആളുകൾ താരതമ്യം ചെയ്യുമെന്ന്. എന്നാൽ, പവൻ ഒരിടത്തും സുജോയുടെ ബന്ധുവാണെന്നു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മത്സരാർത്ഥി എന്ന നിലയിൽ പവൻ സുജോയുമായുള്ള ബന്ധം എവിടെയും പറയാതെയാണ് ബിഗ് ബോസിനകം വരെ എത്തുന്നത്.

അലസാന്‍ഡ്രയുമായുള്ള തുടർബന്ധം പവന്റെ സാന്നിധ്യത്തിൽ എങ്ങനെ ആയിരിക്കും എന്നതിനും സുജോ ഇന്നലെ ചില സൂചനകൾ നൽകി. പവൻ സുജോയോടും അലസാന്‍ഡ്രയോടും അവരുടെ റിലേഷന്‍ഷിപ്പിനെക്കുറിച്ചു സംസാരിക്കാൻ ശ്രമിക്കുമ്പോൾ അലസാന്‍ഡ്രയോട് അവിടെ നിന്നും പോകാനാണ് സുജോ ആവശ്യപ്പെടുന്നത്. അത് കൂടാതെ ഇന്നലെ രഘുവിനോട് തനിക്ക് അലസാന്‍ഡ്രയോട് യാതൊരു താല്പര്യവുമില്ല എന്നും ആളുകൾ അത്തരത്തിൽ ധരിക്കുന്നത് കഷ്ടമാണെന്നും തറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ അലസാന്‍ഡ്രയോട് ഇക്കാര്യം പറഞ്ഞു പ്രശ്നം അവസാനിപ്പിക്കാൻ സുജോ തയ്യാറാവുന്നുമില്ല. അലസാന്‍ഡ്രയെ ആണോ തന്നെ തന്നെ ആണോ സുജോ പറ്റിക്കുന്നത് എന്ന് മാത്രമേ അറിയാനുള്ളൂ.

വരും ദിവസങ്ങൾ ആകാംഷയുടേതാണ്. ബന്ധുക്കളായ രണ്ടു മത്സരാർത്ഥികൾ അതും ഒരേ പ്രൊഫൈലുള്ള രണ്ടു പേർ നേർക്കുനേർ ഏറ്റു മുട്ടുമ്പോൾ എന്ത് സംഭവിക്കും എന്നത് പ്രേക്ഷകന് ആകാംഷയുള്ള കാര്യം തന്നെയാണ്. തനിക്ക് ബിഗ് ബോസ് ടൈറ്റിൽ വിന്നറാവണം എന്ന് ലാലേട്ടനോട് പറഞ്ഞാണ് പവൻ അകത്തു കയറിയത്. അത് കൂടാതെ സ്വയം പരിചയപ്പെടുത്താൻ അവസരം കിട്ടിയപ്പോൾ തന്റെ ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും പണമില്ലായ്മയുടെയും കഥകൾ പറഞ്ഞു ഒരു സെന്റി ലൈൻ പിടിക്കാനാണ് പവൻ ശ്രമിച്ചത്.

എന്നാൽ സുജോക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് സുജോ രഘുവുമായുള്ള സംസാരത്തിൽ വെളിപ്പെടുത്തി. പറയാനാണെങ്കിൽ എനിക്കുമുണ്ട് ദാരിദ്ര്യത്തിന്റെ കഥകൾ, പണം ലാഭിക്കാൻ  ഞാൻ ബാം ഗ്ലൂരില്‍ കിലോമീറ്ററുകളോളം ബാഗും തൂക്കി നടക്കുമായിരുന്നു. ബിഗ് ബോസിലേക്ക് വരുമ്പോൾ ആ ദാരിദ്ര്യത്തിന്റെ ലൈൻ പിടിക്കാൻ സുഹൃത്ത് പറഞ്ഞതാണ്. എന്നിട്ടും ഞാനത് വേണ്ടെന്നു വച്ചു എന്നാണ് സുജോ പറഞ്ഞത്. എന്നാൽ പവനാവട്ടെ തന്നെക്കാൾ മൂന്നു വയസു പ്രായമധികമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് മുതൽ ബിഗ് ബോസിലേക്ക് വരുമ്പോൾ അവൾ തുണി വാങ്ങി തന്നുവെന്നു വരെയുള്ള കദനകഥകൾ പറഞ്ഞു.

സുജോ, പവനെ കാണുന്നത്   താൻ എടുത്തു കൊണ്ട് നടന്നു വളർത്തിയ വലിയ കഥയൊന്നുമില്ലാത്ത ഒരാൺകുട്ടിയായിട്ടാണ് എന്ന് പവന് കൃത്യമായറിയാം. അത് കൊണ്ട് തന്നെയാണ് രജിത്തിനോട് സംസാരിക്കുമ്പോൾ പവൻ തന്റെ നയം വ്യക്തമാക്കിയത്. എനിക്ക് 23 വയസേ ഉള്ളു എന്നത് സത്യമാണ്. എന്നുവെച്ചു എന്നെയാരും ഒരു കുട്ടിയായോ ഫുക്രുവിനെ  കാണുന്നത് പോലെയോ കാണരുത് എന്ന്.

വരും ദിവസങ്ങളിൽ സുജോയും പവനും തമ്മിൽ ഏറ്റു മുട്ടാൻ പോകുന്ന കാര്യങ്ങൾ നമുക്ക് ഇങ്ങനെ ചുരുക്കാം :

1 . പ്രായത്തിനു പ്രസക്തിയുണ്ടോ? പരിഗണന ലഭിക്കേണ്ടത് പ്രായം അനുസരിച്ചോ അതോ പെരുമാറ്റം അനുസരിച്ചോ?
2 . ആരാണ് മികച്ച ബോഡി ബിൽഡർ? ആർക്കാണ് ജിം രാവിലെ ഉപയോഗിക്കേണ്ടത്? ജിം ഉപയോഗിക്കുന്ന സമയത്തിന്റെ കാര്യത്തിൽ  എന്തായാലും ഒരു ഉരസൽ ഉറപ്പ്
3 . പ്രോട്ടീൻ പൌഡർ കഴിക്കേണ്ടത് ആരൊക്കെ? സുജോയുടെ പ്രോട്ടീൻ പൗഡർ പവനും അർഹതപ്പെട്ടതാണോ?
4 . സുജോ അലസാന്ധ്രയോട് പെരുമാറുന്നതൊക്കെ പുറത്തു നിന്ന് കണ്ടിട്ടാണ് പവൻ വരുന്നത്. പവന്റെ സാന്നിധ്യം ആ റിലേഷന്‍ഷിപ്പിനെ എങ്ങനെ മാറ്റും ?
5 . സുജോ ബിഗ് ബോസ് വീടിനകത്തു അകാരണമായി ഇനി അടിപിടി ഉണ്ടാക്കുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുമ്പോൾ പവന്റെ ഇടപെടൽ എങ്ങനെ ആയിരിക്കും?
6 . രജിത് കുമാറുമായി സ്നേഹമുള്ള സൗഹൃദം നിലനിർത്തി രജിത് കുമാറിന്റെ മനം കവരാൻ ആർക്കായിരിക്കും കഴിയുക? സുജോയുടെ സ്ഥാനം പവൻ കയ്യടക്കുമോ?
7 . രേഷ്മ, എലീന, ജസ്‌ല, അലസാന്‍ഡ്ര, സുജോ, ഫുക്രു  തുടങ്ങിയ ചെറുപ്പക്കാരുടെ ഗ്രൂപ്പ് സമവാക്യങ്ങൾ പവന്റെ വരവോടു കൂടി എങ്ങനെ മാറും?

കാത്തിരുന്ന് കാണാം. ഓരോ വൈൽഡ് കാർഡ് എൻട്രി വരുമ്പോഴും ബിഗ് ബോസ് കൂടുതൽ രസകരവും ആകാംഷയുള്ളതുമായി മാറുന്നു എന്നതാണ് സത്യം.