ബിഗ്ബോസിന്റെ തുടക്കത്തില്‍ ശക്തയായ മത്സരാര്‍ഥിയാകുമെന്ന് തോന്നിപ്പിച്ച താരമായിരുന്നു ആര്യ. ബഡായി ബംഗ്ലാവില്‍ നമ്മള്‍ കണ്ടുശീലിച്ച ഒരു ആര്യയുണ്ട്. തമാശയൊക്കെ പറയുന്ന സ്ട്രോംഗ് വ്യക്തിത്വമായിരുന്നു ആര്യ. എന്നാല്‍, രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആര്യയുടെ ആ വ്യക്തിത്വത്തിന് പകരം മറ്റൊരു ആര്യയെയാണ് നമ്മള്‍ ബിഗ്ബോസില്‍ കണ്ടത്. വീണയും ആര്യയും തമ്മിലുള്ള അഗാധ ബന്ധം ഈ കാര്യങ്ങളിലൊക്കെ ഒരു പ്രത്യേക അന്തര്‍ധാരയായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. വീണയും ആര്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് പറയുന്നവരാണെന്നും ബിഗ് ബോസിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ നമുക്ക് മനസിലായി. രാത്രികളില്‍ ഇവര്‍ ഇരുന്ന്  പറയുന്ന ചില പരദൂഷണങ്ങളും മറ്റുള്ളവരെക്കുറിച്ചുള്ള സംസാരവും സത്യത്തില്‍ കുറച്ച് അരോചകമാണ് പ്രേക്ഷകര്‍ക്ക് എന്ന് പറയാതിരിക്കാന്‍ വയ്യ.

 

എലീനയെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആര്യ ടാര്‍ഗറ്റ് ചെയ്യുന്നത് ആദ്യം മുതല്‍ കാണുന്നുണ്ട്. ഹൈപ്പര്‍ ആക്ടീവ്, കൃമി എന്നൊക്കെ എലീനയെപ്പറ്റി പറയുന്ന തരത്തിലേക്ക് ആര്യ തരംതാഴുന്നത് ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ നമ്മള്‍ കണ്ടു. അതുപോലെ ആര്യയും വീണയും നിരന്തരം ചര്‍ച്ച ചെയ്യുന്നത് എലിമിനേഷനെക്കുറിച്ചും എങ്ങനെ ഇവിടെ നിലനില്‍ക്കാമെന്നതിനെക്കുറിച്ചുമൊക്കെയാണ്. ഇത്തരത്തിലുള്ള ഇവരുടെ ചര്‍ച്ച വളരെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. കാരണം ആര്യയെന്ന് പറയുന്ന മത്സരാര്‍ഥിയെ ഈ തരത്തിലൊന്നുമില്ല പ്രേക്ഷകര്‍ ധരിച്ചുവച്ചിരിക്കുന്നത്. വളരെ വ്യക്തിത്വമുള്ള, സ്ട്രോംഗ് പേഴ്സണാലിറ്റിയാണ് ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ ധരിച്ചിരുന്നത്. തങ്ങള്‍ ഇരുവര്‍ക്കും ബിഗ്ബോസില്‍ തുടരേണ്ട ആവശ്യകതയെക്കുറിച്ചും ആര്യയും വീണയും ചര്‍ച്ച ചെയ്യുന്നുണ്ട്. അടിസ്ഥാനപരമായി അവര്‍ പറയുന്നത് സാമ്പത്തികമായ ഗുണഫലങ്ങളാണ്. ഒരാള്‍ക്ക് ദാരിദ്ര്യമുണ്ട്. വീട് വെക്കണം. മറ്റെയാള്‍ക്ക് കടമുണ്ട്.

ജീവിത കഥ പറയാന്‍ അവസരം കിട്ടിയപ്പോള്‍ ആര്യ പറഞ്ഞത് മുഴുവന്‍ സത്യമാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നുന്ന രീതിയിലാണ് അവര്‍ അച്ഛന്റെ മരണമൊക്കെ വിവരിച്ചത്. വലിയ ആശുപത്രികളില്‍ നടക്കുന്ന കൊള്ളയെക്കുറിച്ചും ആശുപത്രി മാഫിയയെക്കുറിച്ചുമൊക്കെയാണ് ആര്യ സംസാരിച്ചത്. കരഞ്ഞുവിളിച്ചുകൊണ്ടാണ് ആര്യ സംസാരിച്ചത്. പക്ഷേ അതില്‍ അവിശ്വസനീയമായി തോന്നിയ ഒരുകാര്യം ഇത്രയും സീരിയസായ ഒരു ഇഷ്യു ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ആര്യ ഇതുവരെ പ്രതികരിച്ചില്ല എന്നതാണ്. അതേ ആര്യ ബിഗ്ബോസ് പൊലൊരു പ്ലാറ്റ്ഫോം കിട്ടിയപ്പോള്‍ കേരളത്തിലെ മുഴുവന്‍ മനുഷ്യരുടെ മുന്നിലും ആ കഥ പറയുന്നതാണ് നമ്മള്‍ കാണുന്നത്. കഥ പറയുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ അത് എത്രത്തോളം സത്യമാണ് എന്നതാണ് സംശയകരം. വീണ പറഞ്ഞ കണ്ണീര്‍ക്കഥയെ കവച്ചുവെക്കുന്ന കണ്ണീര്‍ക്കഥ ആര്യ പറഞ്ഞതാണ് എന്ന് സംശയമുണ്ടാക്കുന്ന തരത്തിലേക്കാണ് ആ കഥ പറച്ചിലിന്റെ രീതി വന്നത്.

 

ആകെ മൊത്തം ഒരു കരച്ചില്‍ സീനാണ് ഇവര്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ചത്. ആര്യയും വീണയുമാണ് കരച്ചില്‍ നയം പിടിച്ച് മുന്നോട്ട് പോകുന്നത്. ഇവര്‍ കരുതുന്നത് പ്രേക്ഷകരുടെ സഹതാപം പിടിച്ചുപറ്റി ഷോയില്‍ തുടരാമെന്നാണ്. ഇവര്‍ രണ്ട് പേരും ഒരേപോലെ ചെയ്യുന്ന കാര്യങ്ങളുണ്ട്. ഒന്ന് ജീവിതത്തിന്റെ ദു:ഖങ്ങളും വേദനകളും പറയുക. പ്രേക്ഷകരുടെ സെന്റിമെന്റ്സ് പിടിച്ചുപറ്റാന്‍ നോക്കുക. പൊട്ടിക്കരയാന്‍ നോക്കുക. രണ്ടാമതായി ഇവര്‍ രണ്ട് പേരും പറയുന്നത് ബിഗ് ബോസില്‍ തുടരാനുള്ള സാമ്പത്തികമായ കാരണങ്ങളാണ്. കഴിഞ്ഞ ദിവസം വീണ പറയുന്നത് കേട്ടു, എനിക്ക് ആവശ്യമുള്ള പൈസ കിട്ടണമെങ്കില്‍ ഒന്നരമാസമെങ്കിലും ഇവിടെ നില്‍ക്കണമെന്ന്. ഇത് ഒരിക്കലും പ്രേക്ഷകന്റെ ബാധ്യതയല്ല എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. മനുഷ്യരുടെ ദാരിദ്യം മാറ്റുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയൊന്നുമല്ല ബിഗ്ബോസ്. പ്രേക്ഷകര്‍ക്ക് പരമാവധി എന്റര്‍ടെയ്ന്‍മെന്റ് പ്രദാനം ചെയ്യുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. ബിഗ്ബോസിനെ ഒരു ഗെയിം എന്ന നിലയിലാണ് പ്രേക്ഷകര്‍ കാണുന്നത്. അവരെ സംബന്ധിച്ച് 17 മത്സരാര്‍ത്ഥികളും തുല്യരാണ്. തങ്ങളുടെ ഏതെങ്കിലും ഇമോഷന്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടോ, തുടര്‍ന്ന് കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ, മത്സരാര്‍ഥി ആക്ടീവായി ഇടപെടുന്നുണ്ടോ എന്നതൊക്കെ മാത്രമാണ് പ്രേക്ഷകരുടെ വിഷയം. ഇപ്പോള്‍, രണ്ടാഴ്ച പിന്നിടുമ്പോള്‍ ഈ പതിനഞ്ച് ദിവസം മത്സരാര്‍ത്ഥികള്‍ എങ്ങനെ പെരുമാറി എന്നത് മാത്രമാണ് പ്രേക്ഷകരുടെ വിഷയം. അതില്‍ വീണയും ആര്യയുമൊക്കെ പൂര്‍ണമായി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.

കണ്ണീര്‍ താരങ്ങള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന മൂന്നാമത്തെ മത്സരാര്‍ത്ഥിയാണ് മഞ്ജു പത്രോസ്. വലിയ തോതിലൊന്നും അത് വര്‍ക്കൗട്ട് ചെയ്തില്ലെങ്കിലും പല സാഹചര്യങ്ങളിലും വളരെ ഓവറാണെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റമാണ് മഞ്ജുവില്‍ നിന്നുണ്ടാകുന്നത്. എന്നാല്‍ സെന്റിമെന്റ്സ് വര്‍ക്കൗട്ട് ചെയ്യിക്കുന്നതില്‍ വീണ, ആര്യ എന്നിവരുടെ അത്രയൊന്നും മഞ്ജു എത്തിയിട്ടില്ല. ബിഗ് ബോസില്‍ മഞ്ജു തന്റെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയുന്നുണ്ട്. കുഞ്ഞിനെ കാണാത്ത വിഷമത്തില്‍ ക്യാമറയ്ക്ക് മുമ്പില്‍ മഞ്ജു കരഞ്ഞിട്ടുണ്ട്. ഒരമ്മ എന്ന നിലയില്‍ അക്കാര്യം സത്യമായിരിക്കാം. അതില്‍ പ്രത്യേകിച്ച് പ്രശ്നവുമില്ല. എങ്കിലും ഒരു ഷോയില്‍ വന്ന് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ക്യാമറയ്ക്ക് മുമ്പില്‍ വന്ന് പൊട്ടിക്കരയുക എന്നത് കുറച്ച് കൂടുതലല്ലേ എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ട്. കാരണം ഇതൊരു കണ്ണീര്‍ സീരിയലല്ല, എന്‍ടെര്‍ടെയ്ന്‍മെന്റ് പരിപാടിയാണ്. ഇവിടെ സെന്റിമെന്‍സ് അല്ല ഉപയോഗിക്കേണ്ടത്. പ്രേക്ഷകര്‍ പോലും ഇവിടെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു.

ഉദാഹരണത്തിന് ധര്‍മ്മജനെ വീടിനകത്തേക്ക് കയറ്റിയ രംഗത്ത് കറുത്ത വസ്ത്രം ധരിച്ച പ്ലംബര്‍മാര്‍ ബാത്റൂമിലേക്ക് കയറിപ്പോകുന്നുണ്ട്. ഇത് കണ്ടിട്ട് പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചൊന്നും തന്നെ തോന്നുന്നില്ല. ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ക്കറിയാം അവരവിടെ സുരക്ഷിതരാണെന്ന്. എന്നാല്‍ മഞ്ജു കാണിച്ച അഭിനയം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാനാവുന്ന ഒന്നല്ല. അയ്യോ എന്ന് നിലവിളിച്ച് മഞ്ജു ഓടുകയാണ്. പേടിച്ചരണ്ട പോലെ തൂണിന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു, അലറി വിളിക്കുന്നു. അതിനെ പിന്തുണച്ച് വീണയും പേടിച്ചതു പോലെ അഭിനയിക്കുന്നു. ഇതൊക്കെ എന്താണെന്ന് പ്രേക്ഷകര്‍ പോലും മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന രംഗമാണിത്. അത്രത്തോളം അവിശ്വനീയമായിരുന്നു അവരുടെ പെരുമാറ്റം. തങ്ങള്‍ക്ക് പെട്ടെന്ന് സങ്കടം വരുമെന്നും പേടിയാണെന്നുമൊക്കെയുള്ള പെരുമാറ്റത്തിലൂടെ ബലഹീനരായ മത്സരാര്‍ത്ഥികളായിട്ട് മഞ്ജുവും വീണയും സ്വയം അവരോധിക്കുകയാണ്.

കഴിഞ്ഞയാഴ്ച കൊലയാളികളെ കണ്ടേത്തേണ്ട ഒരു ടാസ്‌ക് ഉണ്ടായിരുന്നു. വളരെ രസകരമായി ചെയ്യാവുന്ന ഒരു ടാസ്‌കായിരുന്നു അത്. എന്റര്‍ടെയ്ന്‍മെന്റ് ആയി കാണേണ്ട ഒരു സംഗതിയായിരുന്നു അത്. ഇതിനായി വീടിന് പുറത്ത് ഒരു ശ്മശാനത്തിന്റെ സെറ്റിട്ടപ്പോള്‍ മഞ്ജുവും വീണയും തെസ്നി ഖാനും അമിതമായി വികാരപ്രകടനങ്ങള്‍ നടത്തുന്നതായും പേടി അഭിനയിക്കുന്നതായും കണ്ടു. ബിഗ് ബോസ് വീടിന് ചുറ്റും മതിലുണ്ട്. അവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ആളുകളുണ്ട്. സിനിമാ-സീരിയല്‍ താരങ്ങളായിട്ടുപോലും ശ്മശാനത്തിന്റെ സെറ്റിട്ടപ്പോള്‍ ഇവരുടെ പെരുമാറ്റം വളരെ അരോചകമായിട്ടാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. പിന്നീട് ഈ ശ്മശാന സെറ്റിലൂടെ തന്നെ ഇവര്‍ നടക്കുന്നതും കണ്ടു. ഇതോടെ ഇവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്. പരിപാടിയെ സംബന്ധിച്ചിടത്തോളം സെന്റിമെന്റ്സ് ഉപയോഗിച്ച് മുമ്പോട്ട് പോകുന്നതും അത്ര നല്ലതല്ല.

 

വിനോദം മാത്രം ആഗ്രഹിച്ച് ബിഗ് ബോസ് കാണുന്നവരെ നിരാശപ്പെടുത്തുന്ന രീതിയാണ് മഞ്ജു, വീണ, ആര്യ എന്നിവരുടേത്. വിനോദം ഉദ്ദേശിച്ച് നല്‍കുന്ന ടാസ്‌കുകള്‍ പോലും കരഞ്ഞു കൊണ്ട് ചെയ്ത് കണ്ണീര്‍ സീരിയല്‍ പോലെയാക്കുന്നത് സങ്കടകരമായ കാര്യമാണ്. സീരിയല്‍ പ്രേക്ഷകരെ കൂടി ബിഗ് ബോസ് കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ബിഗ് ബോസിന്റെ നിലവിലുള്ള പ്രേക്ഷകരെ കൂടി ഇല്ലാതാക്കിയേക്കാം. വരും ദിവസങ്ങളിലെങ്കിലും മറ്റ് മത്സരാര്‍ത്ഥികളെപ്പോലെ ഷോയുടെ ഭാഗമായി ഇവര്‍ ടാസ്‌കുകള്‍ ചെയ്യുന്നത് കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

അടുത്ത മത്സരാര്‍ത്ഥി രാജിനി ചാണ്ടിയാണ്. മഞ്ജു, വീണ, ആര്യ എന്നിവരെപ്പോലെയുള്ള രീതിയല്ല ഇവരുടേത്. താന്‍ സുഖമായി ജീവിച്ചയാളാണെന്നും ബോള്‍ഡാണെന്നും രാജിനി പറയുന്നുണ്ട്. എന്നാല്‍ ഇതൊടു ഗെയിമാണെന്ന് മാത്രം രാജിനി ചാണ്ടി അംഗീകരിക്കുന്നില്ല. കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആളാണ്. എലീറ്റ് ക്ലാസാണെന്നും എന്തൊക്കെയോ പ്രിവിലേജുകളുണ്ടെന്നും വിശ്വസിക്കുന്ന അവര്‍ കൂടുതല്‍ പരിഗണനയും ആഗ്രഹിക്കുന്നു. ഉദ്ദേശിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോള്‍ അവര്‍ കരയുന്നു. ആദ്യത്തെ എലിമിനേഷനില്‍ രാജിനി ചാണ്ടിയുടെ പേര് വന്നപ്പോള്‍ മുതലാണ് അവരുടെ കരച്ചില്‍ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്. പരീക്കുട്ടിയുമായുണ്ടായ ചെറിയ പ്രശ്നത്തില്‍ വലിയ രീതിയില്‍ കരയുന്നതും പ്രേക്ഷകര്‍ കാണുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ടാസ്‌കില്‍ നന്നായി മത്സരിക്കാത്തവരുടെ പേരുള്‍പ്പെട്ട ലിസ്റ്റിലും രാജിനി ചാണ്ടി ഉണ്ടായിരുന്നു. രജിത് കുമാറിനെയും രാജിനി ചാണ്ടിയെയും ജയിലില്‍ അടയ്ക്കാനായിരുന്നു ബിഗ് ബോസിന്റെ തീരുമാനം. എന്നാല്‍ അവിടെയൊക്കെ രാജിനി ചാണ്ടി പെരുമാറിയത് അവിശ്വസനീയമായ രീതിയിലായിരുന്നു. രജിത് കുമാറിന്റെ കൂടെ ജയിലില്‍ കിടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്ത് കരുതും, ഭര്‍ത്താവ് എന്ത് കരുതും എന്നിങ്ങനെ പറഞ്ഞ് അവര്‍ കരഞ്ഞിരുന്നു. പട്ടിണി കിടക്കുകയും മരുന്ന് കഴിക്കാതിരിക്കുകയും ചെയ്യുന്നു.

നിരാഹാരം കിടക്കുന്നതൊക്കെ അരോചകമായ പെരുമാറ്റമാണ്. ഇതൊരു ഗെയിം ആണെന്ന് മനസ്സിലാക്കി ബിഗ് ബോസ് നല്‍കിയ നിബന്ധനകള്‍ വായിച്ച് അംഗീകരിച്ച് മത്സരത്തിലേക്ക് പ്രവേശിച്ച ഇവര്‍ പിന്നീട് അമിതമായ വികാരപ്രകടനങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കുന്നത്? രാജിനി ചാണ്ടിക്ക് ബിഗ് ബോസ് എന്താണെന്ന് മനസ്സിലായിട്ടില്ല, ഇവര്‍ ബിഗ് ബോസ് ഷോ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.  പ്രായത്തെ അവകാശമായി എടുക്കുന്നത് ഷോയെ സംബന്ധിച്ചിടത്തോളം നല്ലതല്ല. മരുന്ന് വരെ കഴിക്കാന്‍ കൂട്ടാക്കാത്തതോടെ  ഇനിയൊരു സമാന അവസ്ഥയുണ്ടാകുമ്പോള്‍ മത്സരാര്‍ത്ഥികള്‍ രാജിനി ചാണ്ടിയുടെ പേര് പറയാന്‍ സാധ്യതയില്ല. കാരണം രാജിനി ചാണ്ടിയുടെ ആരോഗ്യം മറ്റ് മത്സരാര്‍ത്ഥികളും പരിഗണിക്കണം. അത് അവരുടെ കൂടെ ചുമതലയാണ്.

 

പതിനേഴ് മത്സരാര്‍ത്ഥികളെയും ഒരുപോലെ കാണേണ്ട ഷോയില്‍ പ്രായം പരിഗണിച്ച് തനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് രാജിനി ചാണ്ടി കരച്ചിലുകളിലൂടെയും മരുന്ന് പോലും കഴിക്കാതെയുള്ള പ്രതിഷേധങ്ങളിലൂടെയും അറിയിക്കുമ്പോള്‍ ഷോയുടെ താളം തെറ്റുകയാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ ഇത് അനുസരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു നോമിനേഷന്‍ ഉണ്ടാകുകയാണെങ്കില്‍ രാജിനിയുടെ പേര് അവര്‍ നിര്‍ദ്ദേശിക്കുമെന്ന് തോന്നുന്നില്ല. വന്ന സമയം മുതല്‍ എലീനയെ കൊച്ചുമകളെപ്പോലെ പരിഗണിച്ച രാജിനി പിന്നീട് ആര്യയുടെയും വീണയുടെയും ടീമിലേക്ക് മാറുകയായിരുന്നു. എലീനയെ അവര്‍ ബോധപൂര്‍വ്വം അവഗണിക്കുന്നതായും കാണാം. ആര്യയെ കെട്ടപ്പിടിച്ച് കരയുന്നതോടെ കണ്ണീര്‍ താരങ്ങളുടെ കൂട്ടത്തിലേക്ക് രാജിനി ചാണ്ടി കൂടി ചേരുന്ന വിശ്വസിക്കാനാകാത്ത കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.