ബിഗ് ബോസ്സില്‍ ഇന്നത്തെ ഭാഗത്തെ പ്രധാന സംഭവം രജിത് കുമാര്‍ കാല് തെന്നി സ്വിമ്മിങ് പൂളില്‍ വീണതും അതേത്തുടര്‍ന്ന് വീണയും ബിഗ് ബോസ് സഹോദരിമാരും തമ്മില്‍ നടന്ന വാക്കേറ്റവുമാണ്. വഴക്കിനിടയില്‍ അഭിരാമി വീണയെ പോ തള്ളെ എന്ന് പറഞ്ഞു. നീ പോടി, ഒണ്ടാക്കാൻ വരല്ലേ, പോ തള്ളേ, ഉണ്ടക്കണ്ണി എന്നൊക്കെ വീണയോട് സംസാരിച്ചു കൊണ്ടിരുന്ന അഭിരാമിയെ അമൃത വന്നു വിളിക്കുന്നു. വാ മോളെ നമുക്ക് സംസ്‍കാരമില്ലാത്തവരോട് മിണ്ടണ്ട എന്ന്.

ഏത് അമൃത? കഴിഞ്ഞ ആഴ്‍ച ജസ്‍ലയോട് എന്ത് ഭാഷയാണിത് ജസ്‍ല എന്ന് ചോദിച്ച, മുതിർന്നവരെ ബഹുമാനിക്കണം എന്ന് പറഞ്ഞ അതെ അമൃത. മുഴുവൻ സ്ത്രീകൾക്കും വേണ്ടി കോടതിയിലെത്തി പാഷാണം ഷാജിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച അതെ അഭിരാമിയാണ് ഇന്ന് പോ തള്ളെ എന്ന് പറഞ്ഞത്.

ഇന്നലെ നമ്മൾ അഭിരാമിയെയും അമൃതയെയും വാനോളം പുകഴ്ത്തിയിരുന്നു. പാഷാണം ഷാജിയെ സ്ത്രീവിരുദ്ധത മനസിലാക്കിച്ചു മാപ്പ് പറയിപ്പിച്ചതിന്. എന്നാൽ അതെ പാട്രിയാർക്കിയുടെ വക്താക്കളായി അമൃതയും അഭിരാമിയും ഇന്ന് നിൽക്കുന്നത് നമ്മൾ കണ്ടു. സ്ത്രീകളെ സ്ഥിരമായി പൊതുസമൂഹം, പൊതുബോധം, അടിച്ചമർത്താൻ, താഴ്ത്തിക്കെട്ടാൻ ഒക്കെ സ്ഥിരം വിളിക്കുന്ന പേരുകളാണ് അമ്മായി, തള്ള, അക്ക, സേച്ചി, തുടങ്ങിയവയൊക്കെ. ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്ത സ്ത്രീകൾ കുറവാണ്.

ഇന്നലെ നമ്മൾ പൊതുസമൂഹത്തെ തിരുത്തിയ ബിഗ് ബോസ് സഹോദരിമാർ എന്ന് വാഴ്ത്തിയവർ ഇന്ന് പൊതുബോധത്തിന്റെ വക്താക്കളായി നിൽക്കുന്നു എന്നതാണ്  സംഭവത്തിലെ ഐറണി. ഓഡിറ്റിംഗ് എല്ലാവര്‍ക്കും ബാധകമാണ്. ബിഗ് ബോസ് സഹോദരിമാർക്കും.

ഇന്ന് ഗുണ്ടായിസം കാണിച്ചത് ആരാണ് ? ബിഗ് ബോസ് സഹോദരിമാരാണോ വീണയാണോ?

കോടതി ടാസ്ക്ക് കഴിഞ്ഞു രജിത് കുമാറും ഫുക്രുവും സുജോയും വീണയുമൊക്കെ ഇറങ്ങി ഓടുന്നു. സുജോ ഫുക്രുവിനെ തള്ളി മാറ്റുന്നു. വീണ രജിത്തിനെ തടയാൻ ശ്രമിക്കുന്നു. അത് കഴിഞ്ഞു മുന്നോട്ടോടിയ സുജോ കാമറയിൽ സംസാരിക്കുന്നു. പിന്നാലെ ഓടിയ രജിത് കുമാർ കാൽ വഴുതി സ്വിമ്മിങ് പൂളിൽ വീഴുന്നു. രജിത് കുമാറിന്റെ വയ്യാത്ത കയ്യിൽ തൂക്കി സുജോ അദ്ദേഹത്തെ പൂളിൽ നിന്ന് പുറത്തേയ്‍ക്ക് എടുക്കുന്നു. വീഴ്‍ച കാര്യമാക്കാതെ രജിത് കുമാർ ഓടി കാമറയിൽ പോയി ടാസ്ക്കിന്റെ കാര്യം സംസാരിക്കുന്നു. ഇതാണല്ലോ നടന്നത്.

പിന്നീട് എല്ലാവരും ഓടി രജിത് കുമാറിനടുത്തെത്തി വീഴ്‍ചയിൽ എന്ത് സംഭവിച്ചു എന്ന് നോക്കുന്നു. വീണ വന്നു രജിത് കുമാറിനെ നോക്കിയത് ഇഷ്‍ടപ്പെടാത്ത ബിഗ് ബോസ് സഹോദരിമാർ വീണയുമായി അടിയുണ്ടാക്കുന്നു. വീണ പിടിച്ചിട്ടാണ് രജിത് കുമാർ വീണത് എന്ന ആരോപണമുന്നയിക്കുന്നു. വീണ അമൃതയെ  കള്ളി എന്ന് വിളിക്കുന്നു. അടിയാവുന്നു. അഭിരാമിയെ വീണയെ പോ തള്ളെ എന്ന് പറയുന്നു.

വീണ ബിഗ് ബോസിൽ ആദ്യം മുതലേ ഒരു ഗുണ്ടാ സ്റ്റൈലിൽ തന്നെയാണ് നിൽപ്പ്. വീട്ടിലെ മൂന്നു വൻമരങ്ങള്‍ വീണ അടിച്ചുവീഴ്ത്തിയിട്ടുണ്ട്. ആദ്യം ജസ്‍ല മാടശ്ശേരിയെ. വീണയുമായുള്ള അടിക്കു ശേഷം ജസ്‍ല ആ വീട്ടിൽ എത്ര ഒതുങ്ങി പോയി എന്ന് നമ്മൾ കണ്ടതാണ്. രണ്ടാമത് അക്രമാസക്തനായ  പവനിനെ വീണ വിരൽ ചൂണ്ടി നിർത്തിയിട്ടുണ്ട്. മൂന്നാമത് ഇക്കഴിഞ്ഞ ആഴ്‍ച സുജോയെ വീണ ഉത്തരം മുട്ടിച്ചു പിന്തിരിപ്പിച്ചതും നമ്മൾ കണ്ടിട്ടുണ്ട്.

വീണ ആ വീട്ടിലെ സ്ത്രീകളിലെ ഒരു വൻമരം തന്നെയാണ്. വീണയ്‍ക്ക് ഭയങ്കര കമാന്റിങ് പവറാണ്. ടാസ്ക്കുകൾ വരുമ്പോൾ വീണ എത്രത്തോളം അഗ്രസീവ് ആവുമെന്നും ടാസ്ക്കുകളിൽ എത്ര ഇൻവോൾവ്ഡ് ആകുമെന്നും നമ്മൾ കണ്ടിട്ടുണ്ട്. ടാസ്ക്കിനിടയിൽ സൂരജിനെ കടിക്കുന്ന വീണയെ നമ്മൾ കണ്ടിട്ടുണ്ട്. പാഷാണം ഷാജിയെ ബോക്സിനു മേൽ വീഴ്ത്തിയ വീണയെ നമ്മൾ കണ്ടിട്ടുണ്ട്. ടാസ്ക്കുകളിൽ സാധനങ്ങൾ മോഷ്‍ടിക്കുന്ന വീണയെ കണ്ടിട്ടുണ്ട്.

ആ വീണയെയാണ് ബിഗ് ബോസ് സഹോദരിമാർ മുഖത്ത് നോക്കി പോ തള്ളെ എന്ന് വിളിച്ചത്. അതിനാലാണ് വീണ ഹേറ്റേഴ്‌സ് ഈ സംഭവം ഇത്രയേറെ ആഘോഷിക്കുന്നത്. അൻപത് ദിവസം, ബിഗ് ബോസ് സഹോദരിമാർ എത്തുന്നത് വരെ വീട്ടിൽ വീണയ്‍ക്ക് എതിരാളികളില്ലായിരുന്നു. ഏറ്റവും കൂടുതൽ മത്സരബുദ്ധിയുള്ള വീണ രജിത് കുമാറുമായി ഒരു ചങ്ങാത്തത്തിന് ശ്രമിക്കുമ്പോഴാണ് ബിഗ് ബോസ് സഹോദരിമാർ വീട്ടിൽ മത്സരത്തിനായി എത്തിയത്. അതോടെ,  രജിത് കുമാറുമായി അടുക്കുക എന്ന വീണയുടെ പ്ലാൻ പൊളിഞ്ഞു. അതിന്റെ വിഷമം വീണയ്‍ക്കുണ്ട്. പറ്റുമ്പോഴൊക്കെ ബിഗ് ബോസ് സഹോദരിമാരോട് വീണ അത് പ്രകടിപ്പിക്കുന്നുമുണ്ട്.

ബിഗ് ബോസ് സഹോദരിമാരുടെ ഗെയിം സ്ട്രാറ്റജിയും നിലപാടും എന്താണ്?

പുറത്തു നിന്ന് 50 ദിവസത്തെ കളിയുടെ ഗതി അറിഞ്ഞിട്ടാണ് അവർ വീടിനകത്തു കയറുന്നത്. അവർക്ക് ഒരേയൊരു സ്ട്രാറ്റജിയെ ഉള്ളു. ജനപിന്തുണയുള്ള രജിത് കുമാറിനൊപ്പം നിന്ന് ഗെയിം കളിക്കുക. പറ്റിയാൽ അവസാന റൗണ്ടിൽ രജിത് കുമാറിനെ അട്ടിമറിച്ചുകൊണ്ട് വിജയ കിരീടം ചൂടുക.

ഒരു തരത്തിലും മറ്റു മത്സരാർത്ഥികളിൽ നിന്നോ അല്ലെങ്കിൽ വീണയെക്കാളോ പ്രത്യേക മേൻമയൊന്നും ഇവർക്കും അവകാശപ്പെടാനില്ല.

ഇന്ന് ഇവർ വീണയുമായി ഉണ്ടാക്കിയ അടി തികച്ചും അനാവശ്യമാണ്. രജിത് കുമാർ തെന്നി വീഴുന്നത് എല്ലാവരും കണ്ടതാണ്. രജിത് കുമാറിന് പോലും ആരും തന്നെ പൂളിൽ തള്ളിയിട്ടു എന്ന പരാതിയില്ല. ബിഗ് ബോസ് സഹോദരിമാർ രജിത് കുമാറിന്റെ ബോഡി ഗാർഡുകളല്ല എന്ന് മാത്രമല്ല വീണയെയും രജിത് കുമാറിനെയും പോലത്തെ മത്സരാർത്ഥികൾ മാത്രമാണ്. അപ്പോള്‍ അവർ അടിപൊളിയായി ഗെയിം കളിക്കുകയാണ്.

രജിത് കുമാർ വിക്ടിം പ്ളേ കളിച്ചു മുന്നേറിയ പോലെ
സുജോ അലസാന്ദ്ര ലവ് സ്‍ട്രാറ്റജി പിടിച്ചു മുന്നേറിയ പോലെ
വീണ കുലസ്ത്രീ കളിച്ചു മുന്നേറിയ പോലെ
ആര്യ ഗ്രൂപ്പ് ലീഡർ ചമഞ്ഞു മുന്നേറിയ പോലെ ബിഗ് ബോസ് സഹോദരിമാർ അടിപൊളിയായി ഗെയിം കളിക്കുകയാണ്.

ഇന്ന് രജിത് കുമാറിനെ പോലും മുൻനിർത്തി അവർ ഗെയിം കളിച്ചു. അവർ മികച്ച മത്സരാര്‍ഥികളാണ്. കാരണം അവിടെയുള്ള ഓരോരുത്തരോടും പിടിച്ചു നില്‍ക്കാൻ ആവശ്യമായ എല്ലാ ചേരുവകളുടെയും ഒരു മിക്സണ് അവർ. സ്ത്രീവിരുദ്ധത വേണ്ടിടത്ത് അത് പറയാനും ഫെമിനിസ്റ്റ് ആവേണ്ടിടത്തു അതാവാനും കുലസ്ത്രീ ആവേണ്ട സാഹചര്യം വന്നാൽ അതിനും ഗുണ്ടായിസത്തിനും മസിൽ പവറിനും പുച്ഛത്തിനും പരിഹാസത്തിനും ഒക്കെ അവർക്ക് പറ്റും. അത് കഴിയുമ്പോൾ ഒരു പാട്ടൊക്കെ പാടി ആ മുറിവുകൾ ഉണ്ടാക്കാനും അറിയാം. ഇങ്ങനെ പോയാൽ  ഫൈനൽ അഞ്ചിൽ ബിഗ് ബോസ് സഹോദരിമാർ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായി. ആ യാത്രയിൽ ആരുടെയൊക്കെ കാൽ  ഇവർ വാരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.