ബിഗ് ബോസ് നൽകിയ ടാസ്‌ക്കെന്ന നിലയിൽ വീടിനകത്തുള്ളവർക്ക് കയ്യൂക്കുള്ളവൻ കാര്യക്കാരൻ കളി കളിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പ്രേക്ഷകന്റെ വിലയിരുത്തലാണ് വിജയിയെ നിശ്ചയിക്കുക എന്നത് കൂടി വീടിനുള്ളിലുള്ളവർ മനസിലാക്കാൻ എന്താണ് ഒരു വഴി?

 

ബിഗ് ബോസ് വീട് പുകഞ്ഞു കത്താൻ  തുടങ്ങിയിരിക്കുന്നു. ആ പുകച്ചിലിലേക്ക് ഇന്നലെ ബിഗ് ബോസ് കുറച്ചു എണ്ണ കൂടി  ഒഴിച്ചു. മത്സരാർത്ഥികൾക്ക് ഇന്നലെ ബിഗ് ബോസ് നൽകിയ ടാസ്ക് സ്വയം ഏത് സ്ഥാനത്താണ് എന്ന് ആലോചിക്കാനും മറ്റുള്ളവരോട് ചർച്ച ചെയ്തു അത് തീരുമാനിക്കാനുമാണ്.

വീടിന്റെ ക്യാപ്റ്റനായ  രജിത് കുമാർ വില്ലനെന്ന പരിവേഷം ഉള്ളതുകൊണ്ടും കുറേ തവണ പുറത്താക്കലിന് നാമനിര്‍ദ്ദേശം വന്നതുകൊണ്ടും ഒന്നാം സ്ഥാനം വേണമെന്ന് പറയില്ല, നാലാം സ്ഥാനം മതിയെന്ന് പറഞ്ഞു ചർച്ച തുടങ്ങി. തുടർന്ന് കയ്യൂക്കുള്ളവർ കാര്യക്കാരായി. അടിയായി. ബഹളമായി. മഞ്ചു, വീണ, ആര്യ, ജസ്ല എന്നിവരുടെ ശബ്ദത്തോട് പിടിച്ചു നില്ക്കാൻ ആർക്കും സാധിക്കില്ല എന്ന് മാത്രമാണ് ഇന്നലത്തെ ടാസ്ക്ക് തെളിയിച്ചത്. മത്സരാർത്ഥികൾ കൂടിയിരുന്നു നിശ്ചയിച്ച റാങ്കുകൾ പലതും തെറ്റായിരുന്നു. പ്രത്യേകിച്ചും രജിത്തിനെ 13-ാം സ്ഥാനത്തേക്ക് തള്ളിയതും ജസ്ല മൂന്നാം സ്ഥാനം പിടിച്ചു വാങ്ങിയതും ഫുക്രുവിനെ എട്ടാം സ്ഥാനത്തും തള്ളിയതും തികഞ്ഞ അനീതിയായി തന്നെയായാണ് പ്രേക്ഷക എന്ന നിലയിൽ വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ നമുക്ക് ഒരു മാസം കളി കണ്ടത് വച്ച് മത്സരാർത്ഥികൾ എന്ന നിലക്ക് വീടിനുള്ളിലെ പെർഫോമൻസ് മാത്രം ആധാരമാക്കി ഒന്ന് വിലയിരുത്തി നോക്കാം.

രജിത് കുമാറിന് ഒന്നാം സ്ഥാനം നൽകുന്നത് അദ്ദേഹമില്ലെങ്കിൽ ആദ്യ ഒരു മാസത്തെ കണ്ടന്റ് എന്താവുമായിരുന്നു എന്ന വിലയിരുത്തലിലാണ്. ഫുക്രുവിന് രണ്ടാം സ്ഥാനം നൽകുന്നത് കളിയിലെ സ്ഥിരതയും രീതിയും പെരുമാറ്റവും കണ്ടാണ്. ആര്യയ്ക്ക് മൂന്നാം സ്ഥാനം നൽകുന്നത് ആര്യയിലെ ബുദ്ധിമതിയായ സൂത്രശാലിയായ മത്സരാർത്ഥിയെ കണ്ടാണ്.

രഘുവിന് നാലാം സ്ഥാനം നൽകുന്നത് അയാളുടെ ബുദ്ധിശക്തിക്കും നിരീക്ഷണ പാടവത്തിനും വ്യക്തതയുള്ള സംസാരത്തിനും നിലപാടിനും അഭിപ്രായത്തിനുമാണ്. വീണ വീടിനുള്ളിൽ ഉണ്ടാക്കുന്ന ഓളത്തിനാണ് അഞ്ചാം സ്ഥാനം. സുജോ അലസാൻഡ്രയെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ തോതിനാണ് ആറാം സ്ഥാനം നേടിയത്.

ജസ്ല ഏഴാം സ്ഥാനം നേടിയത് ഒരാഴ്ച കൊണ്ട് കളിയിൽ ഇടപെടാൻ കഴിഞ്ഞതിനും കളിയുടെ രീതിയെയും ചർച്ചകളെയും സമവാക്യങ്ങളെയും മാറ്റിയതിനുമാണ്. രജിത്തിന്റെ വിക്ടിം പ്ലേ നിന്നത് ജസ്ലയുടെ വരവോടു കൂടിയാണ്. അല്ലെങ്കിൽ രജിത്തിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നു. പുള്ളിയത് മുതലാക്കി വിക്ടിം പ്ളേ കളിക്കുന്നു എന്ന അവസ്ഥയായിരുന്നു. എന്നാൽ ജസ്ലയുടെ വരവോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി. ഗെയിം പ്ലാനുകൾ മാറി. മഞ്ചുവിന് മാർക്കിട്ടത് മഞ്ചുവിന്റെ നിലപാടുകൾക്കും ചിന്തകൾക്കും ഇടപെടലുകൾക്കും മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യത്തിനുമാണ്. അലസാന്ദ്രക്ക് മാർക്കിട്ടത് സ്വയം നഷ്ട്ടപ്പെട്ടു കാമുകിയായി മാറി പീഡനങ്ങൾ ഏറ്റു വാങ്ങി പ്രേക്ഷകന് കണ്ടന്റ് നൽകുന്നതിനും.

1 . ഒന്നാം റാങ്ക് രജിത് കുമാറിന്

ബിഗ് ബോസ് ഒരു മത്സരമായതുകൊണ്ട് വീടിനകത്തു കഴിഞ്ഞ ഒരു മാസം നടന്ന കാര്യങ്ങൾ വച്ച് ഒന്നാം സ്ഥാനത്തിന് എന്ത് കൊണ്ടും അർഹൻ രജിത് കുമാർ ആണ്. പ്രേക്ഷകരുടെ എന്റെർറ്റൈനെർ. നാലു തവണ നോമിനേഷനിൽ വന്നിട്ടും ജനപിന്തുണ കൊണ്ട് രക്ഷപ്പെട്ടു. മൂന്നു തവണ കാപ്റ്റൻസി ടാസ്കിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഇത്തവണ കാപ്റ്റൻ ആയി. അതിനൊക്കെ പുറമെ വളരെ അലസരും ആവറേജ് ബുദ്ധിയുള്ളവരുമായ മറ്റു മത്സരാർത്ഥികൾ ഗെയിമിനെ ബോറാക്കുകയും വീടിനെ പരദൂഷണ കേന്ദ്രമാക്കുകയും ഒക്കെ ചെയ്തപ്പോൾ ഒറ്റക്ക് പ്രേക്ഷകർക്ക് കാണാനുള്ള കണ്ടന്റ് നൽകിയത് രജിത് കുമാറാണ് . രജിത് കുമാറിനെ ഇഷ്ട്മായില്ലാത്തവർക്ക് പോലും പുള്ളി നല്ല മത്സരാർത്ഥിയല്ല എന്ന് പറയാൻ കഴിയില്ല. അത്രക്കും ഷോയിൽ നിറഞ്ഞു നിൽക്കുകയാണ് രജിത്. കളിയിൽ നിറഞ്ഞു നിൽക്കുന്ന രജിത് നാലാം സ്ഥാനം മാത്രം ആവശ്യപ്പെട്ടിട്ടും അത് നല്കാൻ വീടിനുള്ളിലുള്ളവർ തയ്യാറായില്ല എന്നതാണ് ഇന്നലെ കണ്ടത്. കളിയിൽ രജിത്തിന്റെ ഏഴയലത്തു പോലും വരാത്ത മഞ്ചു രജിത്തിന്റെ നാലാം സ്ഥാനം തട്ടിപ്പറിക്കുകയും രജിത്തിനെ പതിമൂന്നിലേക്ക് തള്ളുകയും ചെയ്തു. ഈ അമിത ആത്മവിശ്വാസമൊക്കെ മഞ്ചുവിന് എവിടുന്നു കിട്ടുന്നു എന്നാ മനസിലാവാത്തത്.

2 . രണ്ടാം റാങ്കു ഫുക്രുവിന്

ബിഗ് ബോസ് വീട്ടിൽ രണ്ടാം സ്ഥാനത്തിന് ആരെങ്കിലും അര്ഹനാണെങ്കിൽ അത് ഫുക്രുവാണ്. വീട്ടിലെ എന്റെർറ്റൈനെർ. ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ഒരു മാസം രജിത് കഴിഞ്ഞാൽ കളിയെ സജീവമാക്കി നിർത്തിയതും വീട്ടിലുള്ളവരെ ഒത്തൊരുമിപ്പിക്കുന്ന ഒരു മത്സരാർത്ഥിയായി നിന്നതും ഫുക്രുവാണ്. ചെറുപ്പക്കാരുടെ ഗ്രൂപ്പുമായും മുതിർന്നവരുടെ ഗ്രൂപ്പുമായും പെണ്ണുങ്ങളുടെ ഗ്രൂപ്പുമായും പുകവലിക്കാരുടെ ഗ്രൂപ്പുമായും എലീനയുമായും ഒക്കെ ഒരേ പോലെ ബന്ധം സൂക്ഷിക്കുന്ന ഏക മത്സരാർത്ഥിയാണ് ഫുക്രു. ദ കംപ്ലീറ്റ് എന്റെർറ്റൈനെർ.

എന്നാൽ ഫുക്രുവിനെ ഇപ്പോൾ വീണയും മഞ്ചുവും ആര്യയും ഗെയിമിനു വേണ്ടി ഉപയോഗിക്കുകയാണ്. ഫുക്രുവിനെ ഒരു വ്യക്തിത്വവുമില്ലാത്ത കുട്ടിയായി നിലനിർത്തേണ്ടത് അവരുടെ ആവശ്യമാണ്. കൊഞ്ചിക്കുന്നു, ഉമ്മ വക്കുന്നു, താരാട്ട് പാടുന്നു, ചിക്കൻ കൊടുക്കുന്നു, ആപ്പിൾ കൊടുക്കുന്നു. എന്നിട്ടോ അവൻ ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഫുക്രുവിനു കുട്ടിക്കളിയാന്നെന്നു പറഞ്ഞു മറ്റുള്ളവർ അപമാനിക്കുന്നു. മഞ്ചുവും വീണയും ആര്യയുമാണ് ഫുക്രുവിനെ പുറകോട്ട് വലിക്കുന്നത്. ഇന്നലെ ആര്യ ഫുക്രുവിനെ ഒന്നാം സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത് തന്നെ ഒരതിബുദ്ധിയാണ്, ആ നിര്‍ദ്ദേശം എതിര്‍ക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് തന്നെ.

3. മൂന്നാം റാങ്ക് ആര്യയ്ക്ക്

ബിഗ് ബോസ് വീട്ടിൽ മൂന്നാം സ്ഥാനത്തിന് എന്തുകൊണ്ടും അർഹ ആര്യയാണ്.  ഇന്നലെ തന്നെ ആര്യ കാണിച്ച കോൺഫിഡൻസ് നോക്കു. പതിനാറു പേരിൽ ഒരേയൊരു ആര്യയാണ് ആത്മവിശ്വാസത്തോടെ ഒന്നാം സ്ഥാനത്തേക്ക് സ്വയം നോമിനേറ്റ് ചെയ്തത്.  ഒരു മത്സരാർത്ഥി എന്ന നിലയിൽ ആര്യയുടെ ഇടപെടൽ രസകരമാണ്. ആരെ എപ്പോ ടാർഗെറ്റ് ചെയ്യണമെന്ന് കൃത്യമായി അറിയാം. ബുദ്ധിയുള്ള മത്സരാർത്ഥി.  മഞ്ചു, വീണ, ഫുക്രു, പാഷാണം ഷാജി എന്നിവരെയൊക്കെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കി പരദൂഷണം പറയുന്നതും ഒത്തുകളിക്കുന്നതുമാണ് ആര്യയുടെ നെഗറ്റീവ് പോയിന്റ്. കൂടാതെ മികച്ച മത്സരാർത്ഥിയായ ഫുക്രുവിനെ കുട്ടിയാക്കി മത്സരത്തിൽ അപ്രസക്തനാക്കുന്നതും ആര്യയുടെ ഗെയിം പ്ലാനാണ്. ഇത് കൂടി ഇല്ലായിരുന്നെങ്കിൽ ആര്യ രണ്ടാം സ്ഥാനത്തിന് അര്ഹയായേനെ.  

4 . നാലാം റാങ്ക് രഘുവിന്

ബിഗ് ബോസിലെ മുപ്പതു ദിവസം കൊണ്ട് നാലാം സ്ഥാനത്തിന് രഘു അർഹനാണ്. രഘു തന്നെ ഇന്ന് അതിന്റെ കാരണം പറഞ്ഞു. ഇവിടെ വൈകാരികതക്ക് വലിയ സ്ഥാനമായൊന്നുമില്ല. ബുദ്ധിശക്തിക്കാണ് വില. അത് എനിക്കുണ്ട് എന്ന്.
ഇതുവരെയുള്ള രഘുവിന്റെ പ്രകടനം വച്ച് നോക്കുമ്പോൾ ആ വീട്ടിൽ ലിംഗസമത്വം, സ്ത്രീസമത്വം, തുല്യത, പൊളിറ്റിക്കൽ കറക്ട്നെസ്സ്, ഫെയർ പ്ളേ  ഒക്കെ അറിയാവുന്ന ഏക മനുഷ്യൻ രഘുവാണ്. ഇന്നലത്തെ നോമിനേഷനിൽ പോലും രഘു നോമിനേറ് ചെയ്യാനുള്ള കാരണം പറയുന്നതിലൊക്കെയുണ്ട് ആ ഫെയർ പ്ളേ.
പ്രദീപിനെ രഘു നോമിനേറ്റ് ചെയ്തത് ദയയോട് പെരുമാറുന്നതിലെ ദുരൂഹതക്കാണ്.
വീണയെ രഘു നോമിനേറ്റ് ചെയ്യുന്നത് സ്ത്രീകളെ മൊത്തത്തിൽ അപമാനിച്ചതിനാണ്.
രഘു ഞാൻ രണ്ടാം സ്ഥാനം എടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു കുട്ടിപോലും എതിർക്കാനുണ്ടായില്ല എന്നതും ശ്രദ്ധേയം. വീടിനുള്ളിലും രഘുവിന്റെ നിലപാടുകൾക്ക് പിന്തുണയുണ്ട്.

5 . അഞ്ചാം റാങ്ക് വീണക്ക്

അഞ്ചാം സ്ഥാനത്തിന് അർഹ നിലവിൽ വീണയാണ്. ആര്യയുടെ സപ്പോർട്ട് കൊണ്ട് മാത്രമാണെങ്കിലും വീടിനുള്ളിൽ ചില അനക്കങ്ങൾ ഉണ്ടാക്കാൻ വീണക്ക് കഴിയുന്നുണ്ട്. പാട്ടുപാടിയും അമ്പൂച്ചനെയും അമ്പാടിയെയും വിളിച്ചു കരഞ്ഞും കടവും ദാരിദ്ര്യവും പറഞ്ഞും പരദൂഷണം പറഞ്ഞും ഫുക്രുവിനെ കൊഞ്ചിച്ചും ജസ്ലയുമായി അടിയുണ്ടാക്കി കുലസ്ത്രീ പട്ടം ഉറപ്പിച്ചും വീണ തന്റെ അഞ്ചാം സ്ഥാനം കളിയിൽ ഉറപ്പിച്ചു കഴിഞ്ഞു.

6. ആറാം റാങ്ക് സുജോ മാത്യുവിന്

ബിഗ് ബോസ് വീട്ടിലെ കലിപ്പൻ  കാമുകനും ഈഗോയിസ്റ്റികുമായ സുജോ മാത്യുവാണ് ആറാം സ്ഥാനത്ത്. അലസാൻഡ്ര എന്ന മത്സരാർത്ഥിയെ  പ്രേമിച്ചും ഉപദ്രവിച്ചും അപമാനിച്ചും ചവിട്ടി തേച്ചും കലിപ്പന്റെ കാന്താരിയാക്കിയും വീട്ടിലുള്ളവരോട് മുഴുവൻ കാരണമില്ലാതെ അടിയുണ്ടാക്കിയും സുജോ തന്റെ ആറാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

7 . ഏഴാം റാങ്ക് ജസ്ലക്ക്

ഇക്കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിലെത്തിയ ജസ്ല മാടശ്ശേരിയാണ് ഏഴാം സ്ഥാനക്കാരി. സീരിയൽ, സിനിമ ചർച്ചകൾക്കപ്പുറത്തേക്ക് ലിംഗസമത്വവും ഭരണഘടനയും സ്ത്രീസമത്വവും പറയാനും ചർച്ചയാക്കാനും ജസ്ലക്ക് ഒരാഴ്ചകൊണ്ട് കഴിഞ്ഞു എന്നതിനാലാണ് ജസ്ല ഏഴാം സ്ഥാനത്തു എത്തുന്നത്. എന്നാൽ ആദ്യത്തെ ഒരു ഓളം കഴിഞ്ഞതോടെ ജസ്ല ഒതുങ്ങി പോയതായും കാണുന്നുണ്ട്. എട്ടു പെണ്ണും എട്ടു ആണും മത്സരാർത്ഥികളാവുമ്പോ സ്ത്രീ സമത്വം സാധ്യമായില്ലേ  എന്ന പരാമർശത്തിന് ജസ്ല കയ്യടിക്കുന്നതു കണ്ടു. സുജോ ഇരുന്നു വസ്ത്രധാരണത്തെക്കുറിച്ചു ക്‌ളാസ് എടുക്കുമ്പോ അതിനോട് ചിരിയോടെ വഴങ്ങുന്നതു കണ്ടു. രജിത് കുമാർ സ്ത്രീകൾ കാലിൽ കാല് കയറ്റി വച്ച് ഇരിക്കുന്നതിനെക്കുറിച്ചു ക്‌ളാസ് എടുക്കുമ്പോൾ അവൾ കാലിൽ കാൽ കയറ്റി വച്ച് ഇരുന്നെങ്കിലും ശക്തമായ ഒരു വിയോജിപ്പിന്റെ സ്വരം ഉയർത്താൻ കഴിയാതിരുന്നതും കണ്ടു. വരും ആഴ്ചകളിൽ ജസ്ലയുടെ പ്രകടനം ഇനിയുള്ള ആഴ്ചകളിൽ റാങ്ക് നിർണയിക്കുന്നതിൽ നിർണായകമാകും.

8.  എട്ടാം റാങ്ക് മഞ്ചുവിന്
 
മഞ്ചുവാണ് എട്ടാം സ്ഥാനത്തിന് നിലവിൽ അർഹ. മഞ്ചുവിന്റെ ആശയങ്ങളൊക്കെ നല്ലതായി തോന്നിയിട്ടുണ്ട്. കൃത്യമായ നിലപാട് എല്ലാ വിഷയങ്ങളിലുമുണ്ട്. എന്നാൽ പറയേണ്ട സ്ഥലത്തു അത് പറയുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. വീടിനുള്ളിൽ ഉള്ളവരെ പരമാവധി സന്തോഷിപ്പിച്ചു നിർത്തലാണ് ലക്ഷ്യമെന്ന് തോന്നുന്നു. അതിനാൽ വീടിനുള്ളിൽ ശത്രുക്കളില്ല. നോമിനേഷനിലൊന്നും വരുന്നുമില്ല. എന്നാൽ അനാവശ്യ കരച്ചിലും സെന്റി ഗെയിം പ്ലാനും ഒക്കെ മഞ്ചുവിനെ ദുര്‍ബലയാക്കുന്നു. ഫുക്രുവിനെ വച്ചുള്ള കുട്ടിക്കളിയും അമ്മക്കളിയും പ്രേക്ഷകന് സഹിക്കാവുന്നതിലും അപ്പുറം.

9. ഒൻപതാം റാങ്ക് അലസാന്‍ഡ്രക്ക്

സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും പണയം വച്ച് കൊണ്ട് സുജോയുടെ കാൽക്കൽ ഒരു അടിമയെ പോലെ കിടന്നു കൊണ്ട്, അയാളുടെ എല്ലാ മാനസിക പീഡനങ്ങളും നിശബ്ദം ഏറ്റു വാങ്ങി കൊണ്ട് സർവം സഹയായ കാമുകിയായി ജീവിച്ചു കൊണ്ട് അലസാന്ദ്ര ഒൻപതാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. സ്വന്തം ആത്മാവ് നഷ്ടമാക്കിയിട്ട് ഗെയിം ജയിച്ചിട്ട് എന്ത് കാര്യം അല്ലെ?

10 . പത്താം റാങ്ക് എലീനക്ക്

കളി ഒരു മാസം പിന്നിടുമ്പോൾ എലീന പത്താമതായി വന്നു നിൽക്കുന്നു. തുടക്കത്തിൽ മികച്ച മത്സരാർത്ഥി എന്ന് തോന്നിപ്പിച്ച എലീന പിന്നീട് മെല്ലെ നിശബ്ദയായി, നിഷ്ക്രിയയായി, ഒന്നിലും ഇടപെടാതെയായി, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഫുക്രുവിലേക്ക് മാത്രമായി ഒതുങ്ങി. സ്ക്രീൻ സ്‌പെയ്‌സ് കിട്ടുന്ന ഒന്നും എലീന ചെയ്യുന്നില്ല എന്നാണ് ഷോയിൽ എലീനയുടെ സാന്നിധ്യം കുറഞ്ഞു വരുന്നതിനെക്കുറിച്ചു തോന്നുന്നത്. എലീനക്ക് ലവ് ട്രാക്ക് പറ്റുന്നില്ല, അടിയുണ്ടാക്കിയും തർക്കിച്ചും ആളുകളുടെ മെക്കിട്ടു കയറിയും ആളാവാന്‍ അറിയില്ല, ഗ്രൂപ്പുണ്ടാക്കി പരദൂഷണം പറയാൻ അറിയില്ല. തുടക്കത്തിൽ എലീനക്ക് വീടിനകത്തു ആര്യയുൾപ്പെടെയുള്ള ശത്രുക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. ഇനി എന്താണ് എലീനയുടെ ഗെയിം പ്ലാൻ എന്ന് കണ്ടു തന്നെ അറിയണം.

11. പതിനൊന്നാം റാങ്ക് പാഷാണം ഷാജിക്ക്

പാഷാണം ഷാജി ബിഗ് ബോസിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയായിരുന്നു. കലാകാരൻ, നടൻ, പാട്ടുകാരൻ, അപ്രതീക്ഷിത കൗണ്ടറുകളുടെ ആശാൻ ഇങ്ങനെ പ്രേക്ഷക പ്രതീക്ഷകൾ വളരെ ഉയരത്തിലായിരുന്നു. എന്നാൽ ആര്യയുടെയും വീണയുടെയും പരദൂഷണം പറയുന്ന ടീമിൽ ഷാജി പെട്ട് പോയി. വെറും അടുക്കള കാര്യങ്ങളിൽ മാത്രമായി ഷാജിയുടെ സാന്നിധ്യം. മത്സരാര്‍ത്ഥികളിൽ പ്രേക്ഷകരെ ഏറ്റവും നിരാശപ്പെടുത്തിയ താരമാണ് സാജു നവോദയ. ഒരിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യം എടുത്തു പറയാനില്ല.

12. പന്ത്രണ്ടാം റാങ്ക്  രേഷ്മക്ക്

ആർക്കും മുഖപരിചയം പോലുമില്ലാതെ തികച്ചും പുതുമുഖമായി ബിഗ് ബോസിൽ എത്തിയ ആളാണ് രേഷ്മ. തുടക്കത്തിൽ രേഷ്മക്ക് തന്റെ സാന്നിധ്യം രേഖപ്പെടുത്താനും വിഷയങ്ങളിൽ തനിക്കുള്ള അഭിപ്രായം തുറന്നു പറയാനും സാധിച്ചിരുന്നു. രജനി ചാണ്ടിയോടൊക്കെയുള്ള വിയോജിപ്പ് രേഷ്മ അവതരിപ്പിച്ചതൊക്കെ കടുത്ത ഭാഷയിലായിരുന്നു. രജിത് കുമാറിന്റെ സ്യുഡോ സയന്‍സിനെയൊക്കെ തിരുത്തിയിരുന്നു. അത്തരത്തിൽ പ്രതീക്ഷക്കു വകയുണ്ട് എന്ന്  തോന്നിപ്പിച്ച ഒരു മത്സരാർത്ഥി പെട്ടന്ന് ഗെയിം പ്ലാൻ മാറ്റി പ്രദീപിനെ പ്രേമിക്കുന്ന ലൈൻ പിടിച്ചു. അത് തികച്ചും അരോചകമായിരുന്നു. ഇത്തവണ പ്രദീപും രേഷ്മയും നോമിനേഷനിൽ വന്നത് തന്നെ ഈ പ്രേമം കളിച്ചിട്ടാണ്.

ദയ പ്രദീപിനെതിരെ ആരോപണം കൂടി ഉന്നയിച്ചപ്പോൾ രേഷ്മയുമായുള്ള പ്രദീപിന്റെ ബന്ധം വീണ്ടും അവതാളത്തിലായി. ഈ ആഴ്ച നോമിനേഷനിൽ പുറത്തു പോകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മത്സരാർത്ഥിയായി ഒരു മാസം കഴിയുമ്പോൾ രേഷ്മ നിൽക്കുന്നു.

13. പതിമൂന്നാം റാങ്കിൽ പ്രദീപ്

പ്രദീപ് മിനി സ്ക്രീനിലെ കിരീടം വെക്കാത്ത രാജാവാണ്. പാട്ടുകാരനാണ്. ക്രോണിക് ബാച്ചിലറാണ്. കളിയിൽ എന്തെങ്കിലും പുറത്തെടുക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്ന മത്സരാർത്ഥി. ആദ്യ ആഴ്ചയിൽ തന്നെ കാപ്റ്റനായി. എന്നാൽ വീണ, ആര്യ ടീമിൽ വീണു വ്യക്തിത്വം പോയ മത്സരാർത്ഥിയായ പ്രദീപും മാറി. രേഷ്മയുമായുള്ള ലവ് ട്രാക്ക് വിജയിച്ചില്ല. അതിലുപരി മുന്‍പരിചയമുള്ള ദയ വന്നപ്പോൾ നടത്തിയ അഭിനയമൊക്കെ ചീറ്റി. വിശ്വാസ്യത പോയി. പ്രദീപിന്റെ ആത്മവിശ്വാസവും പോയി. ഇത്തവണ എലിമിനേഷനിൽ പുറത്താക്കപ്പെടാൻ സാധ്യതയുള്ള മത്സരാർത്ഥി.

14. പതിനാലാം റാങ്കിൽ ദയ അശ്വതി

ഒരാഴ്ച കൊണ്ട് പ്രദീപിന്റെ വിശ്വാസ്യതയേയും നിലനിപ്പിനെയും ചോദ്യം ചെയ്യാൻ കഴിഞ്ഞ മത്സരാർത്ഥി. വൈൽഡ് കാർഡിൽ കടന്നു വരുമ്പോൾ ജസ്ലയുമായി അടിയുണ്ടാക്കുമെന്നും രജിത്തുമായി ടീമുണ്ടാക്കുമെന്നും തോന്നിപ്പിച്ചെങ്കിലും പ്രദീപിന്റെ ചീട്ടാണ് ദയ കീറിയത്. ബിഗ് ബോസിന്റെ ഈ സീസണിലെ  ഏറ്റവും വലിയ ട്വിസ്റ്റ് ആയിരുന്നു ദയ പ്രദീപുമായുള്ള ബന്ധം വെളിപ്പെടുത്തിയ സംഭവം. വീടിനുള്ളിൽ നിരന്തരം കരച്ചിലും മൂക്ക് പിഴിയലും ആവലാതി പറച്ചിലുമായി നടക്കുന്നു.

15. പതിനഞ്ചാം റാങ്കിൽ പവൻ

പുതിയ മത്സരാർത്ഥി. ഒരു ദിവസം കൊണ്ട് ഇവൻ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ പവനു കഴിഞ്ഞു. സ്വയം പരിചയപ്പെടുത്തിയതിൽ സ്കോർ ചെയ്തു. ബാക്കി കണ്ടറിഞ്ഞു കാണണം.

16. പതിനാറാം റാങ്കിൽ സൂരജ്

പുതിയ മത്സരാർത്ഥി. പ്രത്യേകിച്ച് ചലനമൊന്നും  ഇതുവരെ ഉണ്ടാക്കിയില്ല. എന്നിട്ടും ടാസ്ക്കിൽ ഞാൻ ഏഴാം സ്ഥാനം എടുക്കുന്നു എന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ എവിടെ, എങ്ങനെ സൂരജ് അടയാളപ്പെടുത്തുമെന്നു കാത്തിരുന്ന് കാണാം. 

ഇതാണ് ഒരു മാസത്തെ കളിയുടെ അടിസ്ഥാനത്തിൽ എന്റെ വിലയിരുത്തൽ. നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. ഈ റാങ്കുകൾ നിർണയിച്ചത് കഴിഞ്ഞ 30 ദിവസം വീടിനകത്തു നടന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഇതിൽ പലരും വീടിനു പുറത്തു കുറച്ചു കൂടി നല്ലതാവാം. ചിലർ ഇതിലും ചീത്തയാവാം. ചിലരുടെ വ്യക്തിത്വം നല്ലതാവാം. പെരുമാറ്റം നല്ലതാവാം, ചീത്തയാവാം. പുറത്തു ഫാൻസ്‌ ഉണ്ടാവാം, ഇല്ലാതിരിക്കാം. വീടിനു പുറത്തു ഇവരിൽ പലരും പലതുമാവാം. എന്നാൽ ബിഗ് ബോസ് വീട്ടിൽ ഇവരുടെ സ്ഥാനം ഒരു പ്രേക്ഷക എന്ന നിലയിൽ നോക്കുമ്പോൾ ഇതൊക്കെയാണ്. ബിഗ് ബോസ് നൽകിയ ടാസ്‌ക്കെന്ന നിലയിൽ വീടിനകത്തുള്ളവർക്ക് കയ്യൂക്കുള്ളവൻ കാര്യക്കാരൻ കളി കളിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പ്രേക്ഷകന്റെ വിലയിരുത്തലാണ് വിജയിയെ നിശ്ചയിക്കുക എന്നത് കൂടി വീടിനുള്ളിലുള്ളവർ മനസിലാക്കാൻ എന്താണ് ഒരു വഴി?

നിങ്ങൾ നൽകുന്ന റാങ്കുകളും വിലയിരുത്തലും വിയോജിപ്പുകളും അതിനുള്ള കാരണങ്ങളും കമന്റായി ഇടൂ.