ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പൊളിഞ്ഞടുങ്ങുകയാണ്. നേരത്തെ ഉണ്ടായിരുന്നവരടക്കമുള്ള അഞ്ചുപേരുടെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് പലരുടെയും അപ്രമാദിത്തം പൊളിക്കാന്‍ പോന്നതാണ്. ഇങ്ങനെ എതിര്‍ സ്വരങ്ങള്‍ ഉയരാതിരുന്ന ചിലരിലേക്കും ഇപ്പോള്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. അതില്‍ പ്രധാനമായും കാണേണ്ടത് പാഷാണം ഷാജിയുടെ ഇന്നലത്തെ എപ്പിസോഡിലെ പരാമര്‍ശവും തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ നടത്തുന്ന ചര്‍ച്ചകളുമാണ്. 

അമൃതയുടെയും അഭിരാമിയുടെയും കഥാപാത്രങ്ങള്‍ ആയ ഒറ്റവെട്ട് ഓമന, ഒറ്റപ്പൊട്ട് തങ്കമ്മ എന്നിവര്‍ എന്റെ സെറ്റപ്പാണ്, ഇവര്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ഇവരുടെ കൂടെ മാറി മാറി താമസിക്കും. എനിക്ക് വേണ്ടി ഇവര്‍ അടികൂടും ഇതാണ് ഇന്നലെ പാഷാണം ഷാജി പറഞ്ഞത്. ടാസ്‌കിന്റെ സമയത്ത് ഇക്കാര്യം വീട്ടിലുള്ളവര്‍ ആരും ചര്‍ച്ചയാക്കിയില്ല. എന്നാല്‍ അത് കഴിഞ്ഞ് അമൃതയും അഭിരാമിയും രജിത്തിനോടും സുജോയോടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഷാജി ചെയ്തത് ചീപ്പായി എന്ന് അപ്പോള്‍ തന്നെ സുജോയും രജിത്തും പറഞ്ഞു.

അമൃതയ്ക്ക് ഷാജിയുമായി വര്‍ഷങ്ങള്‍ നീണ്ട പരിചയമുണ്ട്, ബന്ധമുണ്ട്. ഇക്കാര്യം അമൃത പറയുമ്പോള്‍ അഭിരാമി കുറച്ച് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ആ പരിചയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞേക്കാം, പക്ഷേ ഇത് അങ്ങനെ കളയേണ്ടതല്ല...തമാശയ്ക്ക് ഇങ്ങനെ പറയുന്നു...ഇത് ഞാന്‍ സംസാരിക്കും. അതിനിടയില്‍ സുജോ പണ്ട് നടന്ന ചില കാര്യങ്ങള്‍ ഇരുവരോടും പറഞ്ഞു. 

പവന്‍ ഉണ്ടായിരുന്ന സമയത്തെക്കുറിച്ചായിരുന്നു അത്. അന്ന് പവന്‍ സാന്‍ഡ്രയോട് മോശമായി സംസാരിച്ചു. പവന്‍ സാന്‍ഡ്രയെ ചീത്ത വിളിച്ചപ്പോള്‍ ഗെയിമിന്റെ ഭാഗമാണെന്ന് ഷാജി പറഞ്ഞിട്ടുണ്ട് എന്നാണ് സുജോ പറയുന്നത്. സുജോയും രജിതും  തമ്മിലും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഷാജി ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വളരെ ലോ ലെവല്‍ പ്രസ്താവനയായിരുന്നു അതെന്നും ഇരുവരും പറയുന്നു. 

സുജോയോട് എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് രജിത് ചോദിക്കുന്നുണ്ട്. താന്‍ പ്രതികരിച്ചാല്‍ അത് ഗെയിമിന്‍റെ ഭാഗമാണെന്നും ഇവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സ്വരങ്ങള്‍ ഉയരുമെന്നും സുജോയാണെങ്കില്‍ ആ പ്രശ്നമില്ലെന്നും രജിത് പറ‍ഞ്ഞു. എന്തായാലും ഇത് വിടരുതെന്നു തന്നെയാണ് ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചകള്‍. അതുകൊണ്ടുതന്നെ ഷാജിയുടെ പരമര്‍ശം ഇനിയും വീട്ടിനുള്ളില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയം വേണ്ട.

വീട്ടിനുള്ളിലുള്ളതിലും വലിയ രീതിയിലാണ്  പുറത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.  അവിടെ ഇത്രയും സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയ പാഷാണം ഷാജിയെ മാത്രമല്ല സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. മറിച്ച് നിലപാട് സിംഹങ്ങളെന്ന് പറഞ്ഞുനടക്കുന്ന ജസ്‍ലയും രഘുവും അലസാന്‍ഡ്രയുമൊക്കെ എവിടെപ്പോയി എന്നാണ് ചോദ്യം. എന്തുകൊണ്ട് അത്രയും മോശമായ ഒരു കമന്‍റിന് ചിരിച്ചും കയ്യടിച്ചും ഇവരെല്ലാം പ്രോത്സാഹനം നല്‍കിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. സംഭവം കത്തിയതോടെ ബിഗ് ബോസ് വീട്ടിലും പുറത്തും ഇതിന്‍റെ അലയൊലികള്‍ പ്രതീക്ഷിക്കാം.