ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാര്‍. വന്നതുമുതല്‍ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ എപ്പിസോഡില്‍ ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. രജിത് കുമാര്‍ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹന്‍ലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു. 

മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവര്‍ അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാര്‍ത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന്  മോഹന്‍ലാല്‍ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്‍റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാന്‍ രജിത്തിന് മോഹന്‍ലാല്‍ അവസരം നല്‍കി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്‍പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയില്‍ എൻറെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല, എന്‍റെ അമ്മയുടെ കാര്യമാണ് എന്‍റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. 

തീരുമാനത്തില്‍ മാറ്റമില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു. രജിത്തിന് ആശംസകള്‍ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങള്‍ രജിത്തിനെ കാണിച്ചു. വീടിനകത്ത് നടന്ന കാര്യങ്ങള്‍ കാണുന്നതിനിടയില്‍ രജിത്തിന്‍റെ കണ്ണുനിറയുന്നുണ്ടായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോള്‍ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്‍റെ ഭാഗമായി ആള്‍ക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി.