കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി കലുഷിതമാണ് ബിഗ് ബോസ് ഹൗസ്. ചെറിയ സംസാരങ്ങളില്‍ തുടങ്ങി വലിയ വഴക്കിലേക്ക് പപ്പോഴും ബിഗ് ബോസ് താരങ്ങള്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാറുണ്ടെങ്കിലും, പുതിയ ലക്ഷ്വറി ബജറ്റ് ടാസ്കിന് പിന്നാലെ  ഗ്രൂപ്പ് തിരിഞ്ഞ് സംസാരിക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍ മത്സരാര്‍ത്ഥികള്‍. പലപ്പോഴും സമചിത്തതയോടെയും പെരുമാറിയിരുന്നവര്‍ പോലും പരസ്പരം തല്ലുകൂടുന്ന രീതിയിലേക്ക് എത്തുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്.

31ാം ദിവസം രാവിലെ ഒമ്പതരയോടെ ബിഗ് ബോസ് ഹൗസിലെ സിറ്റൗട്ടിലാണ് പുതിയ തര്‍ക്കം നടന്നത്.  വര്‍ക്കൗട്ട് ഏരിയയില്‍ ഇരിക്കുന്ന ഫുക്രുവും അവിടെ നില്‍ക്കുന്ന പവനെയും കാണാം. സിറ്റൗട്ടില്‍ രഘുവിനും സൂരജിനുമൊപ്പം രേഷ്മയും ഇരിക്കുന്നുണ്ട്. രേഷ്മയുടെ തലയില്‍ കൈകൊണ്ട് തലോടിക്കൊണ്ട് സുജോയും രംഗത്തുണ്ട്. മുന്‍പിലായി തൂണിനോട് ചാരി നില്‍ക്കുകയാണ് ദയ. ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്ന ടാസ്കിനെ കുറിച്ചാണ്. വിഷയം രജിത് കുമാര്‍ തന്നെ. വളരെ തരംതാഴ്ന്ന നിലയിലാണ് അദ്ദേഹം പെരുമാറിയതെന്ന് രേഷ്മ പറയുമ്പോള്‍, കണ്ണിറുക്കിക്കൊണ്ട്, അത് ടാസ്കിന്‍റെ ഭാഗമായല്ലേ.. മറ്റുള്ള സമയങ്ങളില്‍ അദ്ദേഹം സ്ത്രീകളോട് മാന്യമായല്ലേ പെരുമാറാറുള്ളൂ എന്ന് രഘു പറയുന്നു.

ഈ കണ്ണിറുക്കില്‍ കണ്ടുനിന്ന ദയ രഘുവിനോട് എന്തിനാണ് കണ്ണിറുക്കുന്നത് എന്ന് ചോദിക്കുന്നതോടെയാണ് തര്‍ക്കത്തിന്‍റെ തുടക്കം. രഘു എന്നോടാണ് കണ്ണിറുക്കിയതെന്നും താനെന്തിനാണ് അത് ചോദിക്കുന്നതെന്നും പറഞ്ഞാണ് രേഷ്മ ദയക്കുനേരെ നിര്‍ദയം ആക്രോഷിക്കുന്നത്. ഇതു കണ്ടുനിന്ന ഫുക്രു, അവര‍് രഘുവിന്‍റെടുത്താണ് സംസാരിക്കുന്നതെന്നും താനെന്തിനാണ് അവരുടെ മെക്കിട്ട് കേറുന്നതെന്നും ചോദിച്ച് രംഗത്തുവരുന്നതോടെയാണ് തര്‍ക്കം ചൂടുപിടിക്കുന്നത്. അത് അവര്‍ തീര്‍ക്കട്ടെയെന്ന് രഘു പറയുന്നുണ്ടെങ്കിലും ഫുക്രു വിടുന്നില്ല. അങ്ങനെ വെറുതെ ഒരാളുടെ മണ്ടയില്‍ കേറിയാല്‍ സമ്മതിക്കില്ലെന്നും ഫുക്രു പറയുന്നു.

ലോജിക്ക് തനിക്കും വേണമെന്നും പെണ്ണുങ്ങള്‍ക്കൊപ്പം മാത്രം നില്‍ക്കരുതെന്നും ഫുക്രു രഘുവിനോട് പറയുന്നു. എല്ലാവരെയും ഒരേ പോലെ കാണണമെന്നും ഫുക്രു പറയുന്നു.  എന്നാല്‍ മിണ്ടാതെ തിരിഞ്ഞു നടന്ന ദയയോട്, രേഷ്മ വീണ്ടും ഇങ്ങനെ പറ‍ഞ്ഞു.'ഇപ്പോ അവര്‍ക്കൊന്നും ചോദിക്കുകയും വേണ്ട പറയുകയും വേണ്ട'. പതുക്കെ തിരിഞ്ഞു നടന്ന ദയ തിരിഞ്ഞുനിന്ന് പൊട്ടിത്തെറിക്കുകയാിയരുന്നു. താന്‍ രഘുവിനോടാണ് ചോദിച്ചതെന്നും അതിനുള്ള മറുപടി രഘുവാണ് തരേണ്ടതെന്നും ദയ പറഞ്ഞു. ആണാണെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് മറുപടി പറയിക്കുകയല്ല നേരിട്ട് പറയണമെന്നും ദയ പറയുന്നു.

ഈ ആവേശം നേരത്തെ കാണിച്ചിരുന്നെങ്കില്‍ എലിമിനേഷന്‍ കിട്ടില്ലായിരുന്നുവെന്നും രഘു പറഞ്ഞു. കരയുന്നതും ചിരിക്കുന്നതുമെല്ലാം എന്‍റെ കാര്യമാണെന്നും അതില്‍ ഇടപെടേണ്ടെന്നും ദയ പറയുന്നു. ഇതെല്ലാം കേട്ടു നില്‍ക്കുന്ന രജിത് കുമാറിന്‍റെ ഭാവങ്ങളായിരുന്നു ഏറെ ശ്രദ്ധേയമായത്. ഒന്നും മിണ്ടാതെ സൂര്യനെ നോക്കി കൈകൂപ്പി പ്രാര്‍ത്ഥിച്ചു നില്‍ക്കുകയായിരുന്നു രജിത്.  ഇതുവരെ കരഞ്ഞുകൊണ്ട് സംസാരിച്ചുകൊണ്ടിരുന്ന ദയ പൊട്ടിത്തെറിച്ചതിന്‍റെ ഞെട്ടല്‍ പ്രകടിപ്പിച്ചില്ലെങ്കിലും  അടുത്തുള്ള പലരുടെയും മുഖത്ത് അത് പ്രകടമായിരുന്നു.