ഹൗസിലെ മത്സരാര്‍ഥികളുടെ ആരോഗ്യസ്ഥിതി ബിഗ് ബോസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒന്നാണ്. സോമദാസ് എന്ന മത്സരാര്‍ഥി പുറത്തുപോകാനുണ്ടായ സാഹചര്യം അദ്ദേഹത്തിന്റെ അനാരോഗ്യമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ മറ്റൊരു മത്സരാര്‍ഥിക്കുകൂടി വിദഗ്ധ ചികിത്സ ആവശ്യമായി വന്നിരിക്കുന്നു. എന്നാല്‍ സോമദാസിന്റെയത്ര ഗൗരവമുള്ള സ്ഥിതിയല്ല ഇതെന്ന് മാത്രം. പരീക്കുട്ടിയുടെ ചികിത്സയ്ക്കാണ് ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് മുന്‍കൈയെടുത്തത്. വലതു കണ്ണിലെ ഇന്‍ഫെക്ഷനാണ് കാരണം.

പരീക്കുട്ടിയുടെ കണ്ണിന് ദിവസങ്ങളായി പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹത്തെ ആദ്യം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് അവിടുന്ന് ആശുപത്രിയിലേക്കും അയച്ചു. പിന്നീട് പരീക്കുട്ടി തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകരോടും മറ്റ് മത്സരാര്‍ഥികളോടും ബിഗ് ബോസ് സംഗതിയുടെ ഗൗരവത്തെക്കുറിച്ച് പറഞ്ഞു. 'പരീക്കുട്ടി ആശുപത്രിയില്‍നിന്നും തിരികെ എത്തിയിരിക്കുന്നു. പരീക്കുട്ടിയുടെ കണ്ണിന് അതിതീവ്രമായ ഇന്‍ഫെക്ഷന്‍ ഉള്ളതിനാലും മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ലാത്തതിനാലും പരീക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഈ വീട്ടില്‍നിന്നും മാറ്റിനിര്‍ത്തുകയാണ്', എന്നായിരുന്നു മറ്റ് മത്സരാര്‍ഥികളോടുള്ള ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്.

 

എല്ലാവരെയും ഹാളിലേക്ക് വിളിച്ചുവരുത്തിയാണ് ബിഗ് ബോസ് കാര്യം അവതരിപ്പിച്ചത്. അതിനിടെ പരീക്കുട്ടിയെ വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും അവിടെനിന്ന് പുറത്തേക്ക് മാറ്റുകയും ചെയ്തു. പരീക്കുട്ടി പോയതിന് ശേഷം അയാളുടെ അസുഖത്തെക്കുറിച്ചും അതില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതിനെക്കുറിച്ചും മറ്റുള്ളവര്‍ കൂടിയിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.