മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്‌നം ഉലച്ച സീസണാണ് ഇത്തവണത്തെ ബിഗ് ബോസ്. കണ്ണിനസുഖം മൂലം പലരെയും രണ്ടാഴ്ചയോളം മാറ്റിനിര്‍ത്തേണ്ടതായി വന്നിരുന്നു. കണ്ണിന്റെ ഇന്‍ഫെക്ഷന്‍ ഭേദമാവാത്തതിനെത്തുടര്‍ന്ന് ഇപ്പോഴും പലരും ഹൗസിന് പുറത്തുമാണ്. കണ്ണിനസുഖം വന്ന് ഭേദമായി തിരിച്ചെത്തിയ പവന്‍ ജിനോ തോമസ് നടുവിന് വേദനയെത്തുടര്‍ന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ട് പുറത്ത് പോവുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരാളും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ബിഗ് ബോസിനോട് ചികിത്സ ആവശ്യപ്പെട്ടിരിക്കുകയാണ്. സീസണ്‍ രണ്ടില്‍ ഏറ്റവുമധികം തവണ ക്യാപ്റ്റനായ പാഷാണം ഷാജിയാണ് തനിക്കുള്ള ആരോഗ്യപ്രശ്‌നം ബിഗ് ബോസിനോട് പറഞ്ഞത്. തുടര്‍ന്ന് ബിഗ് ബോസ് വിദഗ്ധ ചികിത്സയ്ക്കായി ഷാജിയെ ഹൗസില്‍നിന്ന് മാറ്റുകയും ചെയ്തു.

 

ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ ഒരു ക്യാമറയുടെ മുന്നിലെത്തി ഷാജി തനിക്കുള്ള ആരോഗ്യപരമായ പ്രശ്‌നത്തെക്കുറിച്ച് പറയുകയായിരുന്നു. 'വയ്യായ്ക' ഉണ്ടെന്നായിരുന്നു ഷാജിയുടെ വാക്കുകള്‍. പിന്നാലെ ബിഗ് ബോസ് ഷാജിയെ കണ്‍ഫെഷന്‍ മുറിയിലേക്ക് രണ്ട് തവണ വിളിപ്പിച്ചു. രണ്ടാമത്തെ തവണ അദ്ദേഹത്തെ പുറത്തേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവിടെ ആളുമുണ്ടായിരുന്നു. വന്നയാള്‍ക്കൊപ്പം ഷാജി പോവുകയായിരുന്നു.

പിന്നാലെ മത്സരാര്‍ഥികളോട് ഹാളില്‍ ഒത്തുകൂടാന്‍ ആവശ്യപ്പെട്ട ബിഗ് ബോസ് ഇക്കാര്യം അനൗണ്‍സ് ചെയ്യുകയും ചെയ്തു. 'ഷാജിയെ ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ ബിഗ് ബോസ് വീട്ടില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അസുഖം ഭേദമായാലുടന്‍ ഷാജി ഇവിടെ തിരിച്ചെത്തുന്നതായിരിക്കും', ബിഗ് ബോസ് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞു. വാര്‍ത്ത മിക്കവര്‍ക്കും അപ്രതീക്ഷിതമായിരുന്നുവെങ്കില്‍ ആര്യയാണ് ഇതിനോട് ഏറ്റവും വൈകാരികമായി പ്രതികരിച്ചത്. ശബ്ദമടക്കി കരയുന്ന ആര്യയെ അവിടെ കാണാമായിരുന്നു. സീസണ്‍ രണ്ടില്‍ ഏറ്റവുമധികം തവണ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച ഷാജിയാണ് ഈ വാരത്തിലും ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍.