ബിഗ് ബോസ് വീട്ടില്‍ കുറച്ചുദിവസം മാത്രം ഉണ്ടായിരുന്ന ഒരു താരമാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി മാറാന്‍ ഈ കുറ‍ഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ താരത്തിന് സാധിച്ചിരുന്നു. രജിത്തുമായുള്ള ചങ്ങാത്തവും വീട്ടിലെ വഴക്കും എല്ലാം പവന്‍റെ സാന്നിധ്യം വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ അസുഖ ബാധിതനായി ഒടുവില്‍ പവന്‍ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. ടാസ്കിനിടെ ഡിസ്കിന് പറ്റിയ പരിക്കായിരുന്നു കാരണം.

ഇപ്പോഴിതാ താരം നേരത്തെ പറ‍ഞ്ഞതുപോലെ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് പവന്‍. തന്‍റെ ലക്ഷ്യം സിനിമയാണെന്ന് നേരത്തെ പവന്‍ പറഞ്ഞിരുന്നു. തന്‍റെ ആദ്യ ചിത്രത്തിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പവന്‍. ഹായ് കേരളാ ഫാമിലി, എന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്കിത് സാധിക്കുന്നത്. നിങ്ങളോട് നന്ദി പറഞ്ഞാല്‍ തീരില്ല. എപ്പോഴും നിങ്ങളുടെ സ്‌നേഹം എനിക്ക് വേണം. എന്റെ കഴിവിന് അനുസരിച്ച് ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കും."- എന്ന് പവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രിസണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കാണ് പവന്‍ പുറത്തുവിട്ടിരിക്കുന്നത്. ജിനു സേവ്യറാണ് സംവിധായകന്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും ജിനു തന്നെയാണ്. ആന്‍മേരി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ മലയാളിയായ പവൻ ജിനോ തോമസ് മോഡലാണ്. 2019 ലെ മിസ്റ്റർ കേരളയിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. താനിക്ക് പ്രധാന വരുമാനമൊന്നുമില്ലെന്നും സിനിമയെന്ന ലക്ഷ്യവുമായാണ് നടക്കുന്നതെന്നും പവന്‍ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞിരുന്നു.