ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയും തമിഴും മലയാളവും എന്നു വേണ്ട പുറത്തിറങ്ങയവയ്ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ലഭിച്ചത്. ഹിന്ദിയില്‍ ആദ്യമായി വന്ന ബിഗ് ബോസ് ഷോ പിന്നീട് മലയാളം അടക്കം തെന്നിന്ത്യന്‍ ഭാഷകളിലും ജനപ്രീതി നേടി.  നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് വന്‍ ഹിറ്റായി. ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷിന്‍റെയും പേളി മാണിയുടെ അടുത്തിടെ വിവാഹിതരായതും ഷോയുടെ മറ്റൊരു മധുരമായി.

പുതിയ വാര്‍ത്ത തമിഴ് ബിഗ് ബോസിന്‍റെ മൂന്നാം പതിപ്പ് വരുന്നു എന്നതാണ്. 2017 ജൂണിലാണ് തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ സംപ്രേക്ഷണം ആരംഭിച്ചത്. 105 ദിവസം ഷോ സംപ്രേഷണം ചെയ്തിരുന്നു. തമിഴിന്റെ ആദ്യ പതിപ്പില്‍ ആരവായിരുന്നു വിജയി ആയി മാറിയിരുന്നത്.  കമല്‍ഹാസന്റെ അവതരണം കൊണ്ടായിരുന്നു ബിഗ് ബോസ് തമിഴ് വന്‍ വിജയമായി തീര്‍ന്നത്.

എന്നാല്‍ പുതിയ പതിപ്പില്‍ കമല്‍ ഹാസന്‍ ഉണ്ടാകുമോ എന്നതായിരുന്നു ആകാംഷയോടെയുള്ള ചോദ്യം.  പുതിയ ബിഗ് ബോസില്‍ അവതരണത്തിന് എത്തുന്നത് നയന്‍താരയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല‍് ഈ വാര്‍ത്തകളോട് നയന്‍താര പ്രതികരിച്ചിരുന്നില്ല. പരിപാടി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചതോടെ കമല്‍ ഹാസന്‍ തന്നെ പുതിയ സീസണിലും എത്തുമെന്നാണ് സൂചന. 

വിജയ് ടെലിവിഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ബിഗ് ബോസ് 3 ാം സീസന്‍റെ ആദ്യ പ്രൊമോ പുറത്തുവന്നിരുന്നത്. പ്രോമോയില്‍ കമല്‍ ഹാസന്‍ തന്നെയാണ് ആങ്കര്‍ ആയി കാണുന്നത്. മക്കള്‍ നീതി മയ്യം രൂപീകരിച്ചതുകൊണ്ട് കമല്‍ഹാസന്‍ ഇത്തവണ ബിഗ്‌ബോസില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍.