ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് 73-ാം ദിവസം എത്തിനില്‍ക്കുമ്പോള്‍ ടാസ്‌കുകള്‍ പലപ്പോഴും സംഘര്‍ഷഭരിതമായിട്ടുണ്ട്. അതില്‍ത്തന്നെ വീക്ക്‌ലി ടാസ്‌കുകളായിരുന്നു പലപ്പോഴും സംഘര്‍ഷം സൃഷ്ടിച്ചതില്‍ മുന്നില്‍. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കും അതില്‍നിന്ന് ഭിന്നമായിരുന്നില്ല. അത്തരത്തില്‍ 'ഫിസിക്കല്‍ ഗെയി'മിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള ഒരു ടാസ്‌ക് ആണ് ഇത്തവണ വീക്ക്‌ലി ടാസ്‌ക് ആയി ബിഗ് ബോസ് നല്‍കിയതും.

'തലയണമന്ത്രം' എന്നായിരുന്നു ഇന്നലെ ആരംഭിച്ച ടാസ്‌കിന്റെ പേര്. രണ്ട് ടീമുകളായി തിരിച്ചായിരുന്നു ടാസ്‌ക്. ദയയെയും അമൃത-അഭിരാമിയെയും ക്യാപ്റ്റന്മാരാക്കി ബിഗ് ബോസ് തന്നെ ഈ ടാസ്‌കിനുവേണ്ടി രണ്ട് ടീമുകളെ പ്രഖ്യാപിക്കുകയായിരുന്നു. ദയയുടെ ടീമില്‍ ആര്യ, ഫുക്രു, പാഷാണം ഷാജി, എലീന എന്നിവരും. അമൃത-അഭിരാമിമാരുടെ ടീമില്‍ രഘു, സുജോ, അലസാന്‍ഡ്ര എന്നിവരും. ഭിത്തിക്കപ്പുറത്തുനിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെയാണ് പഞ്ഞിയും തലയണക്കവറും അടക്കം തലയണനിര്‍മ്മാണത്തിന് ആവശ്യമുള്ള സാധനങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. ഇവ കൂടുതല്‍ കരസ്ഥമാക്കാന്‍ ഇരുടീമുകള്‍ക്കുമിടയില്‍ ഇന്നലെമുതലേ വാശി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതേ ടാസ്‌ക് തുടര്‍ന്നപ്പോള്‍ വാശി അതിരുവിട്ട് കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായി. 

 

കണ്‍വെയര്‍ ബെല്‍റ്റിലൂടെ സാമഗ്രികള്‍ പുറത്തുവരുന്നതിന് മുന്‍പ് ദ്വാരത്തിലൂടെ കൈയ്യും തലയുമൊക്കെ അകത്തേക്കിടുന്നു എന്ന് പറഞ്ഞ് ഫുക്രുവും സുജോയുമാണ് പരസ്പരം തര്‍ക്കം ആരംഭിക്കുന്നത്. പിന്നീട് ഷാജിയും രഘുവും മറ്റുള്ളവരുമൊക്കെ ഇത് ഏറ്റുപിടിച്ചു. ഒരു വശത്ത് ഫുക്രുവും ഷാജിയും, മറുവശത്ത് സുജോയും വാശിയോടെ തര്‍ക്കിക്കുന്ന അവസ്ഥയിലേക്കും കൈയ്യാങ്കളിയുടെ വക്കിലേക്കും കളം മാറി. ബിഗ് ബോസ് ഉടന്‍ തന്നെ മത്സരം നിര്‍ത്തിവച്ച് മൂന്നുപേരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. സുജോയ്‌ക്കൊപ്പം ബിഗ് ബോസ് തന്നെയും വിളിച്ചെന്ന് തെറ്റിദ്ധരിച്ച് രഘുവും അവിടേക്ക് എത്തി. നാല് പേരോടും ബിഗ് ബോസ് കൈയ്യാങ്കളി ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി.

'എല്ലാവരും ടാസ്‌കുകളെ മത്സരബുദ്ധിയോടെ കാണുക. പക്ഷേ ശാരീരികമായ ആക്രമണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. നിങ്ങള്‍ നല്ല രീതിയില്‍ തന്നെ കളിച്ച് മുന്നേറുക. പക്ഷേ ശാരീരികമായ സംഘട്ടനങ്ങള്‍ നടത്താന്‍ പാടുള്ളതല്ല. അത് ഈ വീട്ടിലെ നിയമങ്ങള്‍ക്ക് എതിരാണ്', ബിഗ് ബോസ് പറഞ്ഞുനിര്‍ത്തി. ആര്‍ക്കെങ്കിലും ഡോക്ടറുടെ സേവനം ആവശ്യമുണ്ടോ എന്നും ബിഗ് ബോസ് തുടര്‍ന്ന് ചോദിച്ചു. ഇതനുസരിച്ച് സുജോയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തു ബിഗ് ബോസ്.