സുജോ മാത്യുവും എലീന പടിക്കലും തമ്മില്‍ ബിഗ് ബോസ് ഹൗസില്‍ വന്‍ തര്‍ക്കം. അലസാന്‍ഡ്രയോട് എലീന പറഞ്ഞ ഒരു വാചകമാണ് സുജോയെ പ്രകോപിപ്പിച്ചത്. എലീനയും അലസാന്‍ഡ്രയും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. സുജോയുടെ കട്ടിലിനരികെ മറ്റ് കട്ടിലുകളിലായി രജിത് കുമാറും സോമദാസും ഉണ്ടായിരുന്നു. 'നീ എന്തിനാണ് ഈ അലവലാതികളോടൊക്കെ സംസാരിക്കാന്‍ പോകുന്നതെ'ന്നായിരുന്നു എലീന പറഞ്ഞ വാചകം. പതുക്കെയാണ് പറഞ്ഞതെങ്കിലും ഇതുകേട്ട സുജോ ചാടി എണീയ്ക്കുകയായിരുന്നു.

എന്തിനാണ് ഇത്ര ഷോ കാണിക്കുന്നതെന്നും തന്നോട് ബഹുമാനക്കുറവ് കാട്ടിയെന്നും എലീനയെക്കുറിച്ച് സുജോ പറഞ്ഞു. എന്നാല്‍ ആദ്യമൊന്നും താന്‍ അത്തരത്തില്‍ സംസാരിച്ചെന്ന് എലീന സമ്മതിക്കുന്നുണ്ടായിരുന്നില്ല. പറയുന്നത് പിന്നീട് വളച്ചൊടിക്കരുതെന്നും സംസാരിക്കാന്‍ പഠിക്കെന്നുമൊക്കെ സുജോ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്ക് ബഹളം കേട്ട് വീട്ടിലെ മറ്റംഗങ്ങളും ഈ സ്ഥലത്തേക്ക് എത്തി. എലീന സീന്‍ ക്രിയേറ്റ് ചെയ്യാനുള്ള ശ്രമമാണെന്നും എ്ത് ധൈര്യത്തിലാണ് തന്നെ അങ്ങനെ വിളിച്ചതെന്നും സുജോ ചോദിക്കുന്നുണ്ടായിരുന്നു. 

എന്നാല്‍ കുറേസമയം കഴിഞ്ഞ് എലീന സുജോയോട് വന്ന് ക്ഷമ ചോദിക്കുന്നതും ഇന്നത്തെ എപ്പിസോഡില്‍ കണ്ടു. സുജോയെയോ അവിടെ അപ്പോള്‍ ഉണ്ടായിരുന്ന രജിത്തിനെയോ സോമദാസിനെയോ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എലീന പറഞ്ഞു.