ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള പുതിയ വീക്ക്‌ലി ടാസ്‌ക് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്. മത്സരാര്‍ഥികളുടെ ക്ഷമയെയും സഹനശക്തിയെയും പരീക്ഷിക്കുന്ന ഗെയിം ഇന്നലത്തെ എപ്പിസോഡിലും വലിയ വാക്കുതര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കിയിരുന്നു. ഇന്നത്തെ എപ്പിസോഡിലും അത് തുടരുന്ന കാഴ്ചയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍.

ഇന്നലത്തെ എപ്പിസോഡില്‍ രജിത്തും രേഷ്മയും തമ്മിലും ഫുക്രുവും വീണ നായരും തമ്മിലുമാണ് മത്സരം നടന്നതെങ്കില്‍ ഇന്നത്തെ ആദ്യത്തെ അവസരം അലസാന്‍ഡ്രയ്ക്കും പവന്‍ ജിനോ തോമസിനുമായിരുന്നു. ടീം ബിയ്ക്കാണ് ഇന്ന് ഉപഭോക്താക്കളാവാന്‍ അവസരം എന്നതിനാല്‍ അലസാന്‍ഡ്ര ഉപഭോക്താവും പവന്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവും ആയിരുന്നു. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെക്കൊണ്ട് കോള്‍ കട്ട് ചെയ്യിക്കുക എന്നതാണ് ലക്ഷ്യം എന്നതിനാല്‍ മറ്റുള്ളവര്‍ ഇന്നലെ ചെയ്തതുപോലെ പവനെ വ്യക്തിപരമായി ഏറ്റവുമധികം അസ്വസ്ഥനാക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു അലസാന്‍ഡ്ര.

 

23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവില്‍ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്കുള്ളതെന്നും അലസാന്‍ഡ്ര ചോദിച്ചു. ചെന്നൈയിലേക്ക് വീട്ടുകാര്‍ വിട്ടിരിക്കുക പഠിക്കാന്‍ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവന്‍ ചെയ്തതെന്നും അലസാന്‍ഡ്ര ആരോപിച്ചു. മാത്രമല്ല പണം നോക്കിയാണ് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നുകൂടി അലസാന്‍ഡ്ര പറഞ്ഞു. പരിശ്രമിച്ചിട്ടാണെങ്കിലും അലസാന്‍ഡ്രയുടെ വാക്കുകള്‍ ഏറെ ക്ഷമയോടെയാണ് പവന്‍ കേട്ടിരുന്നത്. ഒരിക്കല്‍പ്പോലും മോശം വാക്കുകള്‍ ഉപയോഗിക്കാതെയും, തിരിച്ച് ആരോപണങ്ങള്‍ ഉയര്‍ത്താതെയും അലസാന്‍ഡ്ര പറഞ്ഞതെല്ലാം പവന്‍ കേട്ടിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചതായ ബിഗ് ബോസിന്റെ ബസര്‍ ശബ്ദം എത്തിയതോടെ കളി മാറി.

മത്സരത്തിനുവേണ്ടി ബിഗ് ബോസ് സജ്ജീകരിച്ച കോള്‍ സെന്റര്‍ ക്യാബിനില്‍ വിങ്ങിപ്പൊട്ടുന്ന പവനെ കാണാമായിരുന്നു. ഫുക്രുവും ആര്യയും രജിത്തും ഉള്‍പ്പെടെയുള്ള മറ്റ് ടീം അംഗങ്ങള്‍ ആശ്വസിപ്പിച്ചാണ് പവനെ ഹാളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെവച്ച് അലസാന്‍ഡ്രയോട് പവന്‍ നിയന്ത്രണംവിട്ട് പെരുമാറുകയായിരുന്നു. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കില്‍ തനിക്കും കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് പവന്‍ പറഞ്ഞുതുടങ്ങിയത്.

 

സുജോയ്ക്ക് പുറത്ത് ഗേള്‍ഫ്രണ്ട് ഉണ്ടെന്നും അത് അറിഞ്ഞിട്ടും സുജോയുടെ പിറകെ നടക്കാന്‍ നാണമില്ലേയെന്നും പവന്‍ ചോദിച്ചു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേള്‍ഫ്രണ്ടഡ് ഇല്ലേ പുറത്തെന്നും പവന്‍ ചോദിച്ചു. ആരാടാ എന്റെ ഗേള്‍ഫ്രണ്ട് എന്നായിരുന്നു സുജോയുടെ തിരിച്ചുള്ള ചോദ്യം. 'സഞ്ജന നിന്റെ ഗേള്‍ഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവന്റെ മറുചോദ്യം. 'ഉളുപ്പില്ല' എന്ന് സുജോയുടെ മറുപടി. 'ഇവളും എന്റെ ഗേള്‍ഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തര്‍ക്കത്തിനിടെ സുജോ അലസാന്‍ഡ്രയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. 

ഹൗസിനുള്ളില്‍വച്ച് നടന്ന തര്‍ക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീമംഗങ്ങള്‍ക്ക് ഒപ്പമിരിക്കുമ്പോഴും പവന്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. 'സഞ്ജനയും സുജോയും ഞാനും ഒരുമിച്ച് ഹാങ്ഔട്ട് ചെയ്തിട്ടുള്ളതാ, അറിയാമോ', പവന്‍ ചോദിച്ചു. 'സുജോയുടെ കൈയിലുള്ള ആ മഞ്ഞ ജാക്കറ്റ്, 5000 രൂപയുടെ ജാക്കറ്റ് സുജോയുടെ ഗേള്‍ഫ്രണ്ട് എന്റെ കൈയില്‍ തന്നതാ, പിറന്നാള്‍ സമ്മാനമായി കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞ്.. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ എനിക്ക് അറിയത്തില്ലെന്ന്. എനിക്ക് ഗേള്‍ഫ്രണ്ട് ഇല്ലെന്ന്..', പവന്‍ പറഞ്ഞുനിര്‍ത്തി.