കഴിഞ്ഞ വാരാന്ത്യത്തിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസ് ഹൗസിനെ ആകെ മാറ്റിമറിച്ചിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും ആദ്യദിനങ്ങളില്‍ത്തന്നെ പ്രേക്ഷകരുടെ കൗതുകം നേടിയെടുക്കുന്നതില്‍ വിജയിച്ചു. ജസ്ലയും രജിത്കുമാറുമായി ആദ്യ ദിനങ്ങളില്‍ തന്നെ പല വിഷയങ്ങളില്‍ വാക്കുതര്‍ക്കം ആരംഭിച്ചിരുന്നു. അവര്‍ക്കിടയിലുണ്ടായ അത്തരത്തില്‍ ഒരു തര്‍ക്കത്തിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്.

ഫുക്രു, തെസ്‌നി ഖാന്‍, രഘു എന്നിവര്‍ക്കൊപ്പം വീടിന് പുറത്തുള്ള ലോണില്‍ ഇരിക്കുകയായിരുന്നു ജസ്ല. അപ്പോഴാണ് രജിത്കുമാറിന്റെ അങ്ങോട്ടേക്കുള്ള കടന്നുവരവ്. രജിത്തിനോട് ദയ അശ്വതി പുലര്‍ത്തുന്ന താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഡോക്ടറെ ഇവിടെയൊരാള്‍ സ്‌നേഹിക്കുന്നുണ്ടന്ന് പറഞ്ഞ് അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചത് തെസ്‌നി ഖാന്‍ ആയിരുന്നു. അടുത്തിരിക്കുന്ന ഫുക്രുവിനോട് ഉടന്‍ ജസ്ലയും ഇക്കാര്യം പറഞ്ഞു. 'ചേച്ചി ഇന്നലെ ആത്മാര്‍ഥമായ പറഞ്ഞതാണെ'ന്നായിരുന്നു ജസ്ലയുടെ പ്രതികരണം. എന്നാല്‍ നമ്മള്‍ തമ്മില്‍ തെറ്റാനുള്ള അവസരം ഉണ്ടാക്കരുതെന്ന് പറയുകയായിരുന്നു ജസ്ലയോട് രജിത് കുമാര്‍.

എന്നാല്‍ നിങ്ങളുടെ കുറ്റമല്ലല്ലോ പറഞ്ഞതെന്നും നേരിട്ടല്ലേ പറഞ്ഞതെന്നും ജസ്ല രജിത്തിനോട് പ്രതികരിച്ചു. ഇനി ജസ്ലയില്‍നിന്ന് ഇത് കേള്‍ക്കരുതെന്നും അല്ലെങ്കില്‍ ഇതുവരെ കാണാത്ത രജിത്തിനെ ചിലപ്പോള്‍ കാണേണ്ടിവരുമെന്നും അവിടെയുള്ള എല്ലാവരോടുമായി രജിത്കുമാര്‍ പറഞ്ഞു. വേണ്ടാത്ത ചര്‍ച്ച പ്രോത്സാഹിപ്പിക്കരുതെന്നും അവിടെ കൂടിയ മറ്റ് മത്സരാര്‍ഥികളോട് രജിത് അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.