ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഏറ്റവും പുതിയ എപ്പിസോഡില്‍ രജിത്തിനോട് പൊട്ടിത്തെറിച്ച് രേഷ്മ. നിലവില്‍ ഹൗസിനുള്ളിലെ ചുമതലകളില്‍ ഹൗസ് കീപ്പിംഗിനുള്ള ടീമിലാണ് രജിത് കുമാര്‍. വീട് വൃത്തിയാക്കുന്നതിനിടെ രജിത് തന്റെ കിടക്ക വൃത്തിയാക്കിയെന്നും കമ്പിളി മടക്കിവച്ചെന്നും അതിന്റെ ആവശ്യമില്ലെന്നും രേഷ്മ പറയുകയായിരുന്നു. ക്യാപ്റ്റനടക്കം (പ്രദീപ് ചന്ദ്രന്‍) മിക്ക അംഗങ്ങളും അടുത്തുള്ളപ്പോള്‍ ഇരുവരും തമ്മില്‍ ഈ വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസം കടുത്ത തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.

കിടക്കയും വൃത്തിയാക്കുക ഹൗസ് കീപ്പിംഗില്‍ ഉള്ളവരുടെ ഡ്യൂട്ടിയാണെന്നും അതേ താനും ചെയ്തുള്ളൂ എന്നുമായിരുന്നു രജിത്തിന്റെ മറുപടി. എന്നാല്‍ കിടക്ക വൃത്തിയാക്കല്‍ ഹൗസ് കീപ്പിംഗ് ഡ്യൂട്ടിയില്‍ പെടില്ലെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും ഇനി അത് ചെയ്യരുതെന്നും രേഷ്മ പറയുകയായിരുന്നു. അടുത്തുനിന്നിരുന്ന മറ്റുള്ളവരില്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമുള്ളവരും ഉണ്ടായിരുന്നു.

 

വീണയാണ് കിടക്കയിലെ പുതപ്പ് മടക്കിവെക്കുന്നതും ഹൗസ് കീപ്പിംഗിന്റെ ഭാഗമാണെന്ന് ആദ്യം വാദിച്ചത്. ഫുക്രു ഉള്‍പ്പെടെ പലരും അത് ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വീണ സുരേഷിനോട് പറഞ്ഞു. ക്യാപ്റ്റന്‍ പ്രദീപ് ചന്ദ്രനും അത് സാധാരണ ഹൗസ് കീപ്പിംഗിലുള്ളവര്‍ ചെയ്യുന്ന ജോലിയാണെന്ന് അഭിപ്രായപ്പെട്ടു. പ്രദീപ് പിന്നീട് രജിത്തിനോട് മാത്രമായി സംസാരിക്കുകയും ചെയ്തു. ഇതിനായി വേണമെങ്കില്‍ ഒരു മീറ്റിംഗ് വിളിക്കാമെന്നും പ്രദീപ് രജിത്തിനോട് പറഞ്ഞു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമൊക്കെ നിത്യേനയെന്നോണം മാറിമറിയുന്നുണ്ട്.