ബിഗ് ബോസ് ഹൗസില്‍ സ്‌നേഹവും ദ്വേഷവും ഉള്ള ബന്ധമാണ് രജിത് കുമാറിനും സുജോ മാത്യുവിനുമിടയിലുള്ളത്. തുടക്കത്തില്‍ നല്ല സൗഹൃദമുണ്ടായിരുന്ന ഇരുവര്‍ക്കുമിടയില്‍ ദിവസങ്ങള്‍ പോകവെ സൗഹൃദം കുറഞ്ഞുവരികയായിരുന്നു. നേരത്തേ ഒന്നില്‍ കൂടുതല്‍ തവണ ഇവര്‍ക്കിടയില്‍ വലിയ വഴക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അടിയുടെ വക്കിലെത്തിയ പൊട്ടിത്തെറികള്‍ എന്ന് പറയാം. അത്തരത്തിലൊരു പൊട്ടിത്തെറി ബിഗ് ബോസ് ഹൗസില്‍ ഇന്നും സംഭവിച്ചു. അലസാന്‍ഡ്ര ഉള്‍പ്പെടെയുള്ള സ്ത്രീകളോട് അടുപ്പം സൂക്ഷിക്കുന്ന സുജോയെ ഒരു മോശം വാക്ക് ഉപയോഗിച്ച് വിളിക്കുകയായിരുന്നു രജിത്. ഇതില്‍ കുപിതനായ സുജോ രജിത്തിന്റെ അടുത്തേക്കെത്തി വെല്ലുവിളി നടത്തുകയായിരുന്നു.

'താന്‍ ഇറങ്ങാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തന്നെ തീര്‍ത്തിട്ടേ ഞാനിവിടെനിന്ന് പോകൂ', സുജോ രജിത്തിനോട് പറഞ്ഞു. എന്നാല്‍ രജിത്തിന്റെ രോഷപ്രകടനത്തിനിടെ പ്രക്ഷുബ്ധനാകാതെ പുഞ്ചിരിക്കുന്ന മുഖത്തോടെ തുടര്‍ന്നു രജിത് കുമാര്‍. 'നീ തീര്‍ത്തേക്കണം, ബാക്കിവെക്കരുത്', രജിത് പ്രതികരിച്ചു. തൊട്ടടുത്ത ടേബിളില്‍ മുഷ്ടി ചുരുട്ടി ഒരു ഇടിയും ഇടിച്ചാണ് സുജോ പിന്‍വാങ്ങിയത്. സുജോ കയ്യാങ്കളിയിലേക്ക് നീങ്ങിയാലോ എന്ന ഭയത്താല്‍ അലസാന്‍ഡ്ര തൊട്ടടുത്ത് നില്‍പ്പുണ്ടായിരുന്നു. ഇത്രയും ആയപ്പോഴേക്കും മറ്റംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചു. വാക്കാല്‍ പുള്ളിയോട് എന്തും പറഞ്ഞോളൂവെന്നും എന്നാല്‍ കൈ കൊണ്ട് ഒന്നും ചെയ്യരുതെന്നുമായിരുന്നു അവിടെയെത്തിയ മഞ്ജു പത്രോസ് സുജോയോട് പറഞ്ഞത്.

 

ബെഡ്‌റൂമില്‍ മിക്ക മത്സരാര്‍ഥികളും ഇരിക്കുമ്പോള്‍ പ്രസംഗങ്ങളില്‍ രജിത് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിക്കുകയായിരുന്നു ജസ്ല. പെണ്‍കുട്ടികളുള്ള സദസ്സില്‍ രജിത് നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് സൂചിപ്പിച്ച ജസ്ല അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ജസ്ല രംഗം വിട്ടപ്പോള്‍ അടുത്തിരുന്ന അലസാന്‍ഡ്ര യഥാര്‍ഥത്തില്‍ രജിത് എന്താണ് അന്ന് പ്രസംഗിച്ചതെന്ന് ചോദിച്ചതിനെ രജിത് പരിഹസിക്കുകയായിരുന്നു. രജിത് ഉത്തരം മുട്ടിയതുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്ന് പറഞ്ഞ സുജോയെ രജിത് മോശം വാക്കാല്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായി രജിത്തിനടുത്തേക്ക് എത്തുകയായിരുന്നു സുജോ.