ബിഗ് ബോസ്സില്‍ ആകാംക്ഷ നിറഞ്ഞ രംഗമാണ് എവിക്ഷൻ ഘട്ടം. അതുപോലെ മറ്റൊരു പ്രധാന രംഗം ലക്ഷ്വറി ടാസ്‍ക്കിന്റെതാണ്. അതിന്റെ ഗെയിമാണ് ആകര്‍ഷണം. ഓരോ ആഴ്‍ചത്തെയും ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ക്കുള്ളതാണ് ലക്ഷ്വറി ടാസ്‍ക്. ലക്ഷ്വറി ടാസ്‍കില്‍ മികവ് കാട്ടിയാലെ ആ ആഴ്‍ചത്തെ ചെലവിന് മതിയായ പോയന്റുകള്‍ കിട്ടുകയുളളൂ.

മണി മുഴങ്ങുന്ന ടൈംപീസ് കണ്ടുപിടിക്കാനായിരുന്നു കഴിഞ്ഞ തവണത്തെ ടാസ്‍ക്. ഇത്തവണ മറ്റൊരു ഗെയിമായിരുന്നു നിര്‍ദ്ദേശിച്ചത്. ഓരോ തവണയും വ്യത്യസ്‍തമാകും ഗെയിം. ഒരു ആഢംബര ഹോട്ടലുമായി ബന്ധപ്പെട്ടായിരുന്നു ടാസ്‍ക്. ഹോട്ടലില്‍ താമസിക്കാൻ വരുന്നവരാണ് രജിത് കുമാറും ജസ്‍ലയും. രണ്ടുപേരും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരാണ് എന്നും അതിഥികളുടെ കയ്യിലാണ് പോയന്റുകള്‍ ഉള്ളത് എന്നും ബിഗ് ബോസ് പറഞ്ഞു. ആര്യ ഹോട്ടലിന്റെ മാനേജറായി.  പ്രദീപ് ചന്ദ്രനും ദയ അശ്വതിയും റൂം സര്‍വീസ് ആണ് ചെയ്യേണ്ടത്. പാഷാണം ഷാജി ചീഫ് കുക്കും തെസ്‍നി ഖാൻ സഹായിയുമായി. മഞ്ജു പത്രോസ് ഹോട്ടലിലെ കലാകാരിയായി. ഫുക്രുവും എലീനയും ഹൌസ് കീപ്പിംഗ് ആണ് ടാസ്‍കില്‍. അലസാൻഡ്ര സെക്യൂരിറ്റിയും. സുജോ മസാജ് ചെയ്യുന്ന ആളും. രഘുവും വീണയും രേഷ്‍മയും ഹോട്ടലില്‍ ജോലിക്ക് അപേക്ഷിച്ചിട്ടുള്ള തൊഴില്‍ രഹിതരും.

അങ്ങനെ ഗെയിം തുടങ്ങി. രജിത് കുമാറും ജസ്‍ലയും ബിഗ് ബോസ് ഹോട്ടലിലേക്ക് എത്തി. ഊഷ്‍മളമായ സ്വീകരണമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ഹോട്ടലിന്റെ മാനേജറായ ആര്യയും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് ജീവനക്കാരെ എല്ലാവരെയും രജിത് കുമാറും ജസ്‍ലയും പരിചയപ്പെടുകയും ചെയ്‍തു. വെല്‍കം ഡ്രിങ്ക് കുടിച്ചതിന് ശേഷം മുറിയില്‍ വിശ്രമിക്കാനും പോയി. അവിടെ വെച്ചാണ് പ്രശ്‍നങ്ങള്‍ തുടങ്ങിയത്. ബാത്ത് റൂമില്‍ കയറിയ ജസ്‍ല ടിഷ്യൂ പേപ്പര്‍ ഇല്ലെന്ന് പറഞ്ഞ് ഒച്ചവെച്ചു. രജിത് കുമാറും ദേഷ്യപ്പെട്ടു. മാനേജര്‍ ആര്യ ഓടിവരികയും ടിഷ്യു പേപ്പര്‍ വയ്‍ക്കാൻ നിര്‍ദ്ദേശിക്കുകയും ചെയ്‍തു. അതിനിടിയില്‍ തൊഴില്‍ രഹിതര്‍ അഭിമുഖത്തിനായി കാത്തിരിക്കുന്ന രംഗവും ഉണ്ടായിരുന്നു. രസകരമായ തമാശകളിലൂടെയും ഡയലോഗുകളിലൂടെയുമാണ് രഘുവും വീണയും രംഗങ്ങള്‍ കൈകാര്യം ചെയ്‍തത്.

ഗെയിം മുന്നേറുന്നതിനിടയിലാണ് ജസ്‍ലയും ദയ അശ്വതിയും തമ്മില്‍  പ്രശ്‍നമുണ്ടായത്. മെനു വായിക്കാൻ ജസ്‍ല ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്ന് ദയ അശ്വതി പറഞ്ഞു. അതോടെ ജസ്‍ല ദേഷ്യപ്പെട്ടു. മാനേജരായ ആര്യ ഉടൻ വരികയും ചെയ്‍തു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ടാണ്, താൻ വായിക്കാം എന്ന് ആര്യ പറഞ്ഞു. പക്ഷേ ജസ്‍ല ദേഷ്യത്തിലായിരുന്നു. അതിനിടയില്‍ ദയ അശ്വതി കരയുകയും ചെയ്‍തു.  ചെറിയ കാര്യത്തിന് എന്തിന് കരയുന്നത് എന്തിന് എന്ന് ജസ്‍ല ചോദിച്ചു. ഒടുവില്‍ ദയ അശ്വതിയെയും കൊണ്ട് ആര്യ പോകുകയും ചെയ്‍തു. തനിക്ക് ഇംഗ്ലിഷ് വായിക്കാൻ അറിയില്ലെന്നും താൻ ജോലിയില്‍ നിന്ന് പിൻമാറാമെന്നും ദയ അശ്വതി ആര്യയോട് പറഞ്ഞു. ഒടുവില്‍ ഇംഗ്ലീഷ് അറിയാവുന്ന രേഷ്‍മയെ ജോലിക്ക് എടുക്കാൻ പ്രദീപ് ചന്ദ്രൻ നിര്‍ദ്ദേശിക്കുകയും ചെയ്‍തു. അതിന് അനുമതി ചോദിക്കാൻ ആര്യ രജിത്തിന്റെയും ജസ്‍ലയുടെയും അടുത്തുപോയി. തന്നെ മാറ്റാൻ ജസ്‍ല സമ്മതിക്കില്ലെന്ന് ദയ അശ്വതി പറയുകയും ചെയ്‍തു. വെറുതെ ദയ അശ്വതിയുടെ ജോലി കളയണ്ട എന്ന് രജിത് കുമാറും  ജസ്‍ലയും പറയുകയും ചെയ്‍തു. വെറുതെ ദേഷ്യപ്പെടുകയായിരുന്നുവെന്ന് രജിത് കുമാര്‍ ജസ്‍ലയോട് പറഞ്ഞു. മെനു ഇംഗ്ലീഷിലാണ് അത് ദയ അശ്വതിക്ക് വായിക്കാൻ അറിയാത്തതാണ് എന്നും പറഞ്ഞു. ദയ അശ്വതിയെ തന്റെ സേവനത്തിന് നിര്‍ത്താം ജസ്‍ലയ്‍ക്കായി പ്രദീപ് ചന്ദ്രനെ വിടാം എന്നും പറഞ്ഞതല്ലേ, വേണ്ടെന്നു പറയുകയായിരുന്നില്ലേ എന്നും രജിത് കുമാര്‍ ചോദിച്ചു. തനിക്ക് ഫീമെയില്‍ തന്നെ വേണം എന്ന ജസ്‍ല പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഇംഗ്ലിഷ് വായിക്കാൻ അറിയാത്തവരോ എന്നും ജസ്‍ല ചോദിച്ചു. വേറെ ഏതെങ്കിലും നാട്ടുകാരായിരിക്കും എന്ന് രജിത് കുമാര്‍ പറഞ്ഞു.

അതിനിടിയില്‍ ആര്യയെ ബിഗ് ബോസ് വിളിപ്പിച്ചു. നിര്‍ദ്ദേശമില്ലാതെ ആരെയും ജോലിയില്‍ നിന്ന് മാറ്റരുത് എന്നു പറഞ്ഞു. അക്കാര്യം ആര്യ ദയ അശ്വതിയെ അറിയിച്ചു. ടാസ്‍ക് ആണ്, നമ്മുടെ ലക്ഷ്വറി പോയന്റുകള്‍ നഷ്‍ടപ്പെടുത്തരുത് എന്നും പറഞ്ഞു. എന്നാല്‍ പുറത്തുള്ള ദേഷ്യം ഇവിടെവെച്ച് തീര്‍ക്കാനാണ് ജസ്‍ല ശ്രമിക്കുന്നത് എന്ന് ദയ അശ്വതി പറഞ്ഞു. കഥാപാത്രമാണ് ഇപ്പോള്‍ ഗെയിം കഴിഞ്ഞ് പ്രതികരിക്കാമല്ലോ എന്ന് ആര്യയും മറ്റുള്ളവരും പറഞ്ഞു. എന്തായാലും വരട്ടേ, അവര്‍ തന്നോട് ദേഷ്യപ്പെടട്ടെ എന്ന് ദയ അശ്വതി കരഞ്ഞുപറയുകയും ചെയ്‍തു. എന്തായാലും ഗെയിമില്‍ അങ്ങനെ ആകാംക്ഷഭരിതമായ രംഗങ്ങളാണ് ഉണ്ടായത്.