ബിഗ് ബോസ് രണ്ടാം സീസണ്‍ അങ്ങേയറ്റം ആവേശം നിലനിര്‍ത്തിയാണ് മുന്നോട്ടുപോകുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് രോഗബാധയേറ്റതും തുടര്‍ന്നുള്ള സംഭവങ്ങളും ഷോയുടെ നിറം കെടുത്തുമെന്ന് കരുതിയെങ്കിലും , രോഗബാധയെ തുടര്‍ന്നുള്ള നാടകീയ സംഭവങ്ങളും ബിഗ് ബോസിനെ വലിയ കളികളിലേക്ക് നയിക്കുന്നതായിരുന്നു. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ കുറച്ചുപേര്‍ തിരിച്ചെത്തിയിരിക്കുകയാണ്. മത്സരത്തിന്‍റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞ ശേഷമാണ് അവര്‍ തിരിച്ചെത്തുന്നത്. അതില്‍ പ്രധാനം സുജോ, അലസാന്‍ഡ്ര എന്നിവരുടെ വരവാണ്. ആരും മറന്നുകാണാത്ത കഥയുടെ പുതിയ രൂപമാണ് ബിഗ് ബോസില്‍ ഇപ്പോള്‍ നടക്കുന്നത്. 

സുജോയുടെ പുതിയ പെരുമാറ്റ രീതിയും സംസാരവും താല്‍പര്യവുമെല്ലാമാണ് ശ്രദ്ധേയമാകുന്നത്. രജിത് കുമാറുമായി വലിയ തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിയിലേക്കും വരെ എത്തിയ നേരത്തെയുള്ള സുജോയല്ല, പുതിയ സുജോ. ശാന്തതയാണ് ഇപ്പോള്‍ സുജോയുടെ മുഖമുദ്ര. എല്ലാവരും പറയുന്നത് കേള്‍ക്കുന്നു. ശാന്തമായി മറുപടി പറയുന്നു. തന്‍റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറ‍ഞ്ഞ് ഒരു മാനസാന്തരം വന്ന കുഞ്ഞാടായി സുജോ മാറിയിരിക്കുകയാണ്.

ഇന്നലത്തെ എപ്പിസോഡില്‍ സുജോയോട് രജിത് പറഞ്ഞത് ഇങ്ങനെ... 'നേരത്തെ ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ.. ഇത് നിനക്ക് നല്ലതിനല്ലെന്ന്' ആ ചേട്ടന്‍ പറഞ്ഞിട്ടുണ്ടാകുമെന്നും പറ്റിപ്പോയി എന്നുമുള്ള തരത്തില്‍ സുജോയുടെ മറുപടി. അലസാന്‍ഡ്ര വിഷയത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ നമ്മള്‍ എപ്പിസോഡില്‍ കാണാത്ത ഒരു അണ്‍കട്ട് വീഡിയോയില്‍ സുജോയും രജിത്തും തമ്മിലുള്ള സംഭാഷണമാണ്  ഇപ്പോള്‍ പുതിയ ഗെയിം പ്ലാനുകളിലേക്ക് വെളിച്ചം വീശുന്നത്.

ഇനി അവസരങ്ങള്‍ ഇങ്ങോട്ട് വരുമെന്നും, ന്യായത്തിന് വേണ്ടി ഫൈറ്റ് ചെയ്യുമെന്നുമാണ് സുജോ പറയുന്നത്. ഇതുവരെ ചേട്ടനെതിരെ മാത്രമാണ് ഞാന്‍ വഴക്ക് പിടിക്കുന്നതെന്നും മറ്റുള്ളവരോട് അതിന് പേടിയാണെന്നും ചേട്ടന്‍ പറ‍ഞ്ഞത്, പക്ഷെ അത് തിരുത്തുമെന്ന് സുജോ സൂചന നല്‍കുന്നു. ഫുക്രുവിനെ ഒരു കാരണവശാലും വിശ്വസിക്കാന്‍ പറ്റില്ല, അവര്‍ പ്ലാന്‍ ചെയ്ത് അഭിനയിക്കുവാണോ എന്നുപോലും സംശയമുണ്ടെന്നും രജിത്തിന്‍റെ ചോദ്യത്തിന് സുജോ മറുപടി നല്‍കി.

ഞാന്‍ ഇവിടെയിരുന്ന് സംസാരിക്കുന്നത് കണ്ടാല്‍, പഴയതുപോലെ കേറി ഒട്ടാനുള്ള പ്ലാനാണെന്ന് അവര്‍ കരുതും. അങ്ങനെ കരുതിയാലും എനിക്ക് പ്രശ്നമില്ല. അതുപോലെ അന്ന് ചേട്ടനെ ഫുക്രു പിടിച്ച് തള്ളുന്നത് കണ്ടു. നേരത്തെ പറ‍ഞ്ഞതുപോലെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഞാന്‍ കൂടെയുണ്ടാകുമെന്നും സുജോ പറഞ്ഞു. എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കളികള്‍ വേറെ ലെവലാകുമെന്നതിന്‍റെ സൂചനകള്‍ സുജോയുടെ വാക്കുകളില്‍ വ്യക്തമാണ്.